
ശാസ്ത്രം ജനങ്ങളിലേക്ക് | പരമ്പര, ഭാഗം - 2
ഒരു കാലത്ത് കേരളസമൂഹത്തിൽ പരിഷത്ത് നേടിയിരുന്ന അംഗീകാരവും സ്വാധീനവും ഇപ്പോഴുണ്ടോ എന്ന ചോദ്യം പരിഷത്തുകാരെയും പരിഷത്തിന്‍റെ സുഹൃത്തുക്കളെയും അലട്ടാറുണ്ടെന്നത് ആർ.വി.ജി. മേനോനെപ്പോലുള്ളവരും സമ്മതിക്കുന്ന കാര്യമാണ്. കാലക്രമേണ ഉണ്ടായിവന്നതാണ് ഈ വ്യത്യാസം. അതിനു ചരിത്രപരമായ കാരണങ്ങളുമുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു.
വികസന അജൻഡയിലേക്കു തിരിച്ചുവരുമ്പോൾ, പല പരിസ്ഥിതി പ്രക്ഷോഭങ്ങളുടെയും ഭാഗമായിട്ടുണ്ടെങ്കിലും, വികസനം, ആരോഗ്യം, ശാസ്ത്രാവബോധം എന്നീ രംഗങ്ങളിൽ കൂടി ഇടപെടുന്ന പ്രസ്ഥാനമാണ് പരിഷത്ത് എന്നാണ് ആർവിജിയുടെ പക്ഷം.
ശാസ്ത്രഗതി, ശാസ്ത്രകേരളം, യൂറീക്ക തുടങ്ങിയ പ്രസിദ്ധീകരണങ്ങൾക്ക് കുട്ടികളെ ശാസ്ത്രരംഗത്തേക്ക് ആകർഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. എഴുനൂറിലധികം ശാസ്ത്ര പുസ്തകങ്ങൾ പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ശാസ്ത്രഗ്രന്ഥങ്ങളുടെ കർത്താവും ഗവേഷകനും, യൂറീക്ക മാമൻ എന്ന പേരിൽ പ്രസിദ്ധനുമായ പ്രൊഫ. എസ്. ശിവദാസിന്‍റെ അഭിപ്രായത്തിൽ, ഇന്നത്തെ യുവാക്കൾ കൂടുതലായി കരിയറിൽ ശ്രദ്ധിക്കുന്നവരാണ്. മുൻപ് ഏറെ വായനക്കാരുണ്ടായിരുന്ന ശാസ്ത്ര പുസ്തകങ്ങൾ ഇന്നത്തെ യുവാക്കളെ ആകർഷിക്കുന്നില്ല. വായനാശീലം പുനരുജ്ജീവിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു.
പരിഷത്ത് പല പരിസ്ഥിതി സംരക്ഷണ സമരങ്ങളിലും ഏർപ്പെട്ടിട്ടുണ്ടെങ്കിലും, പരിസ്ഥിതി സംരക്ഷണത്തോടൊപ്പം വികസനത്തിലും ആരോഗ്യസംരക്ഷണത്തിലും ശാസ്ത്രബോധം വളർത്തുന്നതിലും ഒക്കെ ഏർപ്പെട്ടിട്ടുള്ള ഒരു സംഘടന കൂടിയാണതെന്ന് ആർ.വി.ജി. മേനോൻ ഓർമിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സൈലന്‍റ് വാലി പ്രക്ഷോഭത്തോടോടൊപ്പം, കേരളവികസനത്തിനു കൂടുതൽ ഊർജം ആവശ്യമാണെന്നും അത് വികസിപ്പിക്കുന്നതിന് പുതിയ പദ്ധതികൾ ആവശ്യമാണെന്നും പരിഷത്ത് വാദിച്ചിരുന്നു. അന്നത്തെ കാലത്ത് കാർബൺ ഡയോക്സയിഡ് ദൂഷണത്തെപ്പറ്റി വേണ്ടത്ര അറിവ് ഇല്ലതിരുന്നതുകൊണ്ട് കൂടുതൽ താപനിലയങ്ങൾ വേണം എന്നായിരുന്നു പരിഷത്തിന്‍റെ വാദം. എങ്കിലും ക്രമേണ ആഗോളതാപനവും കാലാവസ്ഥാമാറ്റവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതോടെ സുസ്ഥിരവികസനത്തെയും അക്ഷയ ഊർജ സ്രോതസുകളെപ്പറ്റിയും പരിഷത്ത് ജനങ്ങളൊടു പറയാൻ തുടങ്ങി.
സൗരോർജത്തെപ്പറ്റിയും കാറ്റാടി വൈദ്യുത പദ്ധതികളെ പറ്റിയും കേരളീയരോട് ആദ്യമായി പറഞ്ഞത് ഒരു പക്ഷേ പരിഷത്തുകാരായിരിക്കാം. കൽക്കരി, എണ്ണ, ഗ്യാസ് എന്നീ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറി സൗരോർജം പവനോർജം എന്നീ അക്ഷയ ഊർജ സ്രോതസുകളിലേക്ക് കേരളവും മാറേണ്ടതിനെപ്പറ്റിയും അതിന്‍റെ സാധ്യതകളെ പറ്റിയും കേരളീയരോട് പറഞ്ഞതും പരിഷത്ത് ആയിരുന്നു. 2008ൽ പരിഷത്ത് പ്രസിദ്ധീകരിച്ച "ഊർജം ഊർജം" എന്ന പുസ്തകം ഇത്തരത്തിലുള്ള ഒരു ഊർജവിപ്ലവം വിശദീകരിച്ചു. പക്ഷേ, ദൗർഭാഗ്യവശാൽ ഇത് ആശിച്ചത്ര വിജയിച്ചില്ല.
എങ്കിലും സൗരോർജ പ്രചാരണത്തിൽ കേരള സർക്കാരും അനെർട്ടും കുറെയേറെ മുന്നോട്ടു പോയി. കെഎസ്ഇബി പോലും ആശയപരമായെങ്കിലും പാരമ്പര്യേതര ഊർജ സ്രോതസുകളെ അംഗീകരിക്കുന്ന നിലപാടിലേക്ക് മാറാൻ നിർബന്ധിതരായി. 50 മെഗാവാട്ട് എങ്കിലും ശേഷിയില്ലാത്ത പ്രോജക്ടുകൾ കളിപ്പാട്ടങ്ങളാണ് എന്ന് ആക്ഷേപിച്ചിരുന്ന അവർ, ചെറുകിട ജലവൈദ്യുത പദ്ധതികളെയും സൗരോർജ കാറ്റാടി പദ്ധതികളെയും പുരപ്പുറ സൗരോർജ പ്ലാന്‍റുകളെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടിലേക്കെത്തി. ഇതെല്ലം പരിഷത്ത് നടത്തിവന്ന പ്രചാരണങ്ങളുടെ കൂടി ഫലമാണെന്ന് ആർവിജി അവകാശപ്പെടുന്നു.
കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്‍റെയും ജനകീയാസൂത്രണത്തിന്‍റെയും പ്രധാന ചാലകശക്തി ശാസ്ത്ര സാഹിത്യ പരിഷത്തായിരുന്നു. മുൻ ഇടതുപക്ഷ സർക്കാരുകൾ ഇവ പ്രവൃത്തിപഥത്തിലെത്തിച്ചപ്പോൾ എത്രമാത്രം കാര്യക്ഷമമായി എന്നതു ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. എന്നാൽ, പരിഷത്തിന്‍റെ സാധുത, അല്ലെങ്കിൽ വിജയം, അളക്കേണ്ടത് അവർ എത്ര സമരം നടത്തി വിജയിപ്പിച്ചു എന്ന കണക്കു നോക്കിയല്ല, കേരളീയരുടെ ചിന്താധാരയിൽ എന്തെന്തു മാറ്റങ്ങൾ അവരുടെ പ്രവർത്തനം മൂലം വരുത്താൻ കഴിഞ്ഞു എന്നുകൂടി നോക്കിയാണ് എന്ന് വരുന്നു. അങ്ങനെ നോക്കുമ്പോൾ കഴിഞ്ഞ അറുപതു വർഷം വൃഥാവിലായില്ല എന്ന് നിസ്സംശയം പറയാം.
സമീപകാലത്ത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പദയാത്രയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികൾ യാത്രയ്ക്കു സ്വീകരണം നൽകി. പൊതുവിൽ ഇടതുപക്ഷ അനുകൂല സംഘടന എന്നു വിശേഷിപ്പിക്കപ്പെടുന്ന പരിഷത്തിന് പെട്ടെന്ന് ഇത്തരത്തിൽ രാഷ്‌ട്രീയാതീതമായ സ്വീകാര്യത ലഭിക്കാൻ ഒരു കാരണം കെ- റെയ്‌ലിനെതിരായ ജനകീയ പ്രക്ഷോഭത്തിന് സംഘടന നൽകിയ പിന്തുണ കൂടിയാകാം. ഈ പദ്ധതി താത്കാലികമായി നിർത്തിവയ്ക്കാനും സംസ്ഥാന സർക്കാർ നിർബന്ധിതമായിരുന്നു.
(കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 60 വർഷം പിന്നിടുന്ന പശ്ചാത്തലത്തിൽ, സംഘടനയുടെ വർത്തമാനകാല പ്രസക്തിയും പ്രവർത്തനങ്ങളും സംബന്ധിച്ച് പരിഷത്തിന്‍റെ പ്രസിഡന്‍റ് ബി. രമേശുമായി നടത്തിയ സംഭാഷണം അടുത്ത ഭാഗം മുതൽ....)