പേടിഎമ്മിന്‍റെ ഓഹരികൾ വിൽക്കാനുണ്ട്
കൊച്ചി: പേയ്മെന്‍റ് കമ്പനിയായ പേടിഎമ്മിന്‍റെ 4% ഓഹരികള്‍ ബ്ലോക്ക് ഡീലിലൂടെ വിറ്റഴിക്കാനൊരുങ്ങുകയാണ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ ഗ്രൂപ്പ്. ആലിബാബ ഗ്രൂപ്പിലുള്ള ആന്‍റിന്‍റെ കൈവശമുള്ള 2,200 കോടി രൂപയുടെ ഓഹരികളാണ് വില്‍ക്കുന്നത്.
ഷെയര്‍ ഒന്നിന് 809.75 രൂപ വില നിശ്ചയിച്ചാണ് വില്‍പ്പന നടത്തുന്നത്. പേടിഎം ഓഹരി വില 4% ഉയര്‍ന്ന് 866 രൂപയിലാണ് ക്ലോസ് ചെയ്തത്. വിപണി വിലയേക്കാള്‍ 6% താഴെയാണ് ബ്ലോക്ക് ഡീല്‍ വില. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ആലിബാബ കമ്പനി പേടിഎം ഓഹരികള്‍ വില്‍ക്കുന്നത്. 2023 ഓഗസ്റ്റില്‍ 10.3% ഓഹരികള്‍ പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശങ്കര്‍ ശര്‍മയ്ക്ക് വിറ്റിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുപ്രകാരം ആന്‍റ് കമ്പനിയുടെ സഹോദര സ്ഥാപനമായ ആന്‍റ്ഫിന്‍റെ കൈവശം പേടിഎമ്മിന്‍റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സിന്‍റെ 9.85% ഓഹരികളുണ്ട്.
ഇന്ത്യയില്‍ ഏറെ പ്രചാരമുണ്ടെങ്കിലും പേടിഎം കമ്പനിയുടെ നഷ്ടത്തില്‍ കുറവ് വന്നിട്ടില്ല. മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 540 കോടി രൂപ നഷ്ടത്തിലാണ്. മുന്‍ പാദത്തില്‍ നഷ്ടം 208 കോടി രൂപയായിരുന്നു.