B Ramesh, President, KSSP
B Ramesh, President, KSSP

പരിഷത്തും ഇടതുപക്ഷവും

ശാസ്ത്രം ജനങ്ങളിലേക്ക്, മെട്രൊ വാർത്ത പ്രതിനിധി അജയൻ തയാറാക്കിയ പരമ്പരയുടെ നാലാം ഭാഗം | കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്‍റ് ബി. രമേശുമായുള്ള അഭിമുഖം തുടരുന്നു

ഇടതുപക്ഷ ആഭിമുഖ്യം സംഘടനയുടെ ജനപ്രീതി ഇടിയാൻ കാരണമായിട്ടുണ്ടോ? കെ- റെയ്‌ൽ വിഷയത്തിൽ സ്വീകരിച്ച നിലപാട് സിപിഎമ്മിന്‍റെ അതൃപ്തിക്കു കാരണമായില്ലേ? കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്‍റ് ബി. രമേശുമായി മെട്രൊ വാർത്ത പ്രതിനിധി അജയൻ നടത്തുന്ന സംഭാഷണം തുടരുന്നു....

അജയൻ
അജയൻMetro Vaartha
Q

യുറേക്ക, ശാസ്ത്രഗതി തുടങ്ങിയ ജനപ്രിയ പ്രസിദ്ധീകരണങ്ങളിലൂടെ യുവാക്കളിൽ ശാസ്ത്രാവബോധം വളർത്തുന്നതിൽ പരിഷത്തിനു വലിയ പങ്കുണ്ടായിരുന്നു. വിദ്യാർഥികളിൽ വായനാശീലം കുറഞ്ഞു വരുന്ന ഇന്നത്തെ കാലഘട്ടത്തിൽ ജനപ്രീതി എത്രത്തോളമാണ്? കരിയറിൽ കൂടുതൽ ശ്രദ്ധയൂന്നുന്ന ഇന്നത്തെ യുവത്വത്തിന് അച്ചടിമാധ്യമങ്ങളിൽ വലിയ താത്പര്യമില്ലാതായിരിക്കുന്നു. ഈ സാഹചര്യത്തെ എങ്ങനെയാണ് നേരിടുന്നത്?

A

പരിഷത്തിന്‍റെ ശാസ്ത്ര മാസികകളായ യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നിവ ഓരോന്നും അതത് വിഭാഗക്കാർക്കിടയിലുള്ള മലയാളത്തിലെ ഒരേയൊരു ശാസ്ത്ര പ്രസിദ്ധീകരണമാണെന്നു പറയാം. ഇന്ത്യയിൽ മറ്റ് പല ഭാഷകളിലുമുള്ള നിരവധി ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ നിലച്ചു പോയെങ്കിലും കഴിഞ്ഞ 50 വർഷത്തിലേറെക്കാലമായി ഈ ശാസ്ത്ര മാസികകൾ കേരളത്തിൽ പ്രസിദ്ധീകരണം തുടരുന്നു എന്നത് അഭിമാനാർഹമാണ്.

ചോദ്യത്തിൽ ഉന്നയിച്ചത് പോലെ, അവയുടെ സർക്കുലേഷൻ ഇന്ന് കുറഞ്ഞിട്ടുണ്ട്. എങ്കിലും ഇപ്പോഴും ധാരാളം ആവശ്യക്കാരുമുണ്ട്. കേരളത്തിൽ സയൻസ് കമ്യൂണിക്കേഷനു ഫലപ്രദമായ മാർഗം എന്ന നിലയിൽ കൂടി കേരള സമൂഹത്തിലെ അനൗപചാരിക വിദ്യാഭ്യാസത്തിന് സഹായകമാവുന്ന ഈ പ്രസിദ്ധീകരണങ്ങളുടെ പ്രാധാന്യവും വളരെ വലുതാണ്. അതോടൊപ്പം, ശാസ്ത്ര വിഷയങ്ങൾ മലയാളത്തിലൂടെത്തന്നെ മലയാളികളിൽ എത്തിക്കണം എന്നതും ഒരു ലക്ഷ്യമാണ്.

പൊതുവിൽ കുറഞ്ഞുവരുന്ന വായനാശീലവും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിന്‍റെ വ്യാപനവും മാസികകളുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മറ്റൊന്ന് കാലത്തിനനുസരിച്ചുള്ള നവീകരണമാണ്. മാസികകളുടെ ഡിജിറ്റൽ ആർക്കൈവ് പ്രവർത്തനം വളരെയധികം മുന്നോട്ടു പോയിട്ടുണ്ട്. പ്രിന്‍റ് വെർഷൻ നിലനിർത്തിക്കൊണ്ടുതന്നെ പരിപൂർണമായി ഡിജിറ്റൽ ഓൺലൈൻ സംവിധാനത്തിൽകൂടി മാസികകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിവരുന്നു. പരിഷത്തിന്‍റ ഓൺലൈൻ പ്രസിദ്ധീകരണമായ ലൂക്കയെ (luca.co.in) കുറിച്ചും ഓൺലൈൻ യൂട്യൂബ് ചാനലായ സയൻസ് കേരളയെക്കുറിച്ചും ഇവിടെ പരാമർശിക്കേണ്ടതുണ്ട്.

Q

പൊതുവിൽ ഇടതുപക്ഷത്തോടും പ്രത്യേകിച്ച് സിപിഎമ്മിനോടുമുള്ള ചായ്‌വ് എന്നും പരിഷത്ത് നേരിടുന്നവരുന്ന ആരോപണമാണ്. പൊതുവിലുള്ള ജനപ്രീതി കുറയാൻ ഇതു കാരണമായിട്ടുണ്ടോ? കേരള പദയാത്രയിൽ കോൺഗ്രസും ലീഗുമെല്ലാം പങ്കെടുത്തു എന്നതു ശരി തന്നെയാണ്. എങ്കിലും, മാറുന്ന കാലഘട്ടത്തിൽ ജാഥകൾ പോലുള്ള പഴയ പ്രചാരണ പരിപാടികൾക്കും മാറ്റം വരേണ്ടതല്ലേ?

A

ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിച്ച ശേഷം ഒരു പതിറ്റാണ്ടിനകം അത് ഇന്ന് ഉയർത്തുന്ന 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യം സ്വീകരിക്കുകയാണുണ്ടായത്. ശാസ്ത്രവും അറിവും സമ്പത്തും സമ്പന്നരുടെ കൈകളിലാണ്. ഇവ ഉപയോഗിച്ച് ദരിദ്ര ഭൂരിപക്ഷത്തെ നിരന്തരം ചൂഷണം ചെയ്യുന്നിടത്ത് സയൻസിന് നിഷ്പക്ഷമായി, അതായത്, അരാഷ്‌ട്രീയമായി നിലനിൽക്കാനാവില്ല. ഈ ചൂഷണ വ്യവസ്ഥയെ കീഴ്മേൽ മറിക്കുക അല്ലെങ്കിൽ ഇല്ലാതാക്കുക എന്നതാണ് വിപ്ലവം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പ്രക്രിയയിൽ ശാസ്ത്രത്തിനും അറിവിനും ശാസ്ത്രബോധത്തിനും വലിയ പങ്കു വഹിക്കാനുണ്ട്. ഇപ്രകാരം മനുഷ്യതുല്യതയിൽ ഊന്നുന്ന കാഴ്ചപ്പാടാണ് പരിഷത്തിന്‍റെ ആശയം എന്നതുകൊണ്ടാണ് അതിന് ഇടതുപക്ഷ സ്വഭാവം കൈവരുന്നത്. അതിനാൽ തുല്യത എന്ന ഇടതുബോധമുള്ള ആളുകൾക്ക് പരിഷത്തുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കാനാവുന്നത് സ്വാഭാവികമണ്. അതിനർഥം പരിഷത്ത് ഏതെങ്കിലും രാഷ്‌ട്രീയപാർട്ടിയുടെ പോഷക സംഘടനയാണെന്നോ, ഏതെങ്കിലും പാർട്ടിക്ക് വിധേയപ്പെട്ട് പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നോ അല്ല. മറിച്ച്, പരിഷത്ത് മുന്നോട്ടുവയ്ക്കുന്ന പൊതു ലക്ഷ്യം സ്വാംശീകരിക്കുന്ന ഏതു പാർട്ടിയിൽപ്പെട്ട ആളുകൾക്കും പരിഷത്തിൽ അംഗത്വം എടുക്കുന്നതിനും പ്രവർത്തിക്കുന്നതിനും ഇന്ന് ബുദ്ധിമുട്ടില്ല എന്നാണ്. അങ്ങനെ ധാരാളം ആളുകൾ ഇപ്പോഴും പരിഷത്തിൽ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പരിഷത്തിന്‍റെ ജനസമ്മതിക്ക് എന്തെങ്കിലും കുറവുണ്ടായതായി കാണാൻ കഴിയില്ല. എന്നാൽ സോഷ്യൽ മീഡിയയുടെയും അർധസത്യങ്ങളുടെയും വ്യാജപ്രചരണങ്ങളുടെയും ബഹളത്തിനിടയിൽ ശാസ്ത്രത്തിന്‍റെ ആധികാരികമായ പാത പിന്തുടരാൻ ശ്രമിക്കുന്ന പരിഷത്തിന് വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയാതെ പോകുന്നുണ്ട്; പ്രത്യേകിച്ചും യുവാക്കകൂടെ ഇടയിൽ.

സമരമാർഗങ്ങളുടെ കാലഹരണത്തെക്കുറിച്ച് പറയുന്നതും പൂർണമായി ശരിയല്ല എന്നാണെന്‍റെ അഭിപ്രയം. ഇന്നും ജൈവികമായ മുഖാമുഖ സംവാദങ്ങൾക്കും ജാഥകൾ പോലെയുള്ള പ്രതിഷേധ പ്രകടനങ്ങൾക്കും വളരെ പ്രസക്തിയുണ്ട്. സാങ്കേതികമായി വളരെ മുന്നേറിയ വികസിത രാജ്യങ്ങളിലടക്കം ലോകത്ത് നടക്കുന്ന വലിയ പ്രക്ഷോഭങ്ങൾ തന്നെ ഇതിനുദാഹരണം. ഇങ്ങനെയൊക്കെയാണെങ്കിലും ആധുനികകാലത്ത് പുതിയ സങ്കേതങ്ങളും പുതിയ കമ്യൂണിക്കേഷൻ ടൂളുകളും പരീക്ഷിക്കുന്നതിന് പരിഷത്ത് ഒട്ടും വിമുഖമല്ല.

Q

കെ-റെയ്‌ലിന്‍റെ കാര്യം വന്നപ്പോൾ സിപിഎമ്മിന്‍റെ അതൃപ്തിക്കും പരിഷത്ത് പാത്രമായി. കെ-റെയ്‌ൽ ഇപ്പോഴത്തെ രൂപത്തിൽ സ്വീകാര്യമല്ലെന്ന പരിഷത്ത് നിലപാട് സിപിഎം അനുഭാവികളെ സംഘടനയിൽ നിന്ന് അകറ്റിയിട്ടുണ്ടോ?

A

കെ-റെയ്‌ൽ അഥവാ സിൽവർ ലൈൻ പദ്ധതിയുടെ കാര്യത്തിൽ 'അത് കേരളത്തിന്‍റെ ഗതാഗത വികസനത്തിൽ ഒരു മുൻഗണനയല്ല' എന്ന പരിഷത്ത് നിലപാട് വൈവിധ്യമാർന്ന ചർച്ചകൾക്ക് കാരണമായിട്ടുണ്ട് എന്നത് നേരാണ്. പരിഷത്ത് ഒരു വിഷയത്തിൽ നിലപാട് കൈക്കൊള്ളുന്നത് അതിനെക്കുറിച്ചുള്ള പഠനങ്ങളുടെ വെളിച്ചത്തിലാണ്. കഴിവതും ശാസ്ത്രീയമായ മെത്തഡോളജി അതിനായി പിന്തുടരാൻ ശ്രമിക്കുന്നതിനാൽ അതൊരു വസ്തുനിഷ്ഠമായ നിലപാടായിരിക്കും. അല്ലാതെ ഏതെങ്കിലും കക്ഷിരാഷ്‌ട്രീയ നിലപാടുകൾ പിൻപറ്റിക്കൊണ്ടാവില്ല. പരിഷത്ത് അങ്ങനെ തന്നെയാണ് നിലപാട് എടുക്കേണ്ടത് എന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം പൊതു പ്രവർത്തകർ എല്ലാ രാഷ്‌ട്രീയ പാർട്ടികളിലുമുണ്ട്. അതുകൊണ്ടുതന്നെ പരിഷത്ത് നിലപാടിനു കിട്ടിയിരിക്കുന്ന അനുകൂലമോ പ്രതികൂലമോ ആയ അഭിപ്രായങ്ങൾ ഏതെങ്കിലും ഒരു പാർട്ടിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല.

കെ-റെയ്‌ലുമായി ബന്ധപ്പെട്ട വളരെ വലിയ വിവാദങ്ങൾക്കിടയിലാണല്ലോ പരിഷത്ത് നടത്തിയ കേരള പദയാത്ര ഏതാണ്ട് എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും വലിയ പിന്തുണയോടെ വൻവിജയമായി മാറിയത്. അത് കാണിക്കുന്നത്, ഒരു നിലപാട് കൈക്കൊള്ളുമ്പോൾ പരിഷത്ത് സ്വീകരിക്കുന്ന സമീപനത്തിന്‍റെ ആധികാരികതയുടെ പ്രസക്തിയാണ്.

(നവ കേരള നിർമാണം എന്ന ആശയവും അതിൽ പരിഷത്തിന്‍റെ നിലപാടും, അടുത്ത ഭാഗത്തോടെ പരമ്പര അവസാനിക്കുന്നു)

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com