നവകേരള നിർമാണത്തിൽ പരിഷത്തിന്‍റെ പങ്ക്

നവകേരള നിർമാണത്തിൽ പരിഷത്തിന്‍റെ പങ്ക്

ശാസ്ത്രം ജനങ്ങളിലേക്ക്, മെട്രൊ വാർത്ത പ്രതിനിധി അജയൻ തയാറാക്കിയ പരമ്പരയുടെ അവസാന ഭാഗം | കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്‍റ് ബി. രമേശുമായുള്ള അഭിമുഖം പൂർത്തിയാകുന്നു.
Published on

സംസ്ഥാനം അഭിമുഖീകരിക്കുന്ന, വികസനത്തിന്‍റെ രണ്ടാം തലമുറ പ്രശ്നങ്ങൾ; നവ കേരളം എന്ന ആശയം, അതു നേരിടുന്ന വെല്ലുവിളികൾ... കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്‍റ് ബി. രമേശുമായുള്ള സംഭാഷണത്തിന്‍റെ അവസാന ഭാഗത്തോടെ മെട്രൊ വാർത്ത പ്രതിനിധി അജയൻ തയാറാക്കിയ പരമ്പര അവസാനിക്കുന്നു.

അജയൻ
അജയൻMetro Vaartha
Q

കേരളത്തിന്‍റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഉൾപ്പെടുന്നതാണ് ഉയർന്ന മാനവ വിഭവശേഷി സൂചികകൾ. എന്നാൽ, ഇന്ന് ആരോഗ്യ രംഗം പ്രതിസന്ധിയിലാണ്. ഇടതുപക്ഷം പോലും ഈ മേഖലയിൽ സ്വകാര്യ സംരഭകരെ പ്രോത്സാഹിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖല ഉൾപ്പെടെ കേരളത്തിന്‍റെ വിദ്യാഭ്യാസരംഗവും പരിഹാസ്യമായി മാറുകയാണ്. വിദ്യാർഥികൾ സംസ്ഥാനവും രാജ്യം തന്നെയും വിട്ടുപോകാൻ നിർബന്ധിതരാകുന്നു. ഇക്കാര്യത്തിൽ എന്താണു കാഴ്ചപ്പാട്?

A

വികസിത രാജ്യങ്ങളോട് പോലും കിടപിടിക്കാവുന്ന വികസന സൂചികകളാണ് കേരളത്തിന് കൈവരിക്കാനായിട്ടുള്ളത്. കേരളം പിന്തുടർന്നുവരുന്ന വികേന്ദ്രീകൃതാസൂത്രണ പാത വലിയൊരളവിൽ ഈ നേട്ടങ്ങൾക്കു കാരണമായിട്ടുണ്ട്. വികസനത്തിന്‍റെ രണ്ടാംതലമുറ പ്രശ്നങ്ങളാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്നത്. ഉദാഹരണത്തിന് ആരോഗ്യത്തിന്‍റെ കാര്യമെടുക്കാം. ഉയർന്ന വിദ്യാഭ്യാസ നിലവാരവും സാക്ഷരതയും സാർവത്രിക റേഷനിങ് സമ്പ്രദായവും മെച്ചപ്പെട്ട പോഷകാഹാരവും മറ്റു ജീവിതസൗകര്യങ്ങളുംകൊണ്ട് കേരളത്തിലെ ആയുർദൈർഘ്യം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലേതിനെക്കാൾ വളരെ മുന്നിലെത്തിയിട്ടുണ്ട്. കുടുംബാസൂത്രണത്തിന്‍റെ കാര്യത്തിലും നമ്മുടെ നേട്ടങ്ങൾ മികച്ചതാണ്. എന്നാൽ, ഈ നേട്ടങ്ങൾ മൂലം സമൂഹം ഇന്ന് വലിയ സമ്മർദത്തിലാണ്. വിജയകരമായ കുടുംബാസൂത്രണംമൂലം കേരളസമൂഹത്തിൽ കുട്ടികളുടെ എണ്ണവും യുവാക്കളുടെ എണ്ണവും കുറഞ്ഞുവരുന്നതും ആയുർദൈർഘ്യം കൂടിയതുമൂലം ജനസംഖ്യയിൽ വൃദ്ധജനതയുടെ അനുപാതം കൂടിവരുന്നതും വികസന രംഗത്ത് സമൂഹത്തിന്‍റെ ഉത്പാദനക്ഷമതയുടെ കാര്യത്തിൽ അത്ര ഗുണകരമല്ല. ഈ പ്രശ്‌നം കുടുംബങ്ങളിൽ അമിതമായ സമ്മർദമുണ്ടാക്കുന്നു. പ്രായമായവരുടെ അവകാശങ്ങളെക്കുറിച്ചും അവർക്ക് വേണ്ട പരിരക്ഷ നൽകുന്നതിനെക്കുറിച്ചും വ്യക്തികളോ കുടുംബങ്ങളോ എന്നതിലപ്പുറം പൊതുസമൂഹം ചിന്തിക്കേണ്ടി വന്നിരിക്കുന്നു. അതേസമയം, പ്രായമായവരുടെ എണ്ണം കൂടുന്നതു മൂലമുള്ള ദീർഘസ്ഥായീ രോഗങ്ങളുടെയും രോഗാതുരതയുടെയും വ്യാപനവും പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു.

വയോജന പരിരക്ഷയുടെ പ്രാദേശിക മാതൃകകൾ വളർത്തിയെടുക്കാൻ പരിഷത്ത് പല പരിപാടികളും വിവിധ ലോക്കൽ ബോഡികളിൽ നടത്തിവരുന്നുണ്ട്. ശുഭോദർക്കമായ ഒരു കാര്യം, നമ്മുടെ മികച്ച പൊതുജനാരോഗ്യ സംവിധാനം ഈ അവസ്ഥയെ കണ്ടുകൊണ്ട് അതിവേഗത്തിൽ മെച്ചപ്പെടുന്ന പാതയിലാണ് എന്നുള്ളതാണ്. സർക്കാരിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ആർദ്രം പദ്ധതിയും കേന്ദ്രസർക്കാരിന്‍റെ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി വളരെയേറെ മാറ്റങ്ങൾ വരുത്തി മികച്ച രീതിയിൽ ഇവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതും പ്രൈമറി ഹെൽത്ത് സെന്‍ററുകൾ ഫാമിലി ഹെൽത്ത് സെന്‍ററുകളാക്കി മാറ്റുന്ന ഭാവനാപൂർണമായ നടപടിയുമൊക്കെ ഇതിന്‍റെ ഭാഗമാണ്.

സർക്കാർ ആശുപത്രികളും സർക്കാർ സംവിധാനങ്ങളും എത്ര തന്നെ മെച്ചപ്പെടുത്തിയാലും ചെലവേറിയ ചികിത്സകൾ ആവശ്യമായ രോഗങ്ങൾ പൂർണമായി ഈ സംവിധാനത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുകയില്ല. ക്രയശേഷി കൂടിയ ഒരു വലിയ മധ്യവർഗവിഭാഗം കേരളത്തിലുള്ളതുകൊണ്ടുതന്നെ അവർക്ക് പറ്റുന്ന ചികിത്സകൾ വാഗ്ദാനം ചെയ്യുന്ന വലിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ സ്വകാര്യമേഖലയിൽ ഉണ്ടായി വരുന്നുമുണ്ട് എന്നത് യാഥാർഥ്യമാണ്. എന്നാൽ, ഇങ്ങനെ ഉണ്ടായതുകൊണ്ട് നമ്മുടെ പൊതുജനാരോഗ്യസംവിധാനം മോശമായി എന്ന് നിരീക്ഷിക്കുന്നത് തെറ്റായിരിക്കും. വർധിച്ച രോഗാതുരതയെ കേരളം അതിന്‍റെ സവിശേഷ രീതിയിൽ നേരിടുന്ന കാഴ്ചയാണ് പാലിയേറ്റീവ് രംഗത്തുള്ളത്. സംസ്ഥാനത്ത് ആയിരത്തോളം സന്നദ്ധ പാലിയേറ്റിവ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

ചോദ്യത്തിൽ സൂചിപ്പിച്ചതുപോലെ വിദ്യാഭ്യാസ മേഖലയിലും ഇത്തരം രണ്ടാംതലമുറ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. സാർവത്രിക വിദ്യാഭ്യാസവും പോഷകാഹാരവും സ്കൂളുകളിലേക്ക് മുഴുവൻ കുട്ടികളെയും എത്തിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. അതേസമയം, കുറെ വർഷങ്ങളായിതന്നെ നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല നവീകരണങ്ങളോട് പിന്തിരിഞ്ഞു നിൽക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസത്തിലെ മുന്നേറ്റത്തിന് അനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ അവസരങ്ങൾ ഉണ്ടാകുന്നില്ല എന്നത് ഒരു പ്രശ്നമാണ്. അതുപോലെ ഉന്നത വിദ്യാഭ്യാസ മേഖല മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ഗുണനിലവാരം നിലനിർത്തിപ്പോരുന്നു എന്ന അഭിപ്രായമെനിക്കില്ല.

സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതുകൊണ്ടുകൂടിയാണ് കൂടുതൽ വിദ്യാർഥികൾ കേരളത്തിനുപുറത്തും പുറംരാജ്യങ്ങളിലും പോയി പഠിക്കുന്നത് എന്നതുകൂടി മനസിലാക്കേണ്ടതുണ്ട്. ഈ പ്രാവശ്യത്തെ എസ്എസ്എൽസി പരീക്ഷാഫലം വന്നപ്പോൾ മുഴുവൻ എ പ്ലസ് കിട്ടിയവർക്ക് പോലും പ്ലസ്ടുവിന് അഡ്മിഷൻ കിട്ടാതെ വന്നതും, പ്ലസ്ടുവിൽ ഉയർന്ന മാർക്ക് കിട്ടിയവർക്കുപോലും ഡിഗ്രിക്ക് അഡ്മിഷൻ കിട്ടാതെ പോകുന്നതും നമുക്ക് കാണാനാകും. മറുവശത്താകട്ടെ, പ്രൊഫഷണൽ കോളേജുകളിൽ പ്രത്യേകിച്ച് സ്വാശ്രയ കോളേജുകളിൽ എൻജിനീയറിങ് മേഖലയിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം മനുഷ്യ വിഭവ കയറ്റുമതിയല്ല, അറിവിന്‍റെ ഉത്പാദനവും നാടിന്‍റെ തനതു പ്രശ്നങ്ങൾക്കു പരിഹാരം തേടലുമാണെന്ന നിലപാടാണ് പരിഷത്തിനുള്ളത്. ഈയൊരു സാഹചര്യത്തിൽ കേന്ദ്രം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയം കേരളം പോലെയുള്ള സംസ്ഥാനങ്ങളെ വളരെയധികം പ്രതികൂലമായി ബാധിക്കുമെന്നു പരിഷത്ത് കണക്കാക്കുന്നുണ്ട്.

Q

കേരള വികസനത്തിന്‍റെ പുതു മാതൃകയിൽ പരിഷത്തിന്‍റെ നിലപാട് എന്താണ്?

A

കഴിഞ്ഞ പ്രവർത്തന വർഷം പരിഷത്ത് തുടങ്ങിവച്ച ജനകീയ ക്യാംപെയിന്‍റെയും അതിന്‍റെ ഒന്നാം ഘട്ടം പൂർത്തിയാക്കിക്കൊണ്ട് നടത്തിയ കേരള പദയാത്രയുടെയും പ്രധാനപ്പെട്ട ചർച്ചാവിഷയം ഒരു പുതിയ കേരളത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങളായിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ വികസന രംഗത്ത് ഒട്ടേറെ മേഖലകളിൽ കേരളം മികച്ചു നിൽക്കുന്നുണ്ട്. എന്നാൽ, ചില മേഖലകളിൽ ആന്തരികമായ ദൗർബല്യങ്ങളും ദൃശ്യമാണ്. ആരോഗ്യത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും മേഖലകളിൽ നമ്മൾ അതു ചർച്ച ചെയ്തുവല്ലോ. ഇതുപോലെയാണ് പരിസ്ഥിതി, ജെൻഡർ, കൃഷി, പശ്ചാത്തല സൗകര്യങ്ങൾ, നഗരവത്കരണം, സാംസ്കാരിക രംഗം തുടങ്ങിയ മേഖലകളുടെയും അവസ്ഥ. അതിനാൽ ഒരു പുതിയ കേരളത്തെക്കുറിച്ച് നാം ആലോചിക്കുമ്പോൾ ഇപ്പോൾ നേടിയ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ തന്നെ പിന്നാക്കം നിൽക്കുന്ന മേഖലകളെ കൂടി നേട്ടത്തിന്‍റെ പട്ടികയിലേക്ക് എത്തിക്കാൻ സാധിക്കണം. കേരളത്തിന്‍റെ സവിശേഷമായ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവും സാംസ്കാരികവുമായ പ്രത്യേകതകളെ ഉൾക്കൊള്ളുന്ന തരത്തിലുള്ള വികസന പര്യാലോചനകളാണ് ഉണ്ടാവേണ്ടത്. അതേസമയം, ബാഹ്യമായ വെല്ലുവിളികളെ കരുതിയിരിക്കുകയും വേണം.

ഇന്ത്യയിലെ രാഷ്‌ട്രീയവും സാംസ്കാരികവുമായ മാറ്റങ്ങൾ ഒരു സംസ്ഥാനം എന്ന നിലയിൽ ധാരാളം പരിമിതികൾ നമ്മുടെ മേൽ അടിച്ചേൽപ്പിക്കുന്നുണ്ട്. കേരളത്തിന്‍റെ സവിശേഷമായ നേട്ടങ്ങളെ ഇവ ഇല്ലായ്മ ചെയ്തേക്കാം. അതിനാൽ തന്നെ ആന്തരികമായി അതായത് മുഴുവൻ ജനതയെയും ശാക്തീകരിക്കുന്ന ഒരു രാഷ്‌ട്രീയ സാംസ്കാരിക മുന്നേറ്റത്തിലൂടെ മാത്രമേ നമുക്ക് ഈ അവസ്ഥകൾക്കെതിരെ വലിയ പ്രതിരോധം കെട്ടിപ്പൊക്കാനാകൂ. അങ്ങനെ ഒരു മുന്നേറ്റം ഉണ്ടാക്കണമെങ്കിൽ അതിൽ ശാസ്ത്രത്തിന് - യുക്തിചിന്തയ്ക്കും അറിവിനും - വലിയ പ്രാധാന്യമുണ്ട്.

അറിവ് നിയന്ത്രിക്കുന്ന എവിഡൻസ് ബേസ്ഡ് ആയിട്ടുള്ള ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടേണ്ടത്. രാഷ്‌ട്രീയ നയ രൂപീകരണത്തിൽ ഭരണാധികാരികൾ ശാസ്ത്രത്തിന്‍റെ രീതി പിന്തുടരുക എന്നത് ഒരു ജ്ഞാനസമൂഹത്തിലെ വികസനത്തിന്‍റെ മുന്നുപാധിയാണ്. നവകേരളത്തിൽ ശാസ്ത്രം പലരീതിയിൽ പ്രവർത്തിക്കണം എന്ന് പരിഷത്ത് ആഗ്രഹിക്കുന്നു. ജനങ്ങളുടെ ചിന്തയെസ്വാധീനിക്കുന്ന ശാസ്‌ത്രബോധമായി അത് നിലനിൽക്കണം. ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ നാടിന്‍റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന അറിവുകൾ നിർമിക്കുന്ന ഇടങ്ങളായി മാറണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേവലമായി ശാസ്ത്രം പഠിപ്പിക്കുന്നതിലുമപ്പുറം ശാസ്ത്രം പ്രവർത്തിക്കുന്ന ഇടങ്ങളായി മാറണം. നവകേരളത്തിലെ ഭരണകൂടത്തിന്‍റെ നയരൂപീകരണം തെളിവധിഷ്ഠിതമായിരിക്കണം.

ചുരുക്കത്തിൽ ഇന്ത്യ ഇന്ന് സഞ്ചരിക്കുന്ന പാതയിൽ നിന്നും വ്യത്യസ്തമാണ് കേരളം മുന്നോട്ടുപോകുന്ന, മുന്നോട്ടു പോകേണ്ട രാഷ്‌ട്രീയ- വികസന പാത എന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്. ആ പാതയാകട്ടെ അറിവും ശാസ്ത്രബോധവും രാഷ്‌ട്രീയ പ്രബുദ്ധതയും മൂലധനമാക്കി കേരളത്തിൽ നടക്കേണ്ട നിരവധി ജനകീയ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും രൂപപ്പെട്ടു വരേണ്ടതാണ്. അതിനാലാണ് പുതിയ കേരളം അഥവാ നവ കേരളം എന്നത് ഒരു രാഷ്‌ട്രീയ പ്രഖ്യാപനമായി മാറുന്നത്.

(അഭിമുഖവും പരമ്പരയും ഇവിടെ പൂർത്തിയാകുന്നു)

logo
Metro Vaartha
www.metrovaartha.com