സിഎംഎഫ്ആർഐയിൽ ആരംഭിച്ച ബ്ലൂ ഇക്കോണമി ദേശീയ പരിശീലന ശിൽപ്പശാല എൻഐഒടി ഡയറക്റ്റർ ഡോ. ബാലാജി രാമകൃഷ്ൺ ഉദ്ഘാടനം ചെയ്യുന്നു.

 

PIB

Tech

6000 മീറ്റർ ആഴക്കടൽ ദൗത്യം; ഇന്ത്യക്ക് അഭിമാനമാകാൻ സമുദ്രയാൻ അടുത്ത വർഷം

മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യത്തെ സബ്‌മെഴ്‌സിബിൾ വാഹനമായ 'മത്സ്യ'യുടെ 6000 മീറ്റർ സമുദ്രയാൻ ആഴക്കടൽ ദൗത്യം 2026 അവസാനത്തോടെ

കൊച്ചി: മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യത്തെ സബ്‌മെഴ്‌സിബിൾ വാഹനമായ 'മത്സ്യ'യുടെ 6000 മീറ്റർ സമുദ്രയാൻ ആഴക്കടൽ ദൗത്യം 2026 അവസാനത്തോടെ നടത്താനാകുമെന്ന് പ്രതീക്ഷ. ഇന്ത്യയുടെ സമുദ്രപഠന മേഖലയിൽ വലിയ വഴിത്തിരിവാകും ഈ ദൗത്യമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷൻ ടെക്‌നോളജി (എൻഐഒടി) ഡയറക്റ്റർ ഡോ. ബാലാജി രാമകൃഷ്ണൻ പറഞ്ഞു. എൻഐഒടിയാണ് ഇന്ത്യയുടെ ആഴക്കടൽ ദൗത്യത്തിന്‍റെ നോഡൽ ഏജൻസി.

ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട ദേശീയ പരിശീലന ശിൽപ്പശാല കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ബാലാജി രാമകൃഷ്ണൻ.

മൂന്ന് ശാസ്ത്രജ്ഞരെ വഹിക്കുന്ന ആഴക്കടൽ പര്യവേക്ഷണത്തിനാണ് 'മത്സ്യ' തയാറെടുക്കുന്നത്. ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച നാലാം തലമുറ സബ്മഴ്‌സിബിൾ വാഹനത്തിന് 25 ടൺ ഭാരമുണ്ട്. സമുദ്രത്തിനടിയിലെ അതിതീവ്ര മർദത്തെയും മറ്റ് പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ പാകത്തിലാണ് രൂപകൽപ്പന.

ആഴക്കടലിലെ ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങളുടെ വിലയിരുത്തൽ, സമഗ്രമായ സമുദ്ര നിരീക്ഷണം, ആഴക്കടൽ ടൂറിസത്തിന്‍റെ സാധ്യതകൾ തുടങ്ങിയവക്ക് വഴിതുറക്കുന്നതാണ് സമുദ്രയാൻ ദൗത്യത്തിന്‍റെ ലക്ഷ്യമെന്ന് എൻഐഒടി ഡയറക്റ്റർ പറഞ്ഞു. വിവിധ ഘട്ടങ്ങളായാണ് ലോഞ്ചിങ് നടത്താൻ ഉദ്ദേശിക്കുന്നത്. ഈ വർഷം അവസാനത്തോടെ 500 മീറ്റർ ആഴത്തിലേക്കുള്ള പരീക്ഷണം നടത്തും.

നാല് മണിക്കൂർ വീതം ആഴക്കടലിലേക്കും തിരിച്ചുവരാനുമായി എടുക്കുമെന്നാണ് കണക്കുക്കൂട്ടൽ. ആഴക്കടൽ മേഖലയിൽ നിന്ന് നിർണായക സാമ്പിളുകൾ ശേഖരിക്കുന്നതിൽ ഇത് സഹായിക്കും. ഇതുവരെ നേരിട്ടെത്താത്ത സമുദ്രാന്തർഭാഗങ്ങളിലെ ജീവജാലങ്ങളുടെയും ജലത്തിന്‍റെയും സവിശേഷതകൾ മനസിലാക്കാനും അവസരമൊരുക്കും-അദ്ദേഹം പറഞ്ഞു.

സിഎംഎഫ്ആർഐയും വിജ്ഞാന ഭാരതിയും സംയുക്തമായാണ് അഞ്ച് ദിവസത്തെ ശിൽപശാല സംഘടിപ്പിക്കുന്നത്. സിഎംഎഫ്ആർഐ ഡയറക്റ്റർ ഡോ. ഗ്രിൻസൺ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ നാഷണൽ സെന്‍റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് മുൻ ഡയറക്ടർ ഡോ. സതീഷ് ഷേണായി, വിജ്ഞാന ഭാരതി സെക്രട്ടറി ജനറൽ വിവേകാനന്ദ പൈ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി മുൻ ഡയറക്ടർ ഡോ. എസ്. പ്രസന്നകുമാർ, പരിശീലന പരിപാടിയുടെ കോർഡിനേറ്റർ ഡോ. രതീഷ് കുമാർ രവീന്ദ്രൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ