ദഹനപ്രശ്നങ്ങളും നീർവീക്കവും ഭക്ഷണക്രമത്തിലൂടെ പരിഹരിക്കാം

വയർ വീർക്കലും ദഹനക്കേടും ക്രോണിക് ഇൻഫ്ളമേഷന്‍റെ സൂചന; ഭക്ഷണക്രമം തിരുത്തി കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാം
Food control and inflammation

ഭക്ഷണക്രമം ശരിയാക്കിയാൽ തന്നെ വയറിന്‍റെ പ്രശ്നങ്ങൾ പലതും പരിഹരിക്കാം.

Freepik.com

Updated on

ഡോ. ബൈജു സേനാധിപൻ

(പ്രസിഡന്‍റ്, അസോസിയേഷന്‍ ഓഫ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ്‌സ് ഓഫ് കേരള)

ഭക്ഷണം കഴിച്ചുകഴിയുമ്പോൾ തന്നെ ചിലർക്ക് അനുഭവപ്പെടുന്ന പ്രധാന ബുദ്ധിമുട്ടാണ് വയർ വല്ലാതെ വീർക്കുന്ന അവസ്ഥ. എത്ര കുറച്ചു കഴിച്ചാലും നെഞ്ചെരിച്ചിലും വയറ്റിൽ ഗ്യാസ് നിറഞ്ഞതുപോലെയുള്ള തോന്നലും ദൈനംദിന ജീവിതത്തെ തന്നെ സാരമായി ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇതിനൊപ്പം ശരീരത്തിൽ ഉണ്ടാകുന്ന അകാരണമായ ക്ഷീണവും സന്ധിവേദനയും പലരും ശ്രദ്ധിക്കാറില്ല. ഇത്തരം ലക്ഷണങ്ങൾ കേവലം ദഹനക്കേടിന്‍റെ മാത്രം പ്രശ്നമല്ല, മറിച്ച് ശരീരത്തിൽ രൂപപ്പെടുന്ന വിട്ടുമാറാത്ത നീർവീക്കത്തിന്‍റെ, അഥവാ ക്രോണിക് ഇൻഫ്ലമേഷന്‍റെ സൂചനകൾ കൂടിയാകാം.

ആധുനിക ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണക്രമവും ദഹനേന്ദ്രിയ വ്യവസ്ഥയുടെ താളം തെറ്റിക്കുന്നതാണ് ഇതിന് പ്രധാന കാരണം. നമ്മുടെ കുടലിന്‍റെ ആരോഗ്യവും ശരീരത്തിന്‍റെ പൊതുവായ നീർവീക്കവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ശരിയായ ഭക്ഷണക്രമം ശീലമാക്കുന്നതിലൂടെ ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും ശരീരത്തിലെ നീർവീക്കം തടയാനും സാധിക്കും.

കുടലിന്‍റെ ആരോഗ്യവും ശരീരത്തിലെ നീർവീക്കവും തമ്മിൽ

നമ്മുടെ ശരീരത്തിന്‍റെ രോഗപ്രതിരോധ വ്യവസ്ഥയുടെ വലിയൊരു ഭാഗവും സ്ഥിതി ചെയ്യുന്നത് കുടലുകളിലാണ്. ദഹനേന്ദ്രിയ വ്യവസ്ഥയിൽ കാണപ്പെടുന്ന കോടിക്കണക്കിന് ഉപകാരികളായ ബാക്ടീരിയകൾ അടങ്ങുന്ന സൂക്ഷ്മജീവികളുടെ കൂട്ടം അഥവാ ഗട്ട് മൈക്രോബയോം ആണ് നമ്മുടെ ദഹനപ്രക്രിയയെ സുഗമമാക്കുന്നതും പ്രതിരോധശേഷി നിലനിർത്തുന്നതും. എന്നാൽ അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഈ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു. ഇത് കുടലിന്‍റെ ആന്തരിക പാളിക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാവുകയും, ദഹിക്കാത്ത ഭക്ഷണപദാർത്ഥങ്ങളും വിഷാംശങ്ങളും നേരിട്ട് രക്തത്തിലേക്ക് കലരുന്ന 'ലീക്കി ഗട്ട്' എന്ന സങ്കീർണമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഇത്തരം അന്യവസ്തുക്കൾ രക്തത്തിൽ എത്തുമ്പോൾ ശരീരത്തിന്‍റെ പ്രതിരോധ വ്യവസ്ഥ അവയോട് ശക്തമായി പ്രതികരിക്കുകയും, ആ പ്രക്രിയയുടെ ഭാഗമായി ശരീരമാസകലം നീർവീക്കം അഥവാ ഇൻഫ്ലമേഷൻ രൂപപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥ തുടരുമ്പോഴാണ് വയർ വീർക്കൽ, നെഞ്ചെരിച്ചിൽ, മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങളും മറ്റ് ശാരീരിക അസ്വസ്ഥതകളും സ്ഥിരമായി അനുഭവപ്പെടുന്നത്. ശരീരത്തിൽ നീർവീക്കം നിലനിൽക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ മറ്റ് ജീവിതശൈലീ രോഗങ്ങളിലേക്കും നയിക്കാൻ കാരണമാകുന്നു.

Food control and inflammation

ചിലർക്ക് പാൽ, പാലുത്പന്നങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ലാക്ടോസ് ദഹിപ്പിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകാം.

Freepik.com

ദഹനക്കേടും വയർ വീർക്കലും: കാരണങ്ങൾ

വയർ വീർക്കുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്, കുടലിൽ അമിതമായി വാതകം അഥവാ ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുന്നത്. രണ്ട്, ദഹനപ്രക്രിയ മന്ദഗതിയിലാകുന്നത് വഴി ഭക്ഷണം കുടലിൽ കൂടുതൽ സമയം കെട്ടിക്കിടക്കുന്നത്.

നാം കഴിക്കുന്ന ചില ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ സമയമെടുക്കുകയോ, പൂർണമായി ദഹിക്കാതെ കുടലിലെ ബാക്ടീരിയകളുടെ പ്രവർത്തനത്തിന് വിധേയമാവുകയോ ചെയ്യുമ്പോൾ വൻകുടലിൽ വച്ച് വാതകം ഉണ്ടാകുന്നു. ഒപ്പം ശരീരത്തിൽ എവിടെയെങ്കിലും നീർവീക്കം ഉണ്ടെങ്കിൽ അത് കുടലിന്‍റെ സ്വാഭാവികമായ സങ്കോച വികാസ പ്രക്രിയകളെ ബാധിക്കുകയും ഗ്യാസ് പുറത്തേക്ക് പോകുന്നതിന് തടസ്സമുണ്ടാക്കുകയും ചെയ്യും.

ചിലർക്ക് പാൽ, പാലുത്പന്നങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ലാക്ടോസ് ദഹിപ്പിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകാം. ഇതും പെട്ടെന്ന് വയർ വീർക്കാൻ കാരണമാകുന്ന ഒരു ഘടകമാണ്. കൃത്യമായ കാരണങ്ങൾ കണ്ടെത്തി അവ ഒഴിവാക്കുകയാണ് ആദ്യത്തെ പ്രതിരോധ മാർഗം.

Food control and inflammation

കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ കുടലിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കും.

Freepik.com

ആധുനിക ഭക്ഷണരീതികൾ പ്രശ്നം

ശരീരത്തിൽ നീർവീക്കം ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് നാം നിത്യേന കഴിക്കുന്ന ചില ഭക്ഷണങ്ങളാണ്. കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ, ബേക്കറി പലഹാരങ്ങൾ, റിഫൈൻ ചെയ്ത മൈദ പോലുള്ള ധാന്യപ്പൊടികൾ എന്നിവ കുടലിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുകയും വീക്കം വർധിപ്പിക്കുകയും ചെയ്യുന്നു.

അമിതമായി വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ട്രാൻസ് ഫാറ്റ് അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവ ശരീരത്തിൽ കോശങ്ങളുടെ കേടുപാടുകൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ വ്യാപകമായി ഉത്പാദിപ്പിക്കുന്നു. സംസ്കരിച്ച മാംസാഹാരങ്ങളും അമിതമായ അളവിൽ ഉപ്പ് ചേർത്ത ഭക്ഷണങ്ങളും ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും കുടലിലെ വീക്കം കൂട്ടുകയും ചെയ്യും.

വയർ വീർക്കുന്ന പ്രശ്നമുള്ളവർ ഇത്തരം ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുകയോ ഉപയോഗം വളരെ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഗ്യാസ് ഉണ്ടാക്കുന്ന ചിലതരം പയർ വർഗങ്ങളും കിഴങ്ങുവർഗങ്ങളും ഓരോരുത്തരുടെയും ദഹനശേഷി അനുസരിച്ച് മാത്രം ആഹാരത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

Food control and inflammation

ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മീൻ കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിനു നല്ലതാണ്.

Bagirov Fariz

നീർവീക്കം കുറയ്ക്കുന്ന ആന്‍റി-ഇൻഫ്ലമേറ്ററി ഭക്ഷണം

ശരീരത്തിലെ നീർവീക്കം കുറയ്ക്കാൻ പ്രകൃതിദത്തമായ ആന്‍റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ ശീലമാക്കുകയാണ് ഏറ്റവും മികച്ച മാർഗം. നമ്മുടെ അടുക്കളകളിൽ നിത്യേന ഉപയോഗിക്കുന്ന മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകം ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച ഔഷധമാണ്. അതുപോലെ ഇഞ്ചി, വെളുത്തുള്ളി, ജീരകം എന്നിവ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നത് ദഹനം എളുപ്പമാക്കാനും ഗ്യാസ് ശല്യം കുറയ്ക്കാനും സഹായിക്കും.

ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയ മത്തി, അയില, ചൂര തുടങ്ങിയ മത്സ്യങ്ങൾ ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലും കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിനും ശരീരത്തിലെ നീർവീക്കം തടയുന്നതിനും വളരെ നല്ലതാണ്. ഒലിവ് ഓയിൽ, വെളിച്ചെണ്ണ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ മിതമായ അളവിൽ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

തക്കാളി, കടും പച്ച നിറമുള്ള ഇലക്കറികൾ, നട്സ്, ബെറി പഴങ്ങൾ എന്നിവ ശരീരത്തിന് ആവശ്യമായ ആന്‍റി ഓക്സിഡന്‍റുകൾ പ്രദാനം ചെയ്യുകയും കോശങ്ങളുടെ കേടുപാടുകൾ തീർത്ത് വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

Food control and inflammation

തവിടുള്ള അരി, ഓട്സ്, റാഗി തുടങ്ങിയ ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

Freepik.com

നാരുകൾ അടങ്ങിയ ഭക്ഷണത്തിന്‍റെ പ്രാധാന്യം

നല്ല ദഹനത്തിനും കുടലിന്‍റെ ആരോഗ്യത്തിനും ഏറ്റവും അത്യാവശ്യമായ ഘടകമാണ് ഫൈബർ അഥവാ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ. തവിടുള്ള അരി, ഓട്സ്, റാഗി തുടങ്ങിയ മുഴുവൻ ധാന്യങ്ങളും ഭക്ഷണത്തിൽ പ്രധാന ഇനമായി ഉൾപ്പെടുത്തണം. പച്ചക്കറികളും പഴവർഗങ്ങളും ധാരാളമായി കഴിക്കുന്നത് കുടലിലെ ഉപകാരികളായ ബാക്ടീരിയകൾക്ക് ആവശ്യമായ പ്രീബയോട്ടിക്സ് നൽകുന്നു.

വാഴപ്പഴം, പപ്പായ, ആപ്പിൾ തുടങ്ങിയ പഴങ്ങൾ ദഹനം എളുപ്പമാക്കുന്നതിനൊപ്പം വയർ വീർക്കുന്ന അവസ്ഥ തടയാനും സഹായിക്കും. എന്നാൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അവശ്യം വേണ്ട ഒന്നാണ് ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത്.

വെള്ളം കുറയുമ്പോൾ നാരുകൾ ദഹിക്കാൻ ബുദ്ധിമുട്ടാവുകയും അത് മലബന്ധത്തിനും വയർ വീർക്കലിനും കാരണമാവുകയും ചെയ്യും. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. രാവിലെ എഴുന്നേറ്റയുടൻ ഇളം ചൂടുവെള്ളം കുടിക്കുന്നത് ദഹനേന്ദ്രിയങ്ങളെ ഉണർത്താനും സുഗമമായ മലവിസർജ്ജനത്തിനും സഹായിക്കും.

കുടലിന്‍റെ ആരോഗ്യത്തിന് പ്രോബയോട്ടിക്സ്

വയറിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രോബയോട്ടിക്സുകൾക്ക് വലിയ പങ്കുണ്ട്. ദിവസവും ഭക്ഷണത്തോടൊപ്പം മോരോ തൈരോ ഉൾപ്പെടുത്തുന്നത് ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് വളരെ ഗുണകരമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് അഥവാ നല്ല ബാക്ടീരിയകൾ കുടലിന്‍റെ പ്രവർത്തനം സുഗമമാക്കുകയും ദഹനക്കേട്, പുളിച്ചുതികട്ടൽ എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്നു. പുളിപ്പിച്ച ഭക്ഷണസാധനങ്ങൾ മിതമായ അളവിൽ കഴിക്കുന്നത് കുടലിലെ മൈക്രോബയോമിന്‍റെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും.

ആന്‍റിബയോട്ടിക്കുകൾ കൂടുതലായി കഴിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ കുടലിലെ ഉപകാരികളായ ബാക്ടീരിയകൾ നശിച്ചുപോകാൻ സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരം പ്രോബയോട്ടിക് സപ്ലിമെന്‍റുകൾ കഴിക്കുന്നതും തൈര് പോലുള്ളവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുന്നതും വയർ വീർക്കൽ പോലെയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.

Food control and inflammation

ഡോക്ടറുടെ നിർദേശപ്രകാരം പ്രോബയോട്ടിക് സപ്ലിമെന്‍റുകൾ കഴിക്കുന്നതു നല്ലതാണ്.

Freepik.com

സമയക്രമവും മാനസിക സമ്മർദവും

എന്ത് കഴിക്കുന്നു എന്നതിനൊപ്പം തന്നെ എങ്ങനെ, എപ്പോൾ കഴിക്കുന്നു എന്നതും ദഹനപ്രക്രിയയിൽ വലിയ പ്രാധാന്യമുള്ള കാര്യമാണ്. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക എന്നതാണ് ദഹനത്തിന്‍റെ ആദ്യ പടി. ഉമിനീരുമായി കലരുമ്പോൾ തന്നെ ഭക്ഷണത്തിലെ അന്നജം ദഹിച്ചു തുടങ്ങുന്നു. ധൃതിപിടിച്ച് ഭക്ഷണം വിഴുങ്ങുമ്പോൾ ഭക്ഷണത്തോടൊപ്പം വായുവും ആമാശയത്തിൽ എത്തുകയും ഇത് പിന്നീട് വയർ വീർക്കുന്നതിനും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു.

രാത്രി വൈകിയുള്ള ഭക്ഷണം പൂർണമായും ഒഴിവാക്കുക. ഉറങ്ങുന്നതിന് ചുരുങ്ങിയത് രണ്ടു മണിക്കൂർ മുൻപെങ്കിലും ലഘുവായ ഭക്ഷണം കഴിക്കുന്നതാണ് ദഹനേന്ദ്രിയങ്ങൾക്ക് നല്ലത്. വയറു നിറയെ കഴിക്കുന്നതിന് പകരം, മിതമായ അളവിൽ കൃത്യമായ ഇടവേളകളിൽ കഴിക്കുന്നത് ആമാശയത്തിന് അമിതഭാരം നൽകാതിരിക്കാൻ സഹായിക്കും.

ദഹനപ്രശ്നങ്ങളും നീർവീക്കവും നമ്മുടെ മാനസികാവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുന്നു. കടുത്ത മാനസിക സമ്മർദം ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാക്കുകയും ഇത് കുടലിന്‍റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുകയും ചെയ്യും. മാനസിക പിരിമുറുക്കം ഉള്ള സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നത് ദഹനക്കേടിനും വയർ കമ്പിക്കുന്നതിനും കാരണമാകുന്നത് ഇതുകൊണ്ടാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com