ഇന്ദ്ര നൂയി
അന്താരാഷ്ട്ര ബിസിനസ് രംഗത്തെ പരിചിത മുഖമാണ് അമെരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോയുടെ മുന്‍ ചെയര്‍പേഴ്‌സണും സിഇഒയുമായ ഇന്ത്യന്‍ വംശജയായ ഇന്ദ്ര നൂയി. ആഗോള ബിസിനസ് മേഖലയിലെ കരുത്തുറ്റ വ്യക്തിത്വമായ ഇന്ദ്ര നൂയിയുടെ ഒരു തുറന്നുപറച്ചിലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. അമെരിക്കയല്ലാതെ ഇന്ത്യയുള്‍പ്പെടെയുള്ള മറ്റൊരു രാജ്യത്തും തനിക്ക് ഒരു ആഗോള കമ്പനിയുടെ സിഇഒ ആവാന്‍ സാധിക്കില്ലെന്നായിരുന്നു ഇന്ദ്ര നൂയിയുടെ വാക്കുകള്‍.
മുന്‍ യുഎസ് വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസുമായുള്ള സംഭാഷണത്തിലാണ് ഇന്ദ്ര നൂയി ഇക്കാര്യം അഭിപ്രായപ്പെട്ടത്. അമെരിക്കയുടെ 'മെറിറ്റോക്രാറ്റിക്' (കഴിവിനെ അടിസ്ഥാനമാക്കിയുള്ളത്) രീതിയാണ് തന്റെ വളര്‍ച്ചയ്ക്ക് കാരണമായി ഇന്ദ്ര നൂയി ചൂണ്ടിക്കാട്ടുന്നത്.
''ഇന്ത്യയുള്‍പ്പെടെ ലോകത്തെ മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും സിഇഒ ആവുമായിരുന്നില്ല. കഴിവിനും യോഗ്യതയ്ക്കും മുന്‍ഗണന നല്‍കുന്ന ഒരു സംവിധാനമാണ് ഇതിന് കാരണം. ലിംഗമോ വംശീയതയോ ഒന്നും തന്നെ ഉപദേശകര്‍ക്ക് വിഷയമല്ല. ഏറ്റവും മികച്ച പ്രതിഭകള്‍ ഉന്നതസ്ഥാനങ്ങളിലെത്തണം എന്ന് മാത്രമേ അവര്‍ ആഗ്രഹിക്കുന്നുള്ളൂ''- ഇന്ദ്ര നൂയി പറഞ്ഞു.
അമെരിക്കയെ 'ലോകത്തിലെ ഏറ്റവും മഹത്തായ രാജ്യം' എന്നും ഇന്ദ്ര നൂയി വിശേഷിപ്പിച്ചു. കുടിയേറ്റക്കാര്‍ക്ക് മറ്റെവിടെയും ലഭിക്കാത്ത അവസരങ്ങള്‍ അമെരിക്ക വാഗ്ദാനം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു. അമെരിക്കയില്‍ ലഭിച്ച അവസരങ്ങള്‍ തന്റെ കരിയറിനെ പാകപ്പെടുത്തുന്നതില്‍ സഹായിച്ചുവെന്നും ഇന്ദ്ര നൂയി കൂട്ടിച്ചേര്‍ത്തു.
ഇന്ദ്ര നൂയിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായി. ഇന്ദ്ര നൂയിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തി. ഇന്ത്യയുടെ പുരോഗതിയെയും യോഗ്യത അടിസ്ഥാനമാക്കിയുള്ള അവസരങ്ങളെയും നൂയി അന്യായമായി തള്ളിക്കളഞ്ഞതായി ഒരു വിഭാഗം ആരോപിച്ചപ്പോള്‍, ഇന്ത്യയിലെ തടസങ്ങളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങളെ അവരുടെ അഭിപ്രായങ്ങള്‍ പ്രതിഫലിപ്പിക്കുന്നുവെന്ന് മറ്റു ചിലര്‍ വാദിച്ചു.