മത്സ്യ 6000 - കൺസപ്റ്റ് ഡിസൈൻ. NIOT
Tech

ഇനി സമുദ്രയാൻ: 'മത്സ്യ 6000' അടുത്ത വർഷം കടലിലേക്ക്

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'മത്സ്യ 6000' എന്ന മുങ്ങിക്കപ്പൽ ഉപയോഗിച്ച് ബംഗാൾ ഉൾക്കടലിന്‍റെ ആഴങ്ങളിലായിരിക്കും പര്യവേക്ഷണം

ന്യൂഡൽഹി: ബഹിരാകാശ നിഗൂഢതകളുടെ പിന്നാലെയുള്ള യാത്രകൾക്കൊപ്പം ഇന്ത്യ അമൂല്യ ലോഹങ്ങളും ധാതുക്കളും തേടി സമുദ്രഗർഭത്തിലേക്ക് ഊളിയിടാനൊരുങ്ങുന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'മത്സ്യ 6000' എന്ന മുങ്ങിക്കപ്പൽ ഉപയോഗിച്ച് ബംഗാൾ ഉൾക്കടലിന്‍റെ ആഴങ്ങളിലായിരിക്കും സമുദ്രയാൻ ദൗത്യത്തിന്‍റെ ഭാഗമായ പര്യവേക്ഷണം.

4,077 കോടി രൂപ ആകെ ചെലവ് വരുന്ന സമുദ്രയാൻ പദ്ധതിയുടെ ആദ്യ ഘട്ടം മാത്രമാണ് മത്സ്യ 6000 യാത്ര. രണ്ടു വർഷമെടുത്ത് നിർമിച്ച പേടകത്തിനു മൂന്നു യാത്രികരെ ഉൾക്കൊള്ളാനാവും.

കടലിന്‍റെ അടിത്തട്ടിലേക്ക് മനുഷ്യരെയും വഹിച്ചുകൊണ്ട് പോകുന്ന ഗോളം.

അടുത്ത വർഷം ആദ്യം ചെന്നൈ തീരത്തുനിന്നാണ് ആദ്യ പര്യവേക്ഷണത്തിനു പുറപ്പെടുക. കൊബാൾ, നിക്കൽ, മാംഗനീസ് തുടങ്ങിയ ലോഹങ്ങൾക്കായുള്ള അന്വേഷണമാണ് പ്രാഥമിക ദൗത്യം. കഴിഞ്ഞ ജൂണിൽ ടൈറ്റൻ പേടകം അറ്റ്‌ലാന്‍റിക് സമുദ്രത്തിന്‍റെ ആഴത്തിൽ വച്ച് തകർന്നതിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക പരിശോധനകൾ പൂർത്തിയാക്കിയാണ് മത്സ്യയെ യാത്രയ്ക്കു സജ്ജമാക്കിയിരിക്കുന്നത്.

500 മീറ്റർ ആഴത്തിലായിരിക്കും ആദ്യ പര്യവേക്ഷണം. മനുഷ്യരില്ലാതെ മത്സ്യയെ അയച്ച് തിരിച്ചുകൊണ്ടുവന്ന ശേഷം മാത്രമായിരിക്കും യാത്രികരുമായി പുറപ്പെടുക.

2026ൽ യഥാർഥ ലക്ഷ്യമായ ആറായിരം മീറ്റർ ആഴത്തിലേക്കു പോകാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. യുഎസ്, ജപ്പാൻ, റഷ്യ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾക്കു മാത്രമാണ് ഇത്രയും ആഴത്തിൽ സമുദ്രഗർഭ പര്യവേക്ഷണങ്ങൾ വിജയകരമായി നടത്താൻ സാധിച്ചിട്ടുള്ളത്. ആറായിരം മീറ്റർ ആഴത്തിൽ സമുദ്രോപരിതലത്തിലേതിനെ അപേക്ഷിച്ച് അറുനൂറ് മടങ്ങ് മർദം അധികമായിരിക്കും.

ഗോളത്തിനുള്ളിൽ മൂന്ന് യാത്രികർക്ക് ഇരിക്കാനുള്ള സൗകര്യം.
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയാണ് (NIOT) സമുദ്ര 6000 നിർമിച്ചത്.

  • മൂന്നു പേരെ ഉൾക്കൊള്ളാവുന്ന, 2.1 മീറ്റർ ഡയമീറ്ററുള്ള ഗോളമാണ് മദർഷിപ്പിൽനിന്ന് സമുദ്രത്തിന്‍റെ അടിത്തട്ടിലേക്കു പോകുക.

  • ടൈറ്റാനിയം അലോയ് ഉപയോഗിച്ച് 80 മില്ലീമീറ്റർ ഘനത്തിലാണ് ഗോളത്തിന്‍റെ നിർമാണം.

  • തുടർച്ചയായി 12 മുതൽ 16 മണിക്കൂർ വരെ പ്രവർത്തിക്കാനാവും.

  • 96 മണിക്കൂർ വരെ ഓക്സിജൻ ലഭ്യത ഉറപ്പ്.

  • മദർഷിപ്പിന്‍റെ നീളം ഒമ്പത് മീറ്റർ, ഉയരം 4.5 മീറ്റർ, ഭാരം 25 ടൺ.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ