Business

ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ച് ഗരാഷ് മീ

ആലുവ: പ്രമുഖ ഓട്ടോമോട്ടിവ് വില്‍പനാന്തര സേവനദാതാവായ സയാര ഇന്നൊവേഷന്‍സിൻ്റെ കീഴിലുള്ള ഗരാഷ് മീ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ സ്ഥാപനങ്ങളില്‍ ഒന്നായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി (ഐഒസി) ധാരണാപത്രം ഒപ്പുവെച്ചു. ഇത് പ്രകാരം സര്‍വീസ് ഓണ്‍ വീല്‍സ് വിഭാഗത്തില്‍ ഇന്ധനേതര പ്രവര്‍ത്തനങ്ങളില്‍ ഗരാഷ് മീ ഐഒസിയുടെ പങ്കാളിയാകും. കമ്പനിപ്പടിയിലെ ഐഒസി പമ്പ് എംഎ മൂപ്പന്‍ ആന്‍ഡ് ബ്രദേഴ്‌സില്‍ നടന്ന ചടങ്ങിലാണ് ധാരണാപത്രം പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നത്. ഐഒസി റീട്ടെയ്ല്‍ സെയില്‍സ് ജിഎം ദീപു മാത്യുവാണ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചത്.

തിരുവനന്തപുരത്ത് എംഎസ്എച്ച് ഫ്യുയല്‍സില്‍ വെള്ളിയാഴ്ചയും അടുത്താഴ്ച തൃശൂരില്‍ അനിദ്യ പെട്രോ കഫേയിലും ഗരാഷ്മീയുടെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും.

2020-ലാണ് ടെക്‌നോളജി സഹായത്തോടെയുള്ള കേരളത്തിലെ ആദ്യ വാതില്‍പ്പടി കാര്‍ സര്‍വീസ് പ്ലാറ്റ്‌ഫോമായ ഗരാഷ് മീ ആരംഭിച്ചത്. ധാരണപത്രം പ്രകാരം രാജ്യത്തുടനീളമുള്ള ഐഒസി ഔട്ട്‌ലെറ്റുകളിലൂടെ ഗരാഷ് മീയുടെ സേവനങ്ങള്‍ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍, എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ബെംഗലൂരു, മുംബൈ എന്നിവിടങ്ങളിലായി പത്ത് കേന്ദ്രങ്ങളിലാണ് സേവനങ്ങള്‍ ലഭ്യമാക്കുക.

ഐഒസിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഗരാഷ്മീ സ്ഥാപകരായ അരുണ്‍രാജ് പി.ആര്‍, ആനന്ദ് ആന്റണി എന്നിവര്‍ പറഞ്ഞു. ഇതിലൂടെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് സേവനം എത്തിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. മികച്ച സര്‍വീസ് ആഗ്രഹിക്കുന്ന കാര്‍ ഉടമകള്‍ക്ക് ഗരാഷ്മീ നല്‍കുന്ന സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പങ്കാളിത്തം. ഇന്ത്യയിലുടനീളം സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതോടൊപ്പം തന്നെ ആഗോളതലത്തിലുള്ള അവസരങ്ങള്‍ തേടുകയും ചെയ്യും. കാര്‍ വാങ്ങുന്നത് മുതല്‍ അതിന്റെ സമയബന്ധിത സര്‍വീസുകള്‍, അറ്റകുറ്റപ്പണികള്‍, ഇന്‍ഷൂറന്‍സ് പുതുക്കല്‍ തുടങ്ങി കാര്‍ വില്‍ക്കുന്നത് വരെയുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ നല്‍കിവരുന്ന വാതില്‍പ്പടി കാര്‍ സര്‍വീസ് ഇതില്‍ ഒന്ന് മാത്രമാണെന്നും ഗരാഷ്മീ സ്ഥാപകര്‍ വ്യക്തമാക്കി. ഇന്‍ഷൂറന്‍സ് പുതുക്കല്‍, ടയര്‍, ബാറ്ററി, യൂസ്ഡ് കാര്‍ സെയില്‍, പര്‍ച്ചേസ് തുടങ്ങിയ സേവനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.

കാര്‍ ഉടമകളില്‍ 65 ശതമാനത്തിലേറെ അംഗീകൃത സര്‍വീസ് സെന്ററുകളില്‍ എത്താത്ത സാഹചര്യത്തില്‍ വില്‍പനാനന്തര സര്‍വീസ് മേഖലയില്‍ ഏറെ സാധ്യതകളാണ് ഉളളത്. കോവിഡാനന്തരം സ്വന്തം വാഹന വിപണിയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. സര്‍വീസിനുള്ള ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഗരാഷ്മീ പോലുള്ള ടെക്‌നോളജി സഹായത്തോടെയുള്ള സേവനദാതാക്കള്‍ക്ക് രാജ്യത്താകെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളത്തില്‍ തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഗരാഷമീക്ക് യൂണിറ്റുകളുള്ളത്. ഇതിന് പുറമേ സംസ്ഥാനത്തുടനീളം സേവനങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് ഫ്രാഞ്ചൈസി സംവിധാനവും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. നിശ്ചിത കാലയളവിലുള്ള മെയിന്റനന്‍സ്, കാര്‍ വാഷിങ്, ക്ലീനിങ്, സാധാരണയായുള്ള പരിശോധനകള്‍, യൂസ്ഡ് കാര്‍ ഇന്‍സ്‌പെക്ഷന്‍ തുടങ്ങിയ സേവനങ്ങളാണ് ഗരാഷ്മീ വാതില്‍പ്പടി സേവനങ്ങളായി ലഭ്യമാക്കുന്നത്. ബോഡി ഡെന്റിങ്, പെയിന്റിങ് ഉള്‍പ്പെടെയുള്ള വലിയ മെക്കാനിക്കല്‍ ജോലികള്‍ ഗരാഷ്മീയുടെ കോ-ബ്രാന്‍ഡഡ് പാര്‍ട്ണര്‍ വര്‍ക്‌ഷോപ്പുകളിലുമാണ് ലഭ്യമാക്കുന്നത്. ഐഒസി ഡിവിഷണല്‍ റീട്ടെയ്ല്‍ സെയില്‍സ് ഹെഡ് വിപിന്‍ ഓസ്റ്റിന്‍, റീട്ടെയ്ല്‍ സെയില്‍സ് കേരള ഡിജിഎം പി.ആര്‍. ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ