മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസുകളിൽ ഇനി എഐ റിസപ്ഷനിസ്റ്റ്
freepik.com
തിരുവനന്തപുരം: സംസ്ഥാന തൊഴിൽവകുപ്പിനു കീഴിലുള്ള കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസുകളിലെത്തുന്നവരെ ഇനി സ്വാഗതം ചെയ്യുന്നത് 'ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്' റിസപ്ഷനിസ്റ്റുകൾ. നിർമിത ബുദ്ധി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള റിസപ്ഷൻ പ്ലാറ്റ്‌ഫോമിലൂടെ ഓഫിസുകളുടെ പ്രാഥമിക വിവരങ്ങൾ ലഭ്യമാക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും സംശയനിവാരണത്തിനും സാധിക്കും.
ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫിസിലാണ് ആദ്യമായി എഐ റിസപ്ഷനിസ്റ്റ് കിയോസ്‌ക് - "കെല്ലി' സ്ഥാപിച്ചത്. ഇതിന്‍റെ തുടർച്ചയായി കൊല്ലത്തുള്ള ചീഫ് എക്‌സികുട്ടിവ് ഓഫിസിലും മറ്റു ജില്ലാ ഓഫിസുകളിലും കെല്ലി എഐ റിസപ്ഷനിസ്റ്റ് സേവനം വ്യാപിപ്പിക്കും.
ബാങ്കിങ് സേവനങ്ങൾ, ക്ഷേമനിധി ഫീസ് അടയ്ക്കുന്നതിനുള്ള സംവിധാനം, ഫയലുകളുടെ തൽസ്ഥിതി അറിയാനുള്ള ഇ ആർ പി ഏകീകരണം, ചോദിക്കുന്നതിനുള്ള മറുപടികളുടെ പ്രിന്‍റ് ഔട്ട് ലഭ്യമാക്കുന്ന സംവിധാനം എന്നിവ ഉൾപ്പെടുത്തി നവീകരിച്ച സംവിധാനമാണ് പുതുതായി സജ്ജീകരിക്കുന്നത്.
ബോർഡിന്‍റെ പ്രവർത്തനങ്ങൾ മുഴുവനായും ഡിജിറ്റൽ പ്ലാറ്റഫോമിലേക്ക് മാറുന്നതിന്‍റെ ഭാഗമായി ക്ഷേമനിധി അംഗങ്ങൾക്കായി കെല്ലി - ആൻഡ്രോയിഡ്, ഐ ഒ എസ് മൊബൈൽ ആപ്ലിക്കേഷനും ഇതോടൊപ്പം തയ്യാറാകുന്നുണ്ട്.
മോട്ടോർ തൊഴിലാളി ക്ഷേമനിധി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി നൽകുന്നതിന് കഴിഞ്ഞ നവംബർ മുതൽ തിരുവനന്തപുരം ഓഫിസിൽ റിസപ്ഷൻ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്നുണ്ട്. ഓഫീസിൽ എത്തുന്നവർക്ക് കെല്ലിയോട് നേരിട്ട് ചോദിച്ചു ബോർഡ് നൽകുന്ന സേവനങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ കഴിയും. വിവരങ്ങൾ സ്‌ക്രീനിൽ ലഭ്യമാകുകയും കെല്ലിയുടെ വോയിസ് മറുപടി കേൾക്കാനും സാധിക്കും.