ബേർ മരങ്ങൾ കായ്ക്കുന്ന ഹാരപ്പൻ നഗരം| ഗുജറാത്ത് ചാപ്റ്റർ-5
നീതു ചന്ദ്രൻ
ചുവന്നു തുടുത്ത വലിയൊരു ബേർപഴം ഉതിർന്നു വീഴുന്നതു പോലെ ഖാതിർ ബേട്ടിനു മുകളിൽ സൂര്യനുദിച്ചു. കുനുകുനെ ചുവന്നു കായ്ച്ചു നിൽക്കുന്ന ബേർ മരങ്ങൾക്കിടയിലൂടെ വെയിൽ അരിച്ചിറങ്ങിത്തുടങ്ങി. ടാറൊഴിച്ച വഴികൾക്കപ്പുറം ചെമ്മണ്ണും കൽ കഷ്ണങ്ങളും നിറഞ്ഞ പഴയൊരു കാലം തെളിഞ്ഞു.... ചരിത്രത്തിലേക്കാണ് യാത്ര... ഹൈസ്കൂൾ കാലത്ത് പാഠപുസ്തകങ്ങളിൽ വായിച്ചു മാത്രം പരിചയമുള്ള സിന്ധു നദീതട സംസ്കാരത്തിന്‍റെ ശേഷിപ്പുകൾ ഉറങ്ങിക്കിടക്കുന്ന ഹാരപ്പൻ നഗരങ്ങളിലൊന്നിലേക്ക്... ധോലാവീരയിലേക്ക്.
വലിയ ഗ്രാനൈറ്റ് പാളികളിൽ എഴുതി വച്ചിരിക്കുന്ന കുറിപ്പുകളിലേക്ക് കണ്ണോടിക്കും മുൻപു തന്നെ ഞങ്ങൾക്കരികിലേക്ക് ഗൈഡ് എത്തിയിരുന്നു. ഏക്കറുകളോളമാണ് ചരിത്രം പരന്നു കിടക്കുന്നത്. ""നമുക്ക് വേഗം നടക്കാം..ഒന്നു ചുറ്റിക്കറങ്ങാൻ തന്നെ മണിക്കൂറുകൾ എടുക്കും'', എത്തിയ പാടെ തന്നെ ചരിത്രത്തിലേക്കൂളിയിടാൻ അയാൾ തിരക്കു പിടിച്ചു തുടങ്ങി. വർത്തമാനകാലത്തിൽ നിന്ന് നേരെ ചരിത്രത്തിന്‍റെ മഞ്ഞനിറം പടർന്ന ഏടുകളിലേക്ക്. 3000 ബിസി മുതൽ വളർന്നും പടർന്നുപിടിച്ചും തളർന്നും വീണ്ടും പച്ചപിടിച്ചും നീണ്ടുനിന്ന ഒരു നഗരത്തിന്‍റെ കഥ. അതിനു തെളിവുകളെന്ന പോലെ ഞങ്ങൾക്കു മുന്നിൽ പഴയ പ്രതാപത്തിന്‍റെ ഓർമകളിൽ മയങ്ങുന്ന വിശാലമായ സ്റ്റേഡിയങ്ങളും ജലസംഭരണികളും ഇരിപ്പിടങ്ങളും തെളിഞ്ഞു. അയ്യായിരം വർഷങ്ങളുടെ ചരിത്രമാണ് മണ്ണിൽ പുതഞ്ഞു കിടക്കുന്നത്.
ഗുജറാത്തിലെ പേരു കേട്ട കച്ച് മരുഭൂമിക്കരികിൽ, ഖാദിർബേട്ടിലാണ് ധോലാവീര. 1960കളിൽ ധോലാവീര സ്വദേശിയായ ശംഭുദാൻ ഗാദ്വി തന്നെയാണ് ഹാരപ്പൻ സംസ്കാരത്തിന്‍റെ തുടിപ്പുകൾ ഇവിടെ നിന്ന് ആദ്യം കണ്ടെത്തിയത്. ഗാദ്വിയുടെ കണ്ടെത്തലുകളിൽ കാര്യമുണ്ടെന്ന് സർക്കാരിനു തോന്നാൻ പിന്നെയും വർഷങ്ങളെടുത്തു. ക്രമണേ കാര്യം സർക്കാർ ഗൗരവത്തിലെടുത്തു. അങ്ങനെ 1990കൾ മുതൽ പ്രദേശത്ത് ഉദ്ഖനനം തുടങ്ങി. അതോടെയാണ് സിന്ധു നദീതട സംസ്കാരത്തിന്‍റെ വേറിട്ട ലോകം നമുക്കു മുന്നിൽ തെളിഞ്ഞത്. ഇതുവരെ കണ്ടെത്തിയ ഹാരപ്പൻ നഗരങ്ങളിൽ എട്ടാമത്തെ വലിയ നഗരമായാണ് ധോലാവീരയെ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ വിലയിരുത്തുന്നത്. 2021ൽ യുനെസ്കോയുടെ ലോക പൈതൃക നഗരങ്ങളുടെ പട്ടികയിലും ധോലാവീര ഇടംപിടിച്ചു. പതിമൂന്നു തവണയായി നടത്തിയ ഉദ്ഖനനത്തിൽ ഓരോന്നിലും ചരിത്രത്തിലേക്കുള്ള വലിയ വാതിലുകൾ ധോലാവീര തുറന്നു തന്നു. ഇന്ത്യയിൽ ഉദ്ഖനനം ചെയ്യപ്പെട്ട ഏറ്റവും വലിയ പുരാതന നഗരാവശിഷ്ടമാണ് ധോലാവീര. പാളികളായാണ് ധോലാവീര പുതഞ്ഞു കിടക്കുന്നത്. 3000 ബിസിയിൽ തുടങ്ങിയ നഗരത്തിന്‍റെ പ്രതാപകാലം 1400 ബിസിയോടെ ഇല്ലാതായെന്നാണ് കരുതുന്നത്. ചെറുകാറ്റിൽ ചെമ്മൺ പൊടി പാറുന്ന വഴികളിലൂടെ ധൃതിയിൽ നടക്കുന്നതിനിടെ ഗൈഡ് ഞങ്ങൾക്കു മുന്നിൽ നഗരത്തിന്‍റെ ചെറുരൂപരേഖ വരച്ചിട്ടു.
മറ്റു ഹാരപ്പൻ നഗരങ്ങളിൽ നിന്നെല്ലാം വിഭിന്നമാണ് ധോലാവീര. ചുടുകട്ടകൾക്കു പകരം ആകൃതിയൊത്ത കൽക്കഷ്ണങ്ങളാണ് ഇവിടെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് പ്രധാന വ്യത്യാസം. കല്ലുകൾ പാളികളായി വച്ച് കെട്ടിയുയർത്തിയ വലിയ മതിലുകളുടെ ശേഷിപ്പുകൾക്കിടയിലൂടെ നടന്ന് മുകളിലെത്തുമ്പോഴേക്കും സാധാരണക്കാരും ഭരണാധികാരികളും തമ്മിലുള്ള വ്യത്യാസം പതിയെ വ്യക്തമാകും. മറ്റു ഹാരപ്പൻ നഗരങ്ങളെല്ലാം രണ്ട് ഭാഗങ്ങളായി വേർതിരിച്ചിരിക്കുകയാണെങ്കിൽ, ധോലാവീരയിൽ മൂന്നു തട്ടുകളായാണ് വേർതിരിച്ചിട്ടുള്ളത്. രാജധാനി അഥവാ കോട്ട എന്നൊക്കെ വിശേഷിപ്പിക്കാവുന്ന, സിറ്റഡൽ എന്നറിയപ്പെടുന്ന, 16 മീറ്റർ ഉയരത്തിലുള്ള അന്തർനഗരം; 9 മീറ്റർ ഉയരത്തിൽ നിർമിക്കപ്പെട്ട ബെയ്‌ലി എന്ന മധ്യ നഗരം; ഏറ്റവും താഴെ 7 മീറ്റർ ഉയരത്തിൽ ലേക്ക് സിറ്റി എന്നറിയപ്പെടുന്ന കീഴ്നഗരം. സമൂഹത്തിലെ ഉയർച്ചതാഴ്ചകൾക്കനുസരിച്ചായിരുന്നിരിക്കാം ഓരോ നഗരങ്ങളിലെയും ആൾപ്പാർപ്പെന്ന് ചരിത്രകാരന്മാർ പറയുന്നു. മധ്യ, കീഴ് നഗരങ്ങൾ ധോലാവീരയുടെ വടക്കു ഭാഗത്തും അൽപ്പം ഉയർന്ന ഭാഗത്തുള്ള അന്തർനഗരം തെക്കുഭാഗത്തുമായാണ് നിർമിച്ചിരിക്കുന്നത്. അന്തർ നഗരത്തെ മറ്റു നഗരങ്ങളിൽ നിന്ന് വേർപെടുത്തുന്നത് വലിയൊരു സ്റ്റേഡിയത്തിനു തുല്യമായ മൈതാനമാണ്. അക്കാലങ്ങളിൽ പൊതുപരിപാടികൾ നടത്തുന്നതിനും മറ്റുമായി ഉപയോഗിച്ചിരുന്നതാകാം ഈ സ്റ്റേഡിയം. ""ഏതാണ്ട് പതിനായിരം പേർക്ക് ഇരിക്കാവുന്ന വിധത്തിലാണ് സജ്ജീകരണമെന്നാണ് ഗവേഷകരുടെ നിഗമനം''... ചരിത്രം പറഞ്ഞു കൊണ്ട് ഗൈഡ് മുന്നോട്ടു നടന്നു.... ആ പഴയ കാലത്തെ മുന്നിൽ കണ്ടെന്ന പോലെ ഞങ്ങൾ സ്റ്റേഡിയത്തിന്‍റെ കോണുകളിലേക്ക് മിഴികളൂന്നി.
ജലസംഭരണികളാണ് ധോലാവീരയിലെ ഏറ്റവും വലിയ പ്രത്യേകത... ലൂണ നദിയുടെ തീരത്തായിരുന്നിരിക്കാം ധോലാവീര എന്നാണ് കരുതുന്നത്. പക്ഷേ, ഇന്ന് സമീപത്തൊന്നും നദിയില്ല. ധോലാവീരയുടെ വടക്കു ഭാഗത്തു കൂടി മാൻസർ അരുവിയും തെക്കു ഭാഗത്ത് മാൻഹാർ അരുവിയും ഒഴുകിയിരുന്നു. മഴക്കാലത്ത് ഇവ തുളുമ്പി ഒഴുകും. ഇവിടെ നിന്നുള്ള ജലം ചെക് റിസർവോയറുകൾ വഴി നഗരത്തിൽ വിവിധയിടങ്ങളിലായി നിർമിച്ചിരിക്കുന്ന ജലസംഭരണികളിലേക്ക് തിരിച്ചു വിട്ടായിരുന്നു നഗരത്തിൽ ജീവിതം പച്ച പിടിപ്പിച്ചിരുന്നത്. ഏറ്റവും താഴെയുള്ള ലേക്ക് സിറ്റിയിലാണ് എല്ലാ റിസർവോയറുകളും നിർമിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപേ മനുഷ്യർ അണക്കെട്ടുകൾ വഴി ജലം തിരിച്ചു വിട്ടിരുന്നുവെന്നതിന്‍റെ അദ്ഭുതാവഹമായ തെളിവ്. ഒന്നും രണ്ടുമല്ല, ചെറുതും വലുതുമായ 16 ജലസംഭരണികളാണ് പുരാതന നഗരത്തിൽ ഉണ്ടായിരുന്നത്. മഴവെള്ളം ശേഖരിക്കാനും കൃഷിക്കും മറ്റാവശ്യങ്ങൾക്കുമെല്ലാം ഉതകും വിധത്തിൽ നൂറ്റാണ്ടുകൾക്കു മുൻപേ ധോലാവീരയിലെ ജനങ്ങൾ ജലസംഭരണികൾ നിർമിച്ചു. 23 അടി ആഴമുള്ള ജലസംഭരണികൾ വരെയുണ്ട് കൂട്ടത്തിൽ. ജലം ശേഖരിക്കാൻ താഴേക്കിറങ്ങുന്നതിന് കല്ലുകൾ കൊണ്ട് തീർത്ത ദീർഘമായ പടവുകൾ.... കച്ചിലെ ഉപ്പു മരുഭൂമിക്ക് തൊട്ടടുത്തായാണ് ധോലാവീരയുടെ സ്ഥാനം. ""എന്നിട്ടും ഇവിടത്തെ കിണറുകളിൽ ഇപ്പോഴും ശുദ്ധജലം കിനിയുന്നുണ്ടെന്നതാണ് അദ്ഭുതകരം'' ഗൈഡ് തുടർന്നു. ഒരു പക്ഷേ, അതു കൊണ്ടു തന്നെയായിരിക്കാം ഈ മേഖലയിൽ നാഗരികത പച്ച പിടിച്ചതും. ജലസംഭരണികളിൽ നിന്ന് വെള്ളം മറ്റു പ്രദേശങ്ങളിലേക്ക് ഒഴുക്കുന്നതിനായി ചെറിയ കനാലുകളും നിർമിച്ചിരുന്നു. എളുപ്പത്തിൽ താഴേക്കിറങ്ങി വൃത്തിയാക്കാൻ സാധിക്കും വിധം പടവുകളോടു കൂടിയാണ് ഓരോ ചാലുകളും നിർമിച്ചിരുന്നത്. കുളിക്കാനുള്ള കടവുകളും നിർമിച്ചിട്ടുണ്ട്. വേനൽക്കാലത്ത് ചുട്ടുപൊള്ളി ഒരു തുള്ളി വെള്ളം പോലുമില്ലാതെ ഉരുകുന്ന വിധമുള്ള ഭൂപ്രകൃതിയാണ് ധോലാവീരയുടേത്. അത് തിരിച്ചറിഞ്ഞായിരിക്കാം ചെക് ഡാമുകൾ ഉൾപ്പെടെയുള്ള ജലസംഭരണികളുടെ നിർമിതിയിലേക്ക് നഗരം കടന്നത്.
ചെമ്മണ്ണ് പരന്ന മണ്ണിൽ ഇടയ്ക്കിടെ മഞ്ഞപ്പൂക്കൾ പൂത്തു നിൽക്കുന്ന ചെറു മരങ്ങൾ. ശിശിരകാലമായതു കൊണ്ടാകാം, വറ്റിപ്പോയ ജലസംഭരണികൾ. മഴക്കാലമാകുമ്പോൾ ഈ സംഭരണികളെല്ലാം നിറയുമെന്ന് ഗൈഡ്.... ഏഴു ഘട്ടങ്ങളായാണ് ധോലാവീരയുടെ വളർച്ചയെയും തളർച്ചയെയും ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ ഒന്നാം ഘട്ടം നഗരത്തിന്‍റെ നിർമാണകാലമാണ്. 3000 ബിസിയിൽ വലിയൊരു ഭൂപ്രദേശത്തേക്ക് അന്നത്തെ മനുഷ്യർ എത്തിപ്പെടുകയും താമസസ്ഥലങ്ങൾ ഉണ്ടാക്കുകയും ചെയ്ത കാലം. രണ്ടാമത്തെ ഘട്ടം നഗരത്തിന്‍റെ പ്രതാപകാലമാണ്. വെളുപ്പും പിങ്കും നിറമുള്ള കളിമണ്ണ് കുഴച്ച് ഭിത്തികൾ മോടി പിടിപ്പിച്ചിരുന്ന കാലം.
മൂന്നാമത്തെ ഘട്ടമാണ് ധോലാവീരയുടെ നിർണായകമായ കാലഘട്ടം. ജലസംഭരണികൾ നിർമിക്കപ്പെട്ട കാലം. നാലാമത്തെ ഘട്ടത്തിൽ ആശയവിനിമയത്തിനായി മനുഷ്യർ ചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ധോലാവീരയിലെ ഗേറ്റുകളിൽ ഇത്തരം ചിഹ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരു പക്ഷേ ചരിത്രത്തിൽ ആദ്യമായി ഗതാഗത സംവിധാനത്തിനായി സൈൻ ബോർഡുകൾ ഉപയോഗിച്ചിരുന്നത് ധോലാവീരയിൽ ഉണ്ടായിരുന്നവരാകാമെന്ന് ചരിത്രകാരന്മാർ പറയുന്നു.
അഞ്ചാമത്തെ ഘട്ടത്തിൽ നഗരത്തിന്‍റെ തകർച്ച ആരംഭിക്കും. കടുത്ത ചൂടിൽ നഗരം ചുട്ടുനീറി. ക്ഷാമവും വരൾച്ചയും നഗരവാസികളുടെ ജീവിതം ദുസ്സഹമാക്കി. ആറാമത്തെ ഘട്ടത്തിൽ നഗരം ചെറുപട്ടണമായി രൂപാന്തരപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. വലിയ സാംസ്കാരിക മാറ്റവും അക്കാലത്തുണ്ടായി. നഗരത്തിൽ ആൾപ്പാർപ്പ് കുറഞ്ഞു.
ഏഴാമത്തെ ഘട്ടത്തിൽ വീണ്ടും നഗരത്തിലേക്ക് ജനങ്ങളെത്തി. പക്ഷേ, അവർ നഗരത്തിലെ ചെറിയ പ്രദേശത്ത് മാത്രമാണ് ജീവിച്ചിരുന്നത്. അക്കാലത്ത് ഗുജറാത്തിലെ പരമ്പരാഗത നിർമാണ രീതിയിൽ ഭുംഗാസിന് സമാനമായി അർധവൃത്താകൃതിയിലുള്ള കുടിലുകൾ നിർമിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാലത്ത് പ്രദേശത്ത് ആര്യന്മാരുടെ കടന്നുകയറ്റം ഉണ്ടായതായും ചരിത്രകാരന്മാർ സംശയിക്കുന്നു.
പഴയ കാലത്ത് മേഖലയിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നിരിക്കാം ധോലാവീര. കരകൗശലത്തിലും കലയിലും ധോലാവീരയിലുള്ളവർ പ്രഗത്ഭരായിരുന്നുവെന്നതിന്‍റെ തെളിവുകളും ഉദ്ഖനനത്തിനിടെ പുറത്തു വന്നിട്ടുണ്ട്. കണക്കുകൾ തെറ്റാതെയുള്ള നിർമാണ രീതിയാണ് ഇപ്പോഴും ചരിത്രകാരന്മാരെ അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന്. കൃത്യം ദീർഘചതുരാകൃതിയിലാണ് നഗരത്തിലെ നിർമിതികളിൽ പലതും. അതുപോലെ തന്നെ ചെമ്പ് നിർമാണ കേന്ദ്രങ്ങൾ, മുത്തു നിർമാണശാല, കളിമണ്ണിലും സ്വർണത്തിലും ആനക്കൊമ്പിലും മറ്റും നിർമിച്ച ആഭരണങ്ങൾ, മൺപാത്രങ്ങൾ, മുദ്രകൾ എന്നിവയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കടുകുമണിയെക്കാൾ ചെറിയ മുത്തുകൾ കൊണ്ടുള്ള ആഭരണങ്ങൾ വരെ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അത്രയും സൂക്ഷ്മവും വിദഗ്ധവുമായിരുന്നു ഇവരുടെ കലാവിരുതുകൾ. അതുപോലെ തന്നെ സ്മാരക കുടീരങ്ങളോടു കൂടിയ ശ്മശാനവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നു കണ്ടെത്തിയവയെല്ലാം തൊട്ടടുത്തുള്ള മ്യൂസിയത്തിൽ സന്ദർശകർക്കായി സൂക്ഷിച്ചിരിക്കുന്നു.
നഗരം എങ്ങനെ ഇല്ലാതായി എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ചരിത്രകാരന്മാർ മുന്നോട്ടുവയ്ക്കുന്നത്. കടുത്ത ചൂടും വരൾച്ചയും കാലാവസ്ഥാ വ്യതിയാനവും മൂലം നഗര ജീവിതം ദുസ്സഹമായതോടെ ജനങ്ങൾ നഗരം ഉപേക്ഷിച്ചു പോയെന്നാണ് അതിലൊന്ന്. അവസാന കാലഘട്ടങ്ങളിൽ നഗരത്തിൽ ഹാരപ്പൻ സംസ്കാരത്തിൽ നിന്ന് വിഭിന്നമായ പലതുമാണ് കണ്ടെത്തിയത്. അതിന്‍റെ കാരണവും വ്യക്തമല്ല. ധോലാവീരയ്ക്ക് പച്ചപ്പ് പകർന്നിരുന്ന സരസ്വതി നദി വറ്റിപ്പോയെന്നും, നദി ഇല്ലാതായതോടെ നഗരത്തിലെ താമസക്കാർ തെക്കൻ ഗുജറാത്തിൽ ഗംഗാ നദിയുടെ തീരത്തേക്കും മഹാരാഷ്ട്രയിലേക്കും താമസം മാറ്റിയെന്നും വിശ്വസിക്കുന്നവരുണ്ട്. മറ്റൊന്ന്, പുരാതനമായൊരു സുനാമിയിൽ നഗരം അപ്പാടെ തകർന്നുവെന്നതാണ്. മെസപ്പൊട്ടേമിയൻ നഗരങ്ങളുടെ തകർച്ചയുടെ ബാക്കി ഹാരപ്പൻ നഗരങ്ങളിലും പ്രതിഫലിച്ചതാവാം എന്നു കരുതുന്നവരുമുണ്ട്. ഇതിൽ ഏതാണ് യാഥാർഥ്യം എന്നത് ഇപ്പോഴും അവ്യക്തമായി തുടരുന്നു. ചെമ്മണ്ണ് പുതച്ചു നിൽക്കുന്ന തിരുശേഷിപ്പുകൾ കടന്ന് പുരാതന നഗരത്തിന് ഒറ്റത്തവണ പ്രദക്ഷിണം വച്ച് ഞങ്ങൾ വീണ്ടും ചരിത്രം കുറിച്ചു വച്ചിരിക്കുന്ന ഗ്രാനൈറ്റ് പാളികൾക്കരികിലെത്തി. ആയിരക്കണക്കിന് ആണ്ടുകളുടെ ചരിത്രത്തിൽ പലതും ഇപ്പോഴും വെളിച്ചം കാണാതെ ആ നഗരത്തിന്‍റെ പാളികൾക്കിടയിൽ അവശേഷിക്കുന്നുണ്ട്. തിരിച്ചു പോകുമ്പോൾ പത്തു രൂപയ്ക്ക് ഇലക്കുമ്പിൾ നിറയെ ബേർ പഴങ്ങളുമായി കുട്ടിക്കച്ചവടക്കാർ കാത്തുനിന്നിരുന്നു. കാലങ്ങളായി ആണ്ടു കിടക്കുന്ന ഭൂതകാലവും പേറി കായ്ച്ചതു കൊണ്ടായിരിക്കാം, ചുവന്നു തുടുത്ത ബേർ പഴങ്ങളോരോന്നിനും ഓർമകളെക്കാൾ മധുരമുണ്ടായിരുന്നു.
വിന്ധ്യശൈലത്തിന്‍റെ താഴ്‌വരയിൽ... ഏകതാ പ്രതിമയുടെ നാട്ടിലേക്കൊരു യാത്ര|ഗുജറാത്ത് ചാപ്റ്റർ -1
പോയ വസന്തം നിറമാല ചാർത്തും ആദിത്യ ദേവാലയം...|ഗുജറാത്ത് ചാപ്റ്റർ-2
രാത്രിയിൽ ചെന്നായ്ക്കൾ ഇറങ്ങുന്ന അതിർത്തി ഗ്രാമം|ഗുജറാത്ത് ചാപ്റ്റർ-3