ശാസ്ത്രം ജനങ്ങളിലേക്ക് | പരമ്പര - ഭാഗം 1
ദിശാബോധം ലഭിച്ച പരിസ്ഥിതിവാദം
അജയൻ
ഏതു സംഘടനയ്ക്കും സുപ്രധാനമായൊരു നാഴികക്കല്ലാണ് 60 വർഷം പിന്നിടുന്ന പ്രവർത്തന പാരമ്പര്യം. ശാസ്ത്രം പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്ന എഴുത്തുകാരുടെ സംഘടനയായി 1962ൽ രൂപംകൊണ്ട ശാസ്ത്ര സാഹിത്യ പരിഷത്ത് ക്രമേണ ഈ മേഖലയിൽ താത്പര്യമുള്ള ഒരുപാടുപേരുടെ സംഘടനയായി മാറി. അതോടൊപ്പം കേവലം ശാസ്ത്ര പ്രചാരണം മാത്രം പോരാ, അതോടൊപ്പം എങ്ങനെയാണ് ശാസ്ത്രവും സാങ്കേതികവിദ്യയും സമൂഹത്തെ ബാധിക്കുന്നത്, വിശേഷിച്ചും സമൂഹത്തിലെ ദുർബലവിഭാഗങ്ങളെ അത് ബാധിക്കുന്നത് എന്നു കൂടി പരിശോധിക്കേണ്ടതാണെന്നും സംഘടനയ്ക്ക് മനസിലായി. അങ്ങനെയാണ് ശാസ്ത്രവും വികസനവും എന്ന പരിശോധനയിലേക്കും പരിഷത്ത് കടക്കുന്നത് - പ്രമുഖ ആക്റ്റിവിസ്റ്റ് പ്രൊഫ. ആർ.വി.ജി. മേനോൻ അനുസ്മരിക്കുന്നു.
ഈ മാറ്റത്തെ ഉൾക്കൊള്ളാത്ത പല പ്രവർത്തകരും, സംഘടനയുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ച ചിലരുൾപ്പെടെ, അതോടെ പരിഷത്തിൽ നിന്ന് മാറുകയുമുണ്ടായി. ഇതൊക്കെ രാഷ്‌ട്രീയത്തിന്‍റെ മേഖലയാണെന്നും ശാസ്ത്ര പ്രവർത്തകർ അതിൽ നിന്നൊക്കെ മാറിനിൽക്കണമെന്നുമായിരുന്നു അവരുടെ കാഴ്ചപ്പാട്.
കേരളത്തിന്‍റെ പാരിസ്ഥിതിക പ്രക്ഷോഭങ്ങൾക്കു ദിശാബോധം പകർന്ന സൈലന്‍റ് വാലി സമരത്തിന്‍റെ മുന്നണിയിൽ പരിഷത്ത് ഉണ്ടായിരുന്നു. 1970കളിൽ സൈലന്‍റ് വാലിയിലെ മഴക്കാടുകൾ സംരക്ഷിക്കാൻ നടത്തിയ സമരം സംസ്ഥാനത്തെ പരിസ്ഥിതി സംവാദങ്ങളുടെ സന്തുലനം തന്നെ മാറ്റിയെഴുതി; സംസ്ഥാനത്ത് പരിസ്ഥിതി വിരുദ്ധമായ നടപടികൾ അപ്പാടെ വിമർശനവിധേയമാകുന്നതും ഇതിനു ശേഷമാണ്. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരേയും സമീപകാലത്ത് കെ- റെയ്‌ലിനെതിരേയും ഉയർന്ന ജനകീയ പ്രക്ഷോഭത്തിനു പിന്നിലുള്ള പരിസ്ഥിതി അവബോധത്തിന്‍റെ ബീജാവാപം സൈലന്‍റ് വാലി സമരത്തിലായിരുന്നു.
പ്രമുഖ പക്ഷിനിരീക്ഷകൻ സലിം അലിയുടെ അഭിപ്രായത്തിൽ, ""സൈലന്‍റ് വാലി ഒരു നിത്യഹരിത വനം മാത്രമല്ല; ഭൂമിയിൽ തന്നെ ഏറ്റവും സമൃദ്ധവും ഏറ്റവും ഭീഷണി നേരിടുന്നതും ഏറ്റവും കുറവ് പഠിക്കപ്പെട്ടതുമായ ഒരു ആവസവ്യവസ്ഥയാണ്''. ഡോ. എം.ജി.കെ. മേനോന്‍റെയും പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും മറ്റും മുൻകൈയിൽ കേന്ദ്ര സർക്കാരിന്‍റെ കടുത്ത സമ്മർദത്തെത്തുടർന്നാണ് ആ പ്രോജക്റ്റ് മാറ്റിവയ്ക്കാൻ അന്നത്തെ കേരള സർക്കാർ നിർബന്ധിതമായത്.

കേരളത്തിലെ മുൻനിരയിലുള്ള അനേകം കവികളുടെയും എഴുത്തുകാരുടെയും പിന്തുണ സൈലന്‍റ് വാലി സമരത്തിനു ലഭിച്ചിരുന്നത് ആർ.വി.ജി അനുസ്മരിക്കുന്നു. സമരത്തെത്തുടർന്ന് പദ്ധതി മാറ്റിവച്ചത് അത്യപൂർവമായ ഒരു സംഭവമായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പേരിൽ ഒരു വികസന പ്രോജക്റ്റ് വേണ്ടെന്നു വയ്ക്കുക എന്നത് കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തകരെ പ്രചോദിപ്പിച്ചു. തുടർന്ന് അനവധി വികസന പ്രോജക്റ്റുകളിൽ പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തണമെന്നും അവ പുനപ്പരിശോധിക്കണമെന്നും വാദമുയർന്നു. ആ വാദം മുന്നോട്ടുവച്ച് അനേകം ചെറു ചെറു സംഘടനകൾ മുന്നോട്ടു വന്നു. ഇത്തരം പ്രക്ഷോഭങ്ങൾ കേരളത്തിൽ സാധാരണമായി.
ഇവയിലെല്ലാം പരിഷത്തിന് ആ പ്രക്ഷോഭകർ ആശിച്ച, അല്ലെങ്കിൽ പ്രതീക്ഷിച്ച തരത്തിൽ ഇടപെടാൻ പലപ്പോഴും കഴിഞ്ഞില്ലെന്നും ആർവിജി ചൂണ്ടിക്കാട്ടുന്നു. അതിന് നേരത്തെ സൂചിപ്പിച്ച കാരണങ്ങൾ ഉണ്ടായിരുന്നു. പരിഷത്തിനെതിരേ പരാതികളും ആക്ഷേപങ്ങളും ഉയരാൻ ഇതും കാരണമായിട്ടുണ്ടാകാമെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തൽ.
ശാസ്ത്രവും സാങ്കേതികവിദ്യകളും സമൂഹത്തിലെ ദുർബലവിഭാഗങ്ങളുടെ ഉന്നമനത്തിന് ഉതകുന്നു എന്നു പ്രത്യേകിച്ച് ശ്രദ്ധിക്കണമെന്ന വാദം സ്വാഭാവികമായും ഇടതുപക്ഷ ചിന്താഗതിക്കാരെ ആകർഷിക്കുകയും അങ്ങനെയുള്ളവർ കൂടുതലായി പരിഷത്തിലേക്കു വരുകയും ചെയ്തു. മുൻകാലങ്ങളിലെ പ്രവർത്തനോർജം നഷ്ടപ്പെടാൻ ഇതു കാരണമായിട്ടുണ്ടാകാം, പരിഷത്തിന്‍റെ തലപ്പത്തിരിക്കുന്നവർ അങ്ങനെയൊരു അഭിപ്രായത്തോടു യോജിച്ചില്ലെങ്കിലും.
പരിഷത്ത് അതിന്‍റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്നു വ്യതിചലിച്ചത് സൈലന്‍റ് വാലി പ്രക്ഷോഭത്തോടെയാണെന്ന ഒരു വാദവും നിലനിൽക്കുന്നുണ്ട്. ഈ പ്രക്ഷോഭത്തിനിടെ ഉയർന്നു വന്ന നിർണായകമായ വിഷയം മഴക്കാടുകളുടെ പ്രാധാന്യവും നിത്യഹരിത വനങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ പ്രാധാന്യവും മനസിലാക്കുക എന്നതായിരുന്നു. പശ്ചിമഘട്ടത്തിന്‍റെ തെക്കൻ മേഖലയിലുള്ള ഒരേയൊരു മഴക്കാടാണ് സൈലന്‍റ് വാലി. ഇതിനൊപ്പം ഉയർന്നു വന്ന നദീസംരക്ഷണ വിഷയം അര നൂറ്റാണ്ടിനിപ്പുറത്തും പരിഹരിക്കപ്പെടാതെ കിടക്കുന്നു. 2018ലെ പ്രളയകാലത്ത് നദികൾ അവയുടെ യഥാർഥ പാത വീണ്ടെടുത്തപ്പോഴാണ് അണക്കെട്ടുകൾ കാരണമുള്ള അപകടത്തെക്കുറിച്ച് ബോധ്യമുണ്ടാകുന്നത്. എന്നാൽ, ഈ ആശങ്കകൾ പരിഗണനയിൽ വന്നില്ല. ഒരു വിഭാഗം ശാസ്ത്രജ്ഞർ ഡാമുകൾ വേണ്ടെന്ന നിലപാടടെടുത്തപ്പോൾ പരിഷത്ത് അവർക്കൊപ്പം നിൽക്കാൻ തയാറായില്ല. വികസനത്തിനു വേണ്ടിയുള്ള ത്വര അത്തരം വിമർശനാത്മക കാഴ്ചപ്പാടുകൾക്കു മേൽ നിഴൽ വീഴ്ത്തിക്കളഞ്ഞു. അടിസ്ഥാന ആശയത്തോട് വിട്ടുവീഴ്ച ചെയ്ത് വികസന അജൻഡ സ്വീകരിച്ചതിനും പരിഷത്ത് വിമർശിക്കപ്പെടുന്നു.

ഈ പരിവർത്തനം കൊണ്ട് പരിഷത്തിന്‍റെ സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാൻ സഹായകമായി. എങ്കിലും അതോടൊപ്പം പരിഷത്ത് ഒരു ഇടതുപക്ഷപാർട്ടിയുടെ പങ്കാളിയാണ് എന്ന പറച്ചിലിനും അത് കാരണമായെന്ന് ആർ.വി.ജി. മേനോൻ വിലയിരുത്തുന്നുണ്ട്. അതൊക്കെ അങ്ങനെ കിടക്കും. നമുക്ക് ശരിയാണെന്നു തോന്നുന്നത് ചർച്ച ചെയ്യുക, അതിനനുസരിച്ചുള്ള പരിപാടികളിൽ ഏർപ്പെടുക എന്നതാണ് ഈ വിഷയത്തിൽ പരിഷത്ത് പിൻതുടർന്നുപോന്നിട്ടുള്ള സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അതേസമയം, ഏതെങ്കിലും വിഷയത്തിൽ പരിഷത്തിന്‍റെ കാഴ്ചപ്പാടും നിലപാടും എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നതിൽ ഏതെങ്കിലും രാഷ്‌ട്രീയപാർട്ടി(കൾ) ഇടപെട്ടിട്ടുണ്ടോ എന്നാണ് ചോദ്യമെങ്കിൽ, "ഒരിക്കലുമില്ല' എന്നുതന്നെയാണ് ഉറച്ച ഉത്തരമെന്ന് 35 വർഷത്തെ പരിഷത്ത് ജീവിതം തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു ആർ.വി.ജി.
""ഇതോടൊപ്പം ഒന്നുകൂടി പറയേണ്ടിയിരിക്കുന്നു'', അദ്ദേഹം തുടർന്നു, ""പല പരിഷത്ത് പ്രവർത്തകരും ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയിൽ അംഗങ്ങളോ പ്രവർത്തിക്കുന്നവരോ ആയിരിക്കും. അവർക്ക് അവരുടേതായ രാഷ്‌ട്രീയ കാഴ്ചപ്പാടും ഉണ്ടായിരിക്കാം. അത് അവർ പരിഷത്തിൽ അവതരിപ്പിക്കുന്ന അഭിപ്രായങ്ങളിൽ പ്രതിഫലിക്കുന്നതിൽ അദ്ഭുതമില്ല. പക്ഷേ, പരിഷത്ത് അത് സ്വീകരിച്ചുകൊള്ളണമെന്നോ അങ്ങനെ തന്നെ പ്രവർത്തിക്കണമെന്നോ അവരൊരിക്കലും വാശിപിടിച്ചുകണ്ടിട്ടില്ല. അതു സാധ്യവുമല്ല. എന്തെന്നാൽ ഒരു പാർട്ടിയോടും ആഭിമുഖ്യമില്ലാത്ത ഒരുപാടു പ്രവർത്തകരും പരിഷത്തിലുണ്ട്. അതിനാൽ തുറന്ന അഭിപ്രായപ്രകടനങ്ങളും ചർച്ചകളുമാണ് പരിഷത്തിൽ നടക്കുക. അങ്ങനെ ക്രമേണയാണ് ഒരു നിലപാടിലേക്ക് സംഘടന എത്തുക. അതിനു കുറച്ചുകൂടുതൽ സമയം എടുത്തേക്കാം. കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന തോന്നൽ ഉണ്ടായേക്കാം. അതെല്ലാം ഒരു ശാസ്ത്ര സംഘടനയുടെ പ്രവർത്തനത്തിൽ ഒഴിച്ചുകൂടാനാവാത്ത സംഗതികളാണ്. ഈ താമസം ചിലപ്പോഴെല്ലാം സംഘടനയെ തെറ്റിദ്ധാരണയ്ക്ക് വിധേയമാക്കാറുമുണ്ട്. ചില സംഘടനകളുടെ കാര്യത്തിൽ ചുരുക്കം ചില ആളുകൾക്ക് ബോധ്യം വന്നാൽ ഒരു നിലപാടിലേക്ക് നീങ്ങാൻ എളുപ്പമാണ്. പരിഷത്തിൽ അത് പറ്റില്ല. വേണ്ടത്ര ചർച്ചകളും കൂടിയാലോചനകളും ഉണ്ടായേ തീരൂ. അത് പരിഷത്തിന്‍റെ ജനാധിപത്യ സ്വഭാവത്തിന്‍റെ ഭാഗമാണ്''.
(ഒരു കാലത്ത് കേരള സമൂഹത്തിൽ പരിഷത്ത് നേടിയിരുന്ന അംഗീകാരവും സ്വാധീനവും ഇപ്പോഴുണ്ടോ എന്ന ചോദ്യം പരിഷത്തുകാരെയും പരിഷത്തിന്‍റെ സുഹൃത്തുക്കളെയും അലട്ടുന്നുണ്ട്. അതെക്കുറിച്ച് അടുത്ത ഭാഗത്തിൽ)