അബുദാബിയിൽ ഹോട്ടൽ താമസത്തിന് ഇനി 'മുഖം കാണിക്കണം'

 
Tech

അബുദാബിയിൽ ഹോട്ടൽ താമസത്തിന് ഇനി 'മുഖം കാണിക്കണം'

സന്ദർശകനെ തിരിച്ചറിയാൻ വേണ്ടി നടപ്പാക്കുന്ന മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യയുടെ ഭാഗമായിട്ടാണ് ഈ 'മുഖം കാണിക്കൽ'

അബുദാബി: അബുദാബിയിലെ ഹോട്ടലുകളിൽ റൂം ലഭിക്കണമെങ്കിൽ ഇനി മുതൽ 'മുഖം കാണിക്കേണ്ടി' വരുമെന്ന് അധികൃതർ. ആരുടെയും ഔദാര്യത്തിന് വേണ്ടിയല്ല, സന്ദർശകനെ തിരിച്ചറിയാൻ വേണ്ടി നടപ്പാക്കുന്ന മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യയുടെ ഭാഗമായിട്ടാണ് ഈ 'മുഖം കാണിക്കൽ'

ആദ്യ ഘട്ടത്തിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിലാണ് ഇത് നടപ്പാക്കുന്നത്. ക്രമേണ മറ്റ് ഹോട്ടലുകളിലേക്കും ഈ സാങ്കേതിക വിദ്യ വ്യാപിപ്പിക്കും.

ഹോട്ടലുകളിലെത്തുന്ന സന്ദർശകരുടെയും താമസക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായാണ് പുതിയ സംവിധാനമെന്ന് അധികൃതർ വിശദീകരിച്ചു. ഇതോടെ നടപടിക്രമങ്ങൾ ലളിതമാകുകയും ചെക്ക് ഇൻ സമയം ഗണ്യമായി കുറയുകയും ചെയ്യും.

അതിഥിയുടെ ചെക്ക് ഇൻ സമയത്ത് മുഖം തിരിച്ചറിയൽ സംവിധാനം ബയോ മെട്രിക് ഡാറ്റ ശേഖരിച്ച് വിശകലനം നടത്തും. പിന്നീട് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി ഡാറ്റ സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്യുകയും അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പ് നിയന്ത്രിക്കുന്ന കേന്ദ്രീകൃത ഡാറ്റാബേസിലേക്ക് കൈമാറുകയും ചെയ്യും.

യുഎഇ സൈബർ സുരക്ഷയ്ക്കും ഡേറ്റ സ്വകാര്യതാ ചട്ടങ്ങൾക്കുമനുസൃതമായി നിയമപരവും ധാർമികവുമായ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ഇത് നടപ്പാക്കുന്നത്.

ഡിസിടി അബുദാബിയുടെ ലൈസൻസിങ് ആൻഡ് റെഗുലേറ്ററി കംപ്ലയൻസ് ഡിപാർട്ട്‌മെന്‍റ് വഴി ഐസിപിയുമായി സഹകരിച്ചാണ് ഈ സംവിധാനം നടപ്പാക്കുന്നത്.

അതിഥികൾക്കും ഹോസ്പിറ്റാലിറ്റി മേഖലയിലെ ജീവനക്കാർക്കും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പുവരുത്തുകയും സന്ദർശകർക്ക് മികച്ച അനുഭവം നൽകാൻ നൂതനാശയങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സംരംഭമെന്ന് ഡി.സി.ടി അബുദാബി ടൂറിസം ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ജസീരി പറഞ്ഞു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു