പൂജ വസ്ത്രാകാർ
ന‍്യൂഡൽഹി: ഇന്ത‍്യൻ താരം പൂജ വസ്ത്രകാറിന് വുമൺസ് പ്രീമിയർ ലീഗിലെ ആദ‍്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാവും. പരുക്കാണ് താരത്തിന് വിനയായത്. നവംബറിൽ നടന്ന താര ലേലത്തിൽ 85 ലക്ഷം രൂപയ്ക്കാണ് വസ്ത്രാകാറിനെ ആർസിബി ടീമിലേക്ക് വിളിച്ചെടുത്തത്.
2024 ഒക്റ്റോബറിൽ നടന്ന ടി20 ലോകകപ്പിലാണ് പൂജ അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത്. 2023ൽ വുമൺസ് പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച താരം 16 മത്സരങ്ങളിൽ നിന്നും 126 റൺസും 7 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
പൂജയുടെ അഭാവത്തിൽ ആർസിബിക്കു വേണ്ടി ഇത്തവണത്തെ വുമൺസ് പ്രീമിയർ ലീഗിലെ ആദ‍്യ മത്സരത്തിൽ ഇംഗ്ലണ്ട് താരം ലിൻസി സ്മിത്താണ് കളിച്ചത്. 2 ഓവർ പന്തെറിഞ്ഞ താരം 23 റൺസാണ് വഴങ്ങിയത്. ഒറ്റ വിക്കറ്റ് പോലും വീഴ്ത്താൻ ലിൻസി സ്മിത്തിന് സാധിച്ചില്ല.
നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത‍്യൻസ് ഉയർത്തിയ 154 റൺസ് വിജയലക്ഷ‍്യം അവസാന ഓവറിലെ അവസാന പന്തിൽ ആർസിബി മറികടന്നു. 44 പന്തിൽ 63 റൺസടിച്ച് തകർപ്പൻ പ്രകടനം പുറത്തെടുത്ത നദീൻ ഡി ക്ലർക്കിന്‍റെ പ്രകടനമാണ് ടീമിന് തുണയായത്.