ചന്ദ്രനിൽ കോളനി സ്ഥാപിക്കാൻ നാസ.

 
Tech

ചന്ദ്രനിൽ ചെന്ന് രാപാർക്കാം; പക്ഷേ, മുന്തിരിയും മാതളവും ചോദിക്കരുത്...! Video

ചന്ദ്രനിൽ സ്ഥിരതാമസത്തിനു ഗ്രാമം നിർമിക്കാൻ നാസ തയാറെടുക്കുന്നു. ചൊവ്വയിലേക്കുള്ള യാത്രയുടെ ഇടത്താവളം എന്ന രീതിയിൽ കണ്ടിരുന്ന ചന്ദ്രനെ സ്ഥിരം കോളനി തന്നെയാക്കാനാണ് പരിപാടി

ചന്ദ്രനിൽ മൂൺ വില്ലേജ് സ്ഥാപിച്ച്, സ്ഥിര താമസത്തിനു സൗകര്യമുള്ള കോളനിയാക്കാൻ നാസയുടെ പദ്ധതി. 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

''നമുക്ക് ചന്ദ്രനിൽ ചെന്ന് രാപാർക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം....''

ചന്ദ്രനിൽ ചെന്നു രാപാർക്കുന്നതൊക്കെ കൊള്ളാം. പക്ഷേ, മുന്തിരിയും മാതളവുമൊന്നും ഗാരന്‍റിയല്ല. ഏതായാലും, മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്കു പോകുകയാണ്. ഇത്തവണ ചുമ്മാ പോയി കൊടിയുംകുത്തിയിട്ടു വരാനുള്ള പരിപാടിയല്ല. ഒരു ഗ്രാമം തന്നെയുണ്ടാക്കി സ്ഥിര താമസമാക്കാനാണ് നാസ ഉദ്ദേശിക്കുന്നത്.

പത്തു വർഷത്തിനുള്ളിൽ ഒരു മൂൺ വില്ലേജ്, അതാണ് നാസ മേധാവി സീൻ ഡഫിയുടെ പ്രഖ്യാപനം. ഈ ലക്ഷ്യത്തിലേക്കുള്ള നാസയുടെ ചവിട്ടുപടികളാണ് ആർട്ടെമിസ് ദൗത്യങ്ങൾ. രണ്ടായിരത്തി ഇരുപത്തേഴിന്‍റെ പകുതിയോടെ രണ്ട് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറക്കും. ഇവർ ഏഴു ദിവസം ചന്ദ്രനിൽ തങ്ങും.

അപ്പോൾ, സ്ഥിര താമസത്തിന് ആവശ്യമായ ഊർജം എവിടുന്നു കിട്ടുമെന്നല്ലേ?

ഊർജം ഉത്പാദിപ്പിക്കാൻ ചന്ദ്രനിൽ നാസ ആദ്യമൊരു ആണവ റിയാക്റ്റർ സ്ഥാപിക്കും. ചൊവ്വയിലേക്കുള്ള മനുഷ്യന്‍റെ കുതിപ്പിന് ഇടത്താവളമായാണ് ചന്ദ്രനിലെ ഗ്രാമത്തെ നാസ കാണുന്നത്.

''ഞങ്ങൾ വീണ്ടും ചന്ദ്രനിലേക്കു പോവുകയാണ്, ഇത്തവണ കൊടി നാട്ടുക മാത്രമല്ല, അവിടെ താമസം തുടങ്ങുകയും ചെയ്യും'' എന്ന് നാസ മേധാവി ഉറപ്പിച്ചു പറയുന്നുണ്ട്. സഫലമായാൽ, ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ ഇതൊരു പുതുയുഗപ്പിറവിയാകും....

വിഗ്രഹ നിമജ്ജനം; ട്രാക്റ്റർ പുഴയിലേക്ക് മറിഞ്ഞു പത്തു പേർക്ക് ദാരുണാന്ത്യം

പ്രൈം വോളി: കാലിക്കറ്റിനെ അട്ടിമറിച്ച് ഹൈദരാബാദ്

പീഡനക്കേസ്: വേടനെതിരേ കുറ്റപത്രം

ആശുപത്രി കെട്ടിടത്തിലെ കോൺക്രീറ്റ് പാളി അടർന്നു വീണു; യുവതിക്ക് പരുക്ക്

കരൂർ ദുരന്തം: വിജയ്ക്ക് നേരെ യുവാവ് ചെരുപ്പെറിയുന്ന ദൃശ്യങ്ങൾ പുറത്ത്