ഉയർന്ന ചൂടും വൈദ്യുതി പ്രതിസന്ധിയും
സംസ്ഥാനത്തു വീണ്ടും ചൂട് കൂടുകയാണ്. താപനില അസാധാരണമായ നിലയിൽ ഉയരുന്നു. താപനിലയിൽ മൂന്നു മുതല്‍ നാലു വരെ ഡിഗ്രി സെല്‍ഷ്യസ് ഉയർച്ചയാണു കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. സെപ്റ്റംബറിൽ ഇത്രയധികം ചൂട് സഹിക്കേണ്ടിവരുന്നുവെങ്കിൽ കടുത്ത വേനലാവുമ്പോൾ എന്താവും അവസ്ഥ എന്ന ആശങ്കയും പലരും പ്രകടിപ്പിക്കുന്നുണ്ട്. ആവശ്യത്തിനു മഴ ലഭിക്കാത്തതിന്‍റെ എല്ലാ പ്രശ്നങ്ങളും കേരളത്തിനു നേരിടേണ്ടിവരും. അതിരൂക്ഷമായ വേനൽ പ്രതീക്ഷിക്കണമെന്നു വിദഗ്ധർ നിർദേശിക്കുന്നുണ്ട്. ഇപ്പോഴത്തെ ചൂടിനു തെല്ല് ആശ്വാസമാവണമെങ്കിൽ വരുംദിവസങ്ങളിൽ കുറച്ചു മഴയെങ്കിലും ലഭിക്കണം. ഇന്നും ഉയർന്ന താപനിലയ്ക്കു സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്നു നില്‍ക്കുന്നതിനാൽ താപനിലയെക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്നുണ്ട്. എൽനിനോ പ്രതിഭാസം ശക്തമായതാണ് ഇപ്പോഴത്തെ ഈ സ്ഥിതിവിശേഷത്തിനു കാരണമെന്നു പറയുന്നു.
ഈ സാഹചര്യത്തിലാണു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി കഴിഞ്ഞ ദിവസം പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉയർന്ന ചൂടു കാരണമാകും എന്നതിനാൽ ഈ നിർദേശങ്ങളെ നിസാരമായി കാണരുത്. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയുള്ള സമയത്ത് നേരിട്ടു ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുന്നത് ജാഗ്രതാ നിർദേശങ്ങളിൽ പ്രധാനമാണ്. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക, നിർമാണ തൊഴിലാളികളും കർഷക തൊഴിലാളികളും വഴിയോര കച്ചവടക്കാരും മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവരും ജോലി സമയം ക്രമീകരിക്കുക തുടങ്ങി പല നിർദേശങ്ങളും അവഗണിക്കാൻ പാടില്ലാത്തതാണ്. സ്കൂളുകളിൽ ചൂടു കൂടിയ സമയത്ത് അസംബ്ലികൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ആംഗൻവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതതു തദ്ദേശ സ്ഥാപന അധികൃതരും ആംഗൻവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധ നൽകേണ്ടതാണ്.
വരും നാളുകളിൽ ജലക്ഷാമം രൂക്ഷമാകാനുള്ള സാധ്യത മുൻകൂട്ടി കാണേണ്ടതുണ്ട്. വെള്ളം പാഴാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അതുകൊണ്ടു തന്നെ അത്യാവശ്യമാണ്. പൊതുപരിപാടികൾ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്നു സംഘാടകർ ഉറപ്പുവരുത്തണം. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളും ആവശ്യമാണ്. വനമേഖലയോടു ചേർന്നു താമസിക്കുന്നവരും വിനോദ സഞ്ചാരികളും കാട്ടുതീ വ്യാപിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ജാഗ്രത പാലിക്കേണ്ടതുണ്ട്. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുന്നതു പ്രധാനമാണ്. പൊതുസ്ഥലങ്ങളിൽ തീ പടരുന്നത് ഒഴിവാക്കാൻ പതിവിലും കൂടുതൽ ജാഗ്രത ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും പുലർത്തേണ്ടിയിരിക്കുന്നു.
ചൂട് കൂടുന്നതിനനുസരിച്ച് സംസ്ഥാനത്തു വൈദ്യുതി ഉപയോഗവും കുതിച്ചുകയറുകയാണ്. കണക്കു കൂട്ടിയതിനെക്കാൾ ഉയർന്ന വൈദ്യുതി ആവശ്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തിലെ ആവശ്യകതയിൽ നിന്ന് 600 മുതൽ 800 വരെ മെഗാവാട്ട് ഉയർന്നിട്ടുണ്ടെന്ന് കെഎസ്ഇബി വൃത്തങ്ങൾ അറിയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണു രാത്രികാലത്ത് പവർകട്ടും വൈദ്യുതി നിയന്ത്രണവും വേണ്ടിവരുന്നത്. ഡാമുകളിലൊന്നും വേണ്ടത്ര വെള്ളമില്ലാത്തതിനാൽ ആഭ്യന്തര വൈദ്യുതി ഉത്പാദനം വർധിപ്പിക്കാനുള്ള അവസരമില്ല. ദേശീയ ഗ്രിഡിൽ നിന്നുള്ള ലഭ്യതയിലും കാര്യമായ കുറവുണ്ട്. പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യത്തിനു വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചിരിക്കുന്നു എന്നതിനാലാണു കേരളത്തിനു കൂടുതൽ പ്രശ്നങ്ങളുണ്ടാവുന്നത്. വൈദ്യുതി പ്രതിസന്ധിക്ക് ഏതെങ്കിലും തരത്തിൽ കൃത്യമായ ഒരു പരിഹാരം കാണാൻ സംസ്ഥാന സർക്കാരിനു കഴിയേണ്ടിയിരിക്കുന്നു.
എന്തായാലും പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം ഓരോരുത്തരും സ്വയം നിയന്ത്രിക്കുന്നത് നാടിനു ഗുണകരമാവും. ഉപയോഗം കഴിഞ്ഞാലുടൻ ലൈറ്റും ഫാനും മറ്റ് ഇലക്‌ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്യേണ്ടതുണ്ട്. മുറിയിൽ ആരുമില്ലെങ്കിലും ബൾബ് കത്തിക്കിടക്കുകയും ഫാൻ കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ വിലപ്പെട്ട വൈദ്യുതി പാഴായിക്കൊണ്ടിരിക്കുകയാണെന്ന് ഓർക്കേണ്ടതാണ്.
കഴിഞ്ഞ 10 വർഷവും ഇല്ലാത്ത പവർകട്ട് ഇപ്പോൾ വേണ്ടിവന്നതു യുഡിഎഫ് സർക്കാരിന്‍റെ പരാജയമാണെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിക്കുന്നുണ്ട്. എന്നാൽ, വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്നും രാജ്യത്ത് ഒട്ടാകെ മഴ കുറഞ്ഞെന്നും രാജ്യത്തു മുഴുവൻ പ്രതിസന്ധിയുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ചൂണ്ടിക്കാണിക്കുന്നു.