ആഗോള തൊഴിൽ വിപണിയിലേക്ക് ഇന്ത്യ പ്രതിവർഷം ഒരു ലക്ഷം ആരോഗ്യ പ്രവർത്തകരെ സംഭാവന ചെയ്യും AI
Career

ആഗോള തൊഴിൽ വിപണിയിലേക്ക് ഇന്ത്യ ഒരു ലക്ഷം ആരോഗ്യ പ്രവർത്തകരെ സംഭാവന ചെയ്യും

വികസിത രാജ്യങ്ങൾ നേരിടുന്ന വൃദ്ധജനങ്ങളുടെ ആധിക്യവും അവരെ പരിചരിക്കുന്നവരുടെ കുറവും കണക്കിലെടുത്താണ് നഴ്സുമാർ അടക്കമുള്ളവർക്ക് NSDC പരിശീലനം നൽകുന്നത്

ന്യൂഡൽഹി: വികസിത രാജ്യങ്ങൾ നേരിടുന്ന വൃദ്ധജനങ്ങളുടെ ആധിക്യവും അവരെ പരിചരിക്കുന്നവരുടെ കുറവും കണക്കിലെടുത്ത് അടുത്ത രണ്ട് വർഷങ്ങളിൽ ആഗോള തൊഴിൽ വിപണിയിലേക്ക് പ്രതിവർഷം നഴ്സുമാരടക്കം ഒരു ലക്ഷം ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകാൻ ഇന്ത്യ ഒരുങ്ങുന്നതായി നാഷണൽ സ്‌കിൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ (NSDC) ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും (CEO) എൻ‌എസ്‌ഡി‌സി ഇന്‍റർനാഷണൽ എംഡിയുമായ വേദ് മണി തിവാരി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഇതിനായുള്ള ആരോഗ്യ പ്രവർത്തകരെ തെരഞ്ഞെടുത്തത് പരിശീലനം നൽകും.

നിലവിൽ 43 രാജ്യങ്ങളിലെ തൊഴിൽ സാധ്യതകൾ സംബന്ധിച്ച വിശദ പഠനം എൻഎസ്ഡിസി നടത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ ലഭ്യമായ തൊഴിലവസരങ്ങളും അവിടെ തൊഴിൽ നേടുന്നതിനാവശ്യമായ രേഖകളും സംബന്ധിച്ച വിശദമായ റിപ്പോർട്ടുകൾ തയാറായി വരികയാണ്. ആരോഗ്യ സംരക്ഷണം, സാമൂഹിക പരിപാലനം, പുനരുപയോഗിക്കാവുന്ന ഊർജം, ഉൽപ്പാദനം, വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ തൊഴിലാളികൾക്ക് ഈ രാജ്യങ്ങളിൽ വലിയ ആവശ്യമുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ നൈപുണ്യ വികസന മേഖലയുടെ ശിൽപി എന്ന നിലയിൽ, നാഷണൽ സ്കിൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ (എൻ‌എസ്‌ഡി‌സി) 2024-ൽ ഗണ്യമായ മുന്നേറ്റം നടത്തി, വിവിധ സംരംഭങ്ങളിലൂടെ ഇന്ത്യയുടെ തൊഴിൽ ശക്തിയെ ശാക്തീകരിക്കാൻ കഴിഞ്ഞുവെന്ന് വേദ് മണി തിവാരി പറഞ്ഞു.

എഐ, ഡ്രോൺ ടെക്നോളജി, ഡാറ്റാ സയൻസ്, ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയ വളർന്നു വരുന്ന മേഖലകളിൽ 1400-ലധികം കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന സ്‌കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് (സിദ്ധ്- ടIDH) എൻഎസ്ഡിസിക്കു കീഴിൽ ഡിജിറ്റൽ പഠനത്തിനും നൈപുണ്യ വികസനത്തിനുമുള്ള ഒരു അവിഭാജ്യ ഘടകമായി രാജ്യത്ത് ഉയർന്നുവന്നിട്ടുണ്ട്.

വനിതകളും യുവജനങ്ങളുമടക്കം ഒരു കോടി പേർ രജിസ്റ്റർ ചെയ്ത് 50 ലക്ഷത്തിലധികം പേർ കോഴ്‌സ് പൂർത്തിയാക്കിയ സിദ്ധ് രാജ്യത്തെ നൈപുണ്യ വികസന മേഖലയിൽ ശ്രദ്ധേയമായ സാന്നിദ്ധ്യമായി. 2025 അവസാനത്തോടെ പഠിതാക്കളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് ഉയർത്തുകയെന്ന ദൗത്യത്തോടെ, രാജ്യത്തെ 505 ജില്ലകളിലായി 5,000ത്തിലധികം മുതിർന്ന പൗരന്മാരെ ചേർത്തുകൊണ്ട് സിദ്ധ് പ്ലാറ്റ് ഫോം എല്ലാ പ്രായത്തിലുമുള്ള ജനതക്ക് തൊഴിൽ നൈപുണ്യത്തിനുള്ള അവസരമൊരുക്കും. ഡിജിറ്റൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് എന്ന നിലയിൽ പ്രവർത്തിക്കുന്ന സിദ്ധ് പ്ലാറ്റ് ഫോമിലെ സേവനങ്ങൾ നിലവിൽ 22 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്.

എഐ അധിഷ്ഠിത പഠനത്തിനായി മെറ്റാ, പ്രായോഗിക പരിശീലനത്തിനായി മൈക്രോസോഫ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുമായും എൻഎസ്ഡിസി സഹകരിച്ച് പ്രവർത്തിക്കുന്നു. എൻഎസ്ഡിസിക്ക് കീഴിൽ 2021 ഒക്റ്റോബറിൽ സ്ഥാപിതമായതിനു ശേഷം, എൻ‌എസ്‌ഡി‌സി ഇന്‍റർനാഷണൽ അന്താരാഷ്‌ട്ര തൊഴിൽ വിപണികളിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 22 രാജ്യങ്ങളിലെ 19 വ്യവസായങ്ങളിലായി 88,924 തൊഴിലവസരങ്ങൾ യാഥാർഥ്യമാക്കി. ഗൾഫ് രാജ്യങ്ങൾ, ജപ്പാൻ, യുകെ തുടങ്ങി വിവിധ രാജ്യങ്ങളിലായി എൻഎസ്ഡിസിഇന്‍റർനാഷണൽ വഴി 33,034 ഉദ്യോഗാർഥികളെ വിവിധ തൊഴിലുകളിൽ വിന്യസിക്കുന്നതിന് കഴിഞ്ഞു.

സൗദി അറേബ്യയിൽ മാത്രം ആരോഗ്യ സംരക്ഷണം, നിർമാണം, കൃഷി മേഖലകളിൽ 14,046 പേരെ വിന്യസിച്ചിട്ടുണ്ട്. കുവൈറ്റിൽ ഞങ്ങൾ 399 പേരെയും ഖത്തറിൽ ആരോഗ്യ സംരക്ഷണം, നിർമാണ വ്യവസായങ്ങളിൽ 3649 വിദഗ്ധ പ്രൊഫഷണലുകളെയും വിന്യസിച്ചിട്ടുണ്ട്. ഒമാനിൽ 1,094 പേരെയും യുഎഇയിൽ 3,010 പേരെയും പരിശീലിപ്പിച്ചിട്ടുണ്ട്. എൻഎസ്ഡിസിയുടെ കീഴിൽ നൈപുണ്യ പരിശീലനം തേടുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളുൾപ്പെടെയുള്ള യുവജനങ്ങളാണ്. അവർ മിക്കവാറും എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്നു.

ജപ്പാനിൽ, ആരോഗ്യ സംരക്ഷണം, നിർമാണം, കൃഷി വിഭാഗങ്ങളിലായി 1,676 പേരെ വിന്യസിച്ചു. ഇസ്രായേലിലെ നിർമാണ വ്യവസായത്തിൽ ഇന്ത്യയിൽ നിന്ന് പരിശീലനം ലഭിച്ച 6694 പേരെ എൻഎസ്ഡിസി വഴി വിന്യസിച്ചിട്ടുണ്ട്. ജർമനിയിലെ ആരോഗ്യ സംരക്ഷണ മേഖലയിൽ 106 വിദഗ്ധ പ്രൊഫഷണലുകളെ വിന്യസിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയിൽ ഇതുവരെ 4 പേരും ഫിൻ‌ലാൻഡിൽ 3 പേരെയും ആരോഗ്യമേഖലയിൽ വിന്യസിച്ചിട്ടുണ്ട്. സ്ലോവാക്യയിലെ ഇലക്ട്രോണിക്സ് മേഖലയിൽ മാത്രം എൻ‌എസ്‌ഡി‌സി വഴി ഇന്ത്യയിൽ നിന്നുള്ള 52 വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുണ്ട്.

സമീപ ഭാവിയിൽ ഇസ്രയേലിൽ മാത്രം 5,000 ആരോഗ്യ പ്രവർത്തകരുടെ ആവശ്യമുണ്ടെന്നും ജർമനിയിലും ജപ്പാനിലും ആരോഗ്യ പ്രവർത്തകർക്കുള്ള ആവശ്യം തുടരുകയാണെന്നും വേദ് മണി തിവാരി പറഞ്ഞു. നിലവിൽ രാജ്യത്ത് 8 പരിശീലന കേന്ദ്രങ്ങൾ തുടങ്ങിക്കഴിഞ്ഞു. താമസിയാതെ 10 തൊഴിൽ പരിശീലന കേന്ദ്രങ്ങൾ കൂടി ആരംഭിക്കും. കേന്ദ്ര നൈപുണ്യ വികസന- സംരംഭക മന്ത്രാലയത്തിന് കീഴിൽ വ്യവസായ മേഖലയുടെ സഹകരണത്തോടെ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് നാഷണൽ സ്കിൽ ഡവലപ്മെന്‍റ് കോർപ്പറേഷൻ.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു