ഫ്രാഗ്രൻസ് വേൾഡ് വിജയാഘോഷത്തിൽ മമ്മൂട്ടി.
ദുബായ്: മലയാളിയായ പോളണ്ട് മൂസയുടെ ഉടമസ്ഥതയിലുള്ള 'ഫ്രാഗ്രൻസ് വേൾഡ്' നൂറ്റമ്പത് രാജ്യങ്ങളിൽ എത്തിയതിന്‍റെ ആഘോഷ പരിപാടികൾക്ക് ദുബായിലെ എക്സ്പോ സിറ്റിയിൽ സംഘടിപ്പിച്ച ചടങ്ങിൽ തുടക്കമായി. ഡ്രോൺ ഷോയിൽ ചെയർമാനും സ്ഥാപകനുമായ പോളണ്ട് മൂസയുടെ ഡിജിറ്റൽ സിഗ്നേച്ചർ പതിപ്പിച്ച് ആഘോഷങ്ങളുടെ ലോഗോ അനാവരണം ചെയ്തു.
സിഇഒ പിവി സലാമിന്‍റെയും, ജോയിന്‍റ് സിഇഒ പിവി സഫീന്‍റെയും, ലബീബിന്‍റേയും സാന്നിദ്ധ്യത്തിലായിരുന്നു ലോഗോ പ്രകാശനം.
നടൻ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. പോളണ്ട് മൂസയുടെ ജീവിത കഥ ആസ്പദമാക്കി തയ്യാറാക്കിയ 'കുഞ്ഞോൻ' എന്ന ഡോക്യൂ ഫിക്ഷൻ സിനിമയുടെ ആദ്യ പ്രദർശനവും മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ ദുബായ് എക്സ്പോ സിറ്റിയിൽ നടത്തി.
വേദിയിലെത്തിയ മമ്മൂട്ടി പറഞ്ഞതിങ്ങനെ: "പോളണ്ട് മൂസയുടെ ജീവിത ചരിത്രം സിനിമയാക്കാൻ ആഗ്രഹമുണ്ട്, പക്ഷേ അദ്ദേഹം തന്നെ സിനിമയിറക്കി അതിൽ അഭിനയിച്ചു."
ജീവൻ ജോസ് ആണ് സിനിമ സംവിധാനം ചെയ്തത്. സിനിമ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിനെത്തും. പോളണ്ട് മൂസയുടെ ജീവചരിത്രം ആസ്പദമാക്കി സെബിൻ പൗലോസ് രചിച്ച 'ഫ്രാഗ്രൻസ് ഓഫ് ലെഗസി' എന്ന പുസ്തകത്തിന്‍റെ കവർ പ്രകാശനവും വേദിയിൽ നടത്തി.
നൂറ്റമ്പതോളം രാജ്യങ്ങളിൽനിന്നെത്തിയ വിതരണക്കാരോടൊപ്പം, ദുബായിലെ ബിസിനസ് പ്രമുഖരും, സ്ഥാപനത്തിലെ തൊഴിലാളികളുമടക്കം രണ്ടായിരത്തിലധികം ആളുകൾ ആഘോഷത്തിൽ പങ്കെടുത്തു.
പോളണ്ട് മൂസയുടെ ജീവിത ചരിത്രം സിനിമയാക്കാൻ ആഗ്രഹമുണ്ട്, പക്ഷേ അദ്ദേഹം തന്നെ സിനിമയിറക്കി അതിൽ അഭിനയിച്ചു.മമ്മൂട്ടി
1988ൽ പോളണ്ടിൽ മൂസയുടെ ബിസിനസിന് ആദ്യമായി പിന്തുണ നൽകിയ പോളിഷ് വനിതയായ എലിസബത്തും, 1989ഇൽ ആദ്യത്തെ വിദേശ ഓർഡർ നൽകിയ ബൾഗേറിയക്കാരി ലിലിയ പെട്രോവയും, 1993ൽ റഷ്യൻ മാർക്കറ്റിലേക്ക് കൈപിടിച്ചുയർത്തിയ റഷ്യക്കാരൻ കോൺസ്റ്റിൻ വാസ്‌നിക്കോയും, 1995 മുതൽ സഹോദരനെപ്പോലെ കൂടെയുള്ള അസർബൈജാൻ സ്വദേശി റാഷിദ് സഹവർഡീവും ചടങ്ങിൽ പങ്കെടുത്തു. ഇവരെ ചടങ്ങിൽ പോളണ്ട് മൂസ ആദരിക്കുകയും ചെയ്തു.
കമ്പനിയിൽ മുപ്പത് വർഷവും, ഇരുപത് വർഷവും, പത്തുവർഷവും പൂർത്തീകരിച്ച ജീവനക്കാരെയും, മികച്ച പ്രകടനം നടത്തിയ ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. ജീവനക്കാർക്കും തൊഴിലാളികൾക്കുമായി ഏഴ് കോടിയിലധികം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്.