കോൾ ചെയ്യുന്നയാളുടെ പേര് സേവ് ചെയ്തിട്ടില്ലെങ്കിലും സ്ക്രീനിൽ തെളിയും.
freepik.com
ന്യൂഡല്‍ഹി: രാജ്യത്തുള്ള ഉപയോക്താക്കള്‍ക്കായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) പുതിയ കോളര്‍ ഐഡന്‍റിഫിക്കേഷന്‍ സംവിധാനം നടപ്പിലാക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് (ഡോട്ട്) അനുമതി നല്‍കി.
കോള്‍ ചെയ്യുന്ന ആളുടെ യഥാര്‍ഥ പേര് കോള്‍ സ്വീകരിക്കുന്നയാളുടെ ഫോണ്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന നിര്‍ദേശമാണു ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ട്രായ്ക്ക് സമര്‍പ്പിച്ചത്. ഈ നിര്‍ദേശത്തിനാണ് ട്രായ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. കോളിങ് നെയിം പ്രസന്‍റേഷന്‍ (സിഎന്‍എപി) എന്നായിരിക്കും ഈ സേവനം അറിയപ്പെടുക.
ഇന്‍കമിങ് കോളുകളില്‍ സുതാര്യത കൊണ്ടു വരാന്‍ സഹായിക്കുന്നതാണു പുതിയ സംവിധാനം. രാജ്യത്തുടനീളമുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ പ്രാപ്തമാക്കുമെന്ന് ട്രായ് അറിയിച്ചു. അതേസമയം ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ താത്പര്യമില്ലാത്ത വരിക്കാര്‍ക്ക് അവരുടെ ടെലികോം സേവന ദാതാവിനെ (ടിഎസ്പി) ബന്ധപ്പെട്ട് ഒഴിവാക്കാനുമാകും.
കോളിന് മറുപടി നല്‍കുന്നതിന് മുമ്പുതന്നെ വിളിക്കുന്നയാളുടെ പേര് തെളിഞ്ഞു വരുന്നതിലൂടെ സ്പാം കോളും സ്‌കാം കോളുകളുടെയും വര്‍ദ്ധിച്ചു വരുന്ന ഭീഷണി തടയാനാകുമെന്ന് ട്രായ് പറഞ്ഞു. നിലവില്‍ ഒരു കോള്‍ ലഭിക്കുമ്പോള്‍ നമ്പര്‍ മാത്രമാണ് ഇന്ത്യന്‍ ടെലികോം നെറ്റ്‌വര്‍ക്കുകളില്‍ കാണുവാന്‍ സാധിക്കുന്നത്. എന്നാല്‍, ഇനി സിഎന്‍എപി വരുന്നതോടെ വിളിക്കുന്നയാളുടെ പേര് അറിയാനാകും.
ഡിജിറ്റല്‍ വിശ്വാസ്യതയും ആശയവിനിമയത്തില്‍ സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിട്ടാണ് വിദഗ്ധര്‍ ഈ നീക്കത്തെ കാണുന്നത്. സ്പാം കോളുകളും തട്ടിപ്പുകളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സംവിധാനം തട്ടിപ്പ് ശ്രമങ്ങളെ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.