ചാണകത്തിൽനിന്നുള്ള ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് എൻജിൻ പ്രവർത്തിപ്പിച്ചു.
ചാണകത്തിൽനിന്നുള്ള ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് എൻജിൻ പ്രവർത്തിപ്പിച്ചു. Representative image
Tech

ഒടുവിൽ അതു സംഭവിക്കുന്നു; ചാണകത്തിൽ നിന്ന് റോക്കറ്റ് ഇന്ധനം!

ടോക്യോ: പശുവിന്‍റെയും ചാണകത്തിന്‍റെയും ഗുണഗണങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങൾ പലപ്പോഴും കേരളത്തിൽ വലിയ തോതിൽ ട്രോളുകൾക്ക് ഇരയാകാറുണ്ട്. എന്നാലിതാ, ലോകത്തിലാദ്യമായി ചാണകത്തിൽ നിന്നുള്ള ഇന്ധനമുപയോഗിച്ച് പ്രവർത്തിക്കുന്ന റോക്കറ്റ് എൻജിൻ പരീക്ഷിച്ചിരിക്കുകയാണ് ജപ്പാൻ. ജാപ്പനീസ് സ്റ്റാര്‍ട്ട് അപ് കമ്പനി ഇന്‍റര്‍സ്റ്റെല്ലര്‍ ടെക്നോളജീസാണു ബഹിരാകാശ ഗവേഷണ രംഗത്തു വന്‍ മാറ്റത്തിനു വഴിയൊരുക്കാവുന്ന കണ്ടുപിടിത്തം അവതരിപ്പിച്ചത്.

ജപ്പാനിലെ ഹൊക്കൈഡാമോ ബഹിരാകാശ കേന്ദ്രത്തില്‍ നടന്ന പരീക്ഷണത്തിൽ ചാണകത്തില്‍ നിന്നു വേർതിരിച്ചെടുത്ത ദ്രവീകൃത ജൈവ മീഥൈന്‍ വാതകം ഉപയോഗിച്ച റോക്കറ്റ് എൻജിൻ വിജയകരമായി പ്രവർത്തിച്ചു. കഴിഞ്ഞ ഏഴിനായിരുന്നു പരീക്ഷണം.

കോസ്മൊസ് എന്‍ജിൻ എന്നാണു പുതിയ എൻജിന് പേര്. സീറോ എന്ന റോക്കറ്റിന് വേണ്ടിയാണ് ഇതു വികസിപ്പിച്ചിരിക്കുന്നത്. 2025ൽ സീറോ റോക്കറ്റ് ഉപഗ്രഹവും വഹിച്ച് ആദ്യ യാത്ര നടത്തും. 105 അടി നീളവും 7.5 അടി വ്യാസവും ഉള്ള റോക്കറ്റാണിത്. 800 കിലോ ഭാരം വഹിക്കും.

മീഥൈന്‍ ഇന്ധനമാക്കിയുള്ള റോക്കറ്റ് വിക്ഷേപണം ഇതാദ്യമല്ലെങ്കിലും ചാണകത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന മീഥൈന്‍ വാതകം റോക്കറ്റിൽ ഉപയോഗിക്കുന്നത് ഇതാദ്യം.

പരിസ്ഥിതി സൗഹൃദ റോക്കറ്റ് ഇന്ധനമെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രദേശത്തെ ഡയറി ഫാമുകളില്‍ നിന്ന് ശേഖരിച്ച ചാണകം ഉപയോഗിച്ചാണ് ജ്വലന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്.

ആഗോളതാപനത്തിന് ഇടയാക്കുന്ന ഹരിതഗൃഹ വാതകമായ മീഥൈൻ അന്തരീക്ഷത്തിൽ വർധിക്കുന്നതിന് ഒരു കാരണം കന്നുകാലി വളർത്തലാണെന്നാണ് വികസിത രാജ്യങ്ങളുടെ ആരോപണം. ഇപ്പോഴത്തെ കണ്ടുപിടിത്തം കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ശ്രമങ്ങളിലും സഹായകമാകും.

'ഇന്ത്യ പാക്കിസ്ഥാനെ ബഹുമാനിക്കണം, അവരുടെ പക്കൽ ആറ്റം ബോംബുണ്ട്': മണിശങ്കർ അയ്യർ

ബിപിസിഎൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിച്ചു

സംസ്ഥാനത്ത് ഈ വർഷം മുതൽ 4 വർഷ ബിരുദം: വിശദാംശങ്ങളറിയാം

ജെസ്ന തിരോധാനക്കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കൂറ്റക്കാരനെന്ന് കോടതി: ശിക്ഷാ വിധി തിങ്കളാഴ്ച