പരിസ്ഥിതിവത്കരിക്കപ്പെട്ട ജനാധിപത്യം

പരിസ്ഥിതിവത്കരിക്കപ്പെട്ട ജനാധിപത്യം

ശാസ്ത്രം ജനങ്ങളിലേക്ക്, മെട്രൊ വാർത്ത പ്രതിനിധി അജയൻ തയാറാക്കിയ പരമ്പരയുടെ മൂന്നാം ഭാഗം | കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്‍റ് ബി. രമേശുമായുള്ള അഭിമുഖം
Published on

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 60 വർഷം പിന്നിടുന്ന പശ്ചാത്തലത്തിൽ, സംഘടനയുടെ വർത്തമാനകാല പ്രസക്തിയും പ്രവർത്തനങ്ങളും സംബന്ധിച്ച് പരിഷത്തിന്‍റെ പ്രസിഡന്‍റ് ബി. രമേശുമായി മെട്രൊ വാർത്ത പ്രതിനിധി അജയൻ നടത്തിയ സംഭാഷണം.

അജയൻ
അജയൻMetro Vaartha
Q

60 വർഷം സുപ്രധാനമായൊരു നാഴികക്കല്ലാണ്. സംസ്ഥാനത്തിന്‍റെ വികസന അജൻഡയിൽ നിരവധി ഇടപെടലുകൾ നടത്തിയ പ്രസ്ഥാനമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. പരിസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾക്ക് വ്യക്തമായൊരു ദിശാബോധം നൽകിയത് സൈലന്‍റ് വാലി പ്രക്ഷോഭമായിരുന്നു. പരിഷത്താണ് ഇതു മുന്നോട്ടു കൊണ്ടുപോയത്, താങ്കൾ എങ്ങനെയാണ് ഇതിനെ നോക്കിക്കാണുന്നത്?

A

60 വർഷം ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനം നിരന്തരമായി പ്രവർത്തിക്കുക എന്നത് വലിയ കാര്യം തന്നെയാണ്. ഈ കാലയളവിലെ പ്രവർത്തനങ്ങൾക്കിടയിൽ ഒട്ടേറെ നേട്ടങ്ങൾ സംഘടനയ്ക്ക് അവകാശപ്പെടാവുന്നതാണ്. എന്നാൽ, അതിലേറെ ഞാൻ ഊന്നൽ നൽകാൻ ആഗ്രഹിക്കുന്നത് കേരള സമൂഹത്തിൽ പരിഷത്ത് ഉയർത്തിയ തികച്ചും പ്രസക്തമായ ചർച്ചകൾക്കാണ്.

സൈലന്‍റ് വാലി പ്രക്ഷോഭം തന്നെ എടുക്കുക. അത് കേവലമൊരു പ്രക്ഷോഭമായിരുന്നില്ല. അതിൽ പല ഘടകങ്ങൾ ഉൾച്ചേർന്നിട്ടുണ്ട്. പരിഷത്ത് പരിസ്ഥിതി രംഗത്ത് ആദ്യമായി പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 70 കളുടെ ആദ്യത്തിൽ വ്യാവസായിക മലിനീകരണ വിഷയത്തിലാണ്. സ്വാഭാവികമായും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ അത് എളുപ്പത്തിൽ കണ്ടെത്താനും പഠിക്കാനും പ്രതികരിക്കാനും സാധിക്കുമല്ലോ. ചാലിയാർ, മധുര കോട്ട്സ്, മോത്തി കെമിക്കൽസ് എന്നിങ്ങനെ വിവിധയിടങ്ങളിൽ വിഷയങ്ങൾ പഠിച്ച് മലിനീകരണത്തിനെതിരേ പൊതു ജനങ്ങളെ അണിനിരത്തനായി. എന്നാൽ, സൈലന്‍റ് വാലി അങ്ങനെയായിരുന്നില്ല. അതൊരു വിശാലമായ പരിസ്ഥിതി കാഴ്ചപ്പാടിൽ നിന്നു മാത്രം ബോധ്യമാകുന്ന പ്രശ്നമായിരുന്നു. മാത്രമല്ല വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയായി മുന്നോട്ടുവയ്ക്കുന്ന സൈലന്‍റ് വാലി ജലവൈദ്യുത പദ്ധതി എന്ന 'വികസന സ്വപ്ന'മായിരുന്നു മറുവശത്ത്. സ്വാഭാവികമായും വികസനത്തിനു വേണ്ടിയുള്ള ശബ്ദങ്ങൾ പരിഷത്തിനുള്ളിൽ ശക്തമായിരുന്നു. എന്നാൽ, സയൻസിന്‍റെ രീതിശാസ്ത്രമുപയോഗിച്ച് വിഷയം പഠിക്കുമ്പോഴാണ് പരിഷത്തിന് ഒരു സംഘടനാ നിലപാട് ഉണ്ടാകുന്നതും പരിഷത്തിനുള്ളിൽ ഉണ്ടായിരുന്നവരുടെ വ്യത്യസ്ത അഭിപ്രായങ്ങൾ ഈ ശാസ്ത്രീയ അവബോധത്തിന് കീഴ്പ്പെടുന്നതും.

ജൈവവൈവിധ്യം, മഴക്കാടുകളുടെ പ്രാധാന്യം, ശാസ്ത്രീയമായ പ്രകൃതി സംരക്ഷണം എന്നിവയിലേക്കുകൂടി ചർച്ചകളെ കൊണ്ടുപോകാൻ സഹായകമായത് സൈലന്‍റ് വാലിയുമായി ബന്ധപ്പെട്ട പഠനങ്ങളാണ്. കേരളത്തിന്‍റെ പരിസ്ഥിതിരംഗത്തെ കാഴ്ചപ്പാടിൽ ആദ്യമായി ശാസ്ത്രീയ ചുവടുവയ്പ്പുകൾ ആരംഭിക്കുന്നതിനു കാരണം സൈലന്‍റ് വാലി പ്രക്ഷോഭം തന്നെയാണ്. പ്രകൃതിസ്നേഹികളും സാഹിത്യ പ്രവർത്തകരും കലാകാരന്മാരും മാത്രം അഭിപ്രായം പറയുന്ന ഒരു വൈകാരിക പ്രശ്നമായി കരുതിയ, കാൽപ്പനികമായ പരിസ്ഥിതി ദർശനത്തെ ശാസ്ത്രീയമായ പരിസ്ഥിതി കാഴ്ചപ്പാടുകൊണ്ട് പുനസ്ഥാപിക്കാൻ പ്രക്ഷോഭത്തിലുണ്ടായിരുന്ന പരിഷത്ത് സംഘടനയുടെ ഇടപെടലിനു കഴിഞ്ഞു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കേരളത്തിന്‍റെ പരിസ്ഥിതി രംഗത്തെ ശാസ്ത്രവത്കരിച്ചു എന്നു പറയാം.

സൈലന്‍റ് വാലി പ്രക്ഷോഭത്തോടെ സംഭവിച്ച മറ്റൊരു കാര്യം, പരിസ്ഥിതിയെക്കുറിച്ച് കേരള സമൂഹത്തിലൊന്നാകെ ഒരു അവബോധം സൃഷ്ടിക്കപ്പെട്ടു എന്നതാണ്. ജനാധിപത്യത്തെ പരിസ്ഥിതിവത്കരിച്ചു എന്ന് ചിലർ ഇതിനെ പറ്റി പറയാറുണ്ട്. അതെന്തായാലും, ഏതൊരു പദ്ധതിയുടെ കാര്യത്തിലും പാരിസ്ഥിതികമായ ഒരു പരിശോധനകൂടി പിന്നീട് അനിവാര്യമായിത്തീർന്നു എന്നു കാണാം.

Q

സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം തുടങ്ങിയവ വമ്പിച്ച പൊതുജന പങ്കാളിത്തം ലഭിച്ചതാണ്. പക്ഷേ, അത്തരം ദൗത്യങ്ങൾക്ക് ഇപ്പോൾ പഴയതുപോലെ പൊതുജന പിന്തുണ ലഭിക്കുന്നില്ല എന്നു തോന്നുന്നില്ലേ?

A

സാക്ഷരതാ പ്രസ്ഥാനം വളരെ വലിയൊരു ബഹുജന മുന്നേറ്റമായിരുന്നു. ഒരേസമയം സന്നദ്ധ സാമൂഹികപ്രവർത്തകരും സർക്കാരിന്‍റെ ഔദ്യോഗിക സംവിധാനങ്ങളും കൈകോർത്താണ് അതിനെ വിജയത്തിലെത്തിച്ചത്. അത്തരത്തിൽ ഒരു മാതൃക ഒരുപക്ഷേ ഇന്ത്യയിൽ ആദ്യത്തേതായിരിക്കും. കേരള സാക്ഷരതാ പ്രസ്ഥാനത്തിനു കാരണമായത് എറണാകുളം ജില്ലാ സമ്പൂർണ സാക്ഷരതാ യജ്ഞം എന്ന പൈലറ്റ് പ്രോജക്റ്റ് ആയിരുന്നല്ലോ. ആ പദ്ധതി നാഷണൽ ലിറ്ററസി മിഷന് ശാസ്ത്രസാഹിത്യ പരിഷത്ത് സമർപ്പിച്ച പ്രോജക്റ്റിന്‍റെ അടിസ്ഥാനത്തിൽ അനുവദിക്കപ്പെട്ടതായിരുന്നു. എറണാകുളം ജില്ലാ ഭരണകൂടത്തെക്കൂടി പദ്ധതിയിലേക്കു ചേർത്ത് എറണാകുളം ജില്ലാ സാക്ഷരത സമിതി രൂപീകരിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രോജക്റ്റിന്‍റെ പണം അതിനു കൈമാറുകയായിരുന്നു. ഒരു വർഷത്തിൽ താഴെ സമയം കൊണ്ട് കണ്ടെത്തിയ എറണാകുളം ജില്ലയിലെ മുഴുവൻ നിരക്ഷരരെയും സാക്ഷരരാക്കാൻ ഈ പദ്ധതിക്കു കഴിഞ്ഞു. ജനങ്ങളെ രംഗത്തിറക്കുന്നതിന് വിപുലമായ ക്യാംപെയിനുകളും കലാജാഥയും ഒക്കെ പ്രവർത്തനത്തിന്‍റെ ഭാഗമായിരുന്നു. ഇൻസ്ട്രക്റ്റർമാർക്കുള്ള പരിശീലനവും വിവിധ ഘട്ടങ്ങളിലായി പൂർത്തിയാക്കി.

ഞാൻ ഇതു വിശദീകരിച്ചത് സന്നദ്ധപ്രവർത്തനത്തിന്‍റെ ഒരു വലിയ ഘടകം അതിലുൾപ്പെട്ടതു ചൂണ്ടിക്കാണിക്കാനാണ്. സാക്ഷരതാ പ്രസ്ഥാനത്തിലേക്കു വന്നുചേർന്ന വലിയ അളവ് സന്നദ്ധപ്രവർത്തകരും സമൂഹത്തിലെ എല്ലാ തുറയിൽനിന്നുള്ള ആളുകളുടെയും സഹായങ്ങളും മൂലം പദ്ധതിക്ക് അനുവദിച്ച തുകയുടെ ബാക്കി വന്ന വലിയൊരു തുക സമയബന്ധിതമായി തിരികെ നൽകി എന്നത് അതിന്‍റെ മറ്റൊരു പ്രത്യേകതയാണ്. പ്രതിഫലം വാങ്ങാതെയുള്ള ഇത്തരം വോളന്‍ററിസം നമ്മുടെ സംസ്കാരത്തിൽ, ഒരുപക്ഷേ ദേശീയ സ്വാതന്ത്ര്യ സമരത്തോടെ ഉൾച്ചേർക്കപ്പെട്ടതായിരിക്കണം.

ജനകീയസൂത്രണത്തിന്‍റെ കാര്യത്തിലാകട്ടെ, അത് നാടിന്‍റെ വികസനത്തിൽ ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു ബൃഹത്തായ പദ്ധതിയായിരുന്നു. പഞ്ചായത്തിരാജ്- നഗരപാലികാ ഭരണഘടനാ ഭേദഗതികൾ നൽകിയ അവസരം ഉപയോഗിച്ച് ഗ്രാമസഭകൾ ജനകീയമായി സംഘടിപ്പിച്ചുകൊണ്ടാണ് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തിയത്. സാക്ഷരതാ യജ്ഞത്തിന്‍റെ മാതൃകയിൽ ഔദ്യോഗിക സംവിധാനത്തോട് ചേർന്ന് പ്രവർത്തിക്കുന്ന സന്നദ്ധ സാമൂഹ്യ പ്രവർത്തകരുടെ ഒരു വലിയ സംഘമുണ്ടായി. സ്വന്തം ദേശത്തിന്‍റെ വികസനത്തെക്കുറിച്ച് ആശങ്കപ്പെടാനും നിർദേശങ്ങൾ സ്വരൂപിക്കാനും ഭാവനാത്മകമായി ചിന്തിക്കാനും ജനങ്ങൾക്ക് സാധിച്ചു. 'ജനങ്ങളുടെ ഭാവനയെ തൊട്ടുണർത്തുന്നതാകണം പഞ്ചവത്സര പദ്ധതികൾ' എന്ന് നെഹ്റു പറഞ്ഞത് അക്ഷരാർഥത്തിൽ യാഥാർഥ്യമാകുന്നത് അന്ന് കേരളത്തിൽ പലയിടങ്ങളിലും കാണാമായിരുന്നു.

പരിഷത്താകട്ടെ, ജനകീയാസൂത്രണത്തിന്‍റെ പ്രയോഗ മാതൃകകളെക്കുറിച്ചുള്ള ചർച്ചകളിലും ചില സാമൂഹിക പരീക്ഷണങ്ങളിലും നേരത്തെ തന്നെ ഏർപ്പെട്ടിരുന്നു. 1989ലെ 'അധികാരം ജനങ്ങൾക്ക്‌' എന്ന വികസന ക്യാംപെയിനും അന്ന് നിലവിൽവന്ന ജില്ലാ കൗൺസിലുകളുമായി ചേർന്നുള്ള വികേന്ദ്രീകൃത പരീക്ഷണങ്ങളുമാണ് സൂചിപ്പിച്ചത്. ഗ്രാമസഭയുടെയും അയൽക്കൂട്ടങ്ങളുടെയും പ്രവർത്തനരീതിയുടെ ഒരു മാതൃക കല്ല്യാശേരി പഞ്ചായത്തിൽ നടത്തിയ ജനകീയ ഇടപെടലുകളിൽ നിന്നുണ്ടായതാണ്. ഈ രണ്ട് പ്രസ്ഥാനങ്ങളിലും ഗവൺമെന്‍റ് സംവിധാനങ്ങൾ കൈക്കൊണ്ട നേതൃത്വപരവും ആസൂത്രണപരവുമായ പങ്ക് വളരെ വലുതായിരുന്നു.

വികസനം പോലെ ജനങ്ങളെ ബാധിക്കുന്ന മർമപ്രധാനമായ ഒരു വിഷയത്തിൽ ജനങ്ങളെ അണിനിരത്തുവാൻ അക്കാലത്ത് കുറെയൊക്കെ സാധിച്ചിട്ടുണ്ട്. എന്നാലിന്ന് ജനകീയസൂത്രണ പ്രവർത്തനത്തിന്‍റെ തുടർച്ച ഉണ്ടായിരിക്കുന്നത് കുറേക്കൂടി വ്യവസ്ഥാപിതമായ രീതിയിലാണ്. ഗ്രാമപഞ്ചായത്തുകളിൽ ഗ്രാമസഭയും നഗരങ്ങളിൽ നഗരസഭയും ചേർന്നുകൊണ്ടുതന്നെയാണ് ഇപ്പോഴും പദ്ധതികൾക്ക് രൂപം നൽകുന്നത്. ഗ്രാമസഭകളിൽ പങ്കെടുക്കുന്നതിന് ജനങ്ങളെ ആവേശഭരിതരാക്കാൻ പലപ്പോഴും പ്രാദേശികമായി കഴിയുന്നില്ല എന്നത് യാഥാർഥ്യമാണ്. എങ്കിലും സംസ്ഥാന പദ്ധതിതുകയുടെ നല്ലൊരു പങ്ക് ഇന്നും തദ്ദേശ സർക്കാരുകളിലൂടെ തന്നെയാണ് ചെലവഴിക്കപ്പെടുന്നത്.

മറ്റൊന്ന് ജനകീയസൂത്രണത്തിലൂടെ വളർന്നുവന്ന കുടുംബശ്രീ പ്രസ്ഥാനത്തിന്‍റെ പങ്കാണ്. ഗ്രാമീണ ദാരിദ്ര്യത്തെ വലിയ രീതിയിൽ ലഘൂകരിക്കുന്നതിനും പൊതു ഇടങ്ങളിൽ സ്ത്രീകളുടെ ദൃശ്യത വർധിപ്പിക്കുന്നതിനും അവർക്ക് നേതൃത്വപരമായ ശേഷി വളർത്തുന്നതിനും കുടുംബശ്രീ പ്രസ്ഥാനം വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഔദ്യോഗികമായി തന്നെ വികേന്ദ്രീകൃത സംവിധാനം നിലനിൽക്കുന്നതുകൊണ്ട് ആ രീതിയിലുള്ള ബഹുജന മുന്നേറ്റങ്ങൾക്ക് ഇന്നു സാധ്യതയില്ല.

എന്നാൽ, പരിഷത്തിന് പിന്നീട് പല ക്യാംപെയിൻ വിഷയങ്ങളിലും ശാസ്ത്ര പ്രവർത്തനങ്ങളിലും ജനങ്ങളെ വലിയ തോതിൽ ആകർഷിക്കാനായിട്ടുണ്ട്. 2008ലെ ശാസ്ത്രവർഷ ആചരണവും തുടർന്ന് സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് കേരളം മുഴുവൻ നടത്തിയ ആഘോഷങ്ങളും അതിനുദാഹരണങ്ങളാണ്. 2011-12ൽ 'വേണം മറ്റൊരു കേരളം' എന്ന മുദ്രാവാക്യവുമായി കേരളത്തിൽ വികസന ചർച്ചകൾക്ക് പരിഷത്ത് മുതിർന്നു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വടക്കുനിന്നും തെക്കുനിന്നും ആരംഭിച്ച രണ്ട് പദയാത്രകൾ എറണാകുളത്ത് സമ്മേളിച്ചു. പദയാത്രയുടെ സ്വീകരണ പരിപാടികളിൽ നല്ല ജനപങ്കാളിത്തമുണ്ടായിരുന്നു. കേരളത്തിന്‍റെ വികസന പ്രശ്നത്തെ അഭിസംബോധന ചെയ്യുന്ന മൂന്ന് വലിയ വികസന സംഗമങ്ങൾ ക്യാംപെയിന്‍റെ ഭാഗമായി നടത്തി. ഇതിനെക്കാൾ ഏറെ ജന പിന്തുണയും പങ്കാളിത്തവും ഉണ്ടായതാണ് ഈ വർഷാരംഭത്തിൽ ജനുവരി 26 മുതൽ ഫെബ്രുവരി 28 വരെ നടത്തിയ 'കേരള പദയാത്ര'. കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ 134 സ്വീകരണ കേന്ദ്രങ്ങളും ആയിരത്തോളം ജന സംവാദങ്ങളും സംഘടിപ്പിച്ചു.

പത്തനംതിട്ടയിലെ ഇലന്തൂർ സംഭവം ഉയർത്തിവിട്ട പലവിധ ആശങ്കകൾമൂലം കേരള സമൂഹത്തിൽ ശാസ്ത്രബോധം വ്യാപിക്കണം എന്നാഗ്രഹിക്കുന്ന ധാരാളം പേരുടെ പിന്തുണ പദയാത്രയ്ക്കു ലഭിച്ചിട്ടുണ്ട്.

സാക്ഷരതയ്ക്കും ജനകീയാസൂത്രണത്തിനും ആ കാലഘട്ടത്തിന്‍റെതായ പ്രസക്തിയാണുള്ളത് എന്നതുപോലെ, ഇന്നത്തെ കാലഘട്ടത്തിൽ പരിഷത്ത് പ്രവർത്തനത്തെ ജനകീയമാക്കുന്ന മറ്റു പലതരം സാധ്യതകളാണ് മുന്നിലുള്ളത് എന്ന് ചുരുക്കം.

(ഇടതുപക്ഷ ആഭിമുഖ്യം സംഘടനയുടെ ജനപ്രീതി ഇടിയാൻ കാരണമായിട്ടുണ്ടോ? കെ- റെയ്‌ൽ വിഷയത്തിൽ സ്വീകരിച്ച നിലപാട് സിപിഎമ്മിന്‍റെ അതൃപ്തിക്കു കാരണമായില്ലേ? ചർച്ച അടുത്ത ഭാഗത്തിൽ തുടരും....)

logo
Metro Vaartha
www.metrovaartha.com