ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താം

 
Representative image
Editorial

ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താം

വിദേശ സഞ്ചാരികളെ ആകർഷിക്കാൻ ഉതകുന്ന നിരവധി സവിശേഷതകൾ കൊച്ചിക്കുണ്ട്.

MV Desk

ലോകപ്രശസ്തമായ അന്താരാഷ്‌ട്ര യാത്രാ മാഗസിൻ "ലോൺലി പ്ലാനറ്റി'ന്‍റെ ഈ വർഷത്തെ മികച്ച 25 യാത്രാനുഭവങ്ങളിൽ കേരളത്തിന്‍റെ തനതു ഭക്ഷണവിഭവങ്ങൾ ഇടംപിടിച്ചതായുള്ള വാർത്ത വന്നതു കഴിഞ്ഞ മാസമാണ്. വൈവിധ്യം നിറഞ്ഞ നമ്മുടെ രുചിക്കൂട്ടുകൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാറുണ്ടെന്നതു യാഥാർഥ്യം തന്നെയാണ്. വാഴയിലയിൽ വിളമ്പുന്ന പരമ്പരാഗത സദ്യ മുതൽ കടൽ വിഭവങ്ങൾ വരെ നീളുന്ന നിരവധി വിഭവങ്ങളെക്കുറിച്ച് ലോൺലി പ്ലാനറ്റ് പരാമർശിക്കുന്നുണ്ട്. ഇവരുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ സംസ്ഥാനം കേരളമാണ് എന്നതാണ് എടുത്തുപറയേണ്ടത്. ഭക്ഷണ പ്രേമികളുടെ പറുദീസയായി കേരളം ഇതിനകം മാറിയിട്ടുണ്ടെന്ന് മാഗസിൻ ചൂണ്ടിക്കാണിക്കുന്നു. ലോകത്തെ ഒട്ടുമിക്ക ഇന്ത്യൻ ഭക്ഷണശാലകളിലും കേരള വിഭവങ്ങൾക്കു പ്രത്യേക സ്ഥാനമുണ്ടെന്നും മാഗസിൻ പറയുന്നു.

സുഗന്ധദ്രവ്യങ്ങൾ ഉൾപ്പെടെ പ്രകൃതിവിഭവങ്ങളുടെ കലവറയാണു കേരളം. സുഗന്ധദ്രവ്യങ്ങൾ ഉൾപ്പെടുത്തിയുള്ള പാചക രീതികൾ അടക്കം തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട പരമ്പരാഗത പാചകക്കൂട്ടുകൾ നമുക്കുണ്ട്. ഓരോ പ്രദേശത്തിനും വ്യത്യസ്തമായ രുചികൾ പരിചയപ്പെടുത്താനുമുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന ഘടകമായി നമ്മുടെ ഭക്ഷണ വിഭവങ്ങൾ മാറിയിട്ടുമുണ്ട്. സംസ്ഥാനത്തു ടൂറിസം വികസനത്തിനു ലഭിക്കുന്ന സാധ്യതകളിലൊന്നായാണ് ഇതിനെ കണക്കിലെടുക്കേണ്ടത്.

ലോൺലി പ്ലാനറ്റിന്‍റെ യാത്രാനുഭവങ്ങളിൽ ഇടംപിടിച്ചതിനു പിന്നാലെയാണ് ലോകത്തിലെ മുൻനിര യാത്രാ പ്ലാറ്റ്‌ഫോമുകളിലൊന്നായ ബുക്കിങ് ഡോട്ട് കോമിന്‍റെ ലിസ്റ്റിലും കേരളം കയറിയത്. 2026ൽ നിർബന്ധമായും സന്ദർശിക്കേണ്ട യാത്രാകേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചി ഇടംപിടിച്ചിരിക്കുകയാണ്. പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ഏക ഡെസ്റ്റിനേഷനാണ് കൊച്ചി എന്നു പറയുമ്പോൾ അതിന്‍റെ പ്രാധാന്യം വ്യക്തമാവും. പത്തു ലോകോത്തര ഡെസ്റ്റിനേഷനുകളുടെ പട്ടികയാണ് ആംസ്റ്റർഡാം ആസ്ഥാനമായ ബുക്കിങ് ഡോട്ട് കോം തയാറാക്കിയത്. വിയറ്റ്നാം, സ്പെയ്ൻ, കൊളംബിയ, ചൈന, ബ്രസീൽ, ഓസ്ട്രേലിയ, ജർമനി, അമെരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഹോട്ട്സ്പോട്ടുകൾക്കൊപ്പമാണ് കൊച്ചിയും ഇടംപിടിച്ചത്. മലബാറിലെയും തെക്കൻ മേഖലയിലെയും പാചക വൈവിധ്യത്തെക്കുറിച്ചു പറയുന്ന ലോൺലി പ്ലാനറ്റും കൊച്ചിയുടെ സവിശേഷതകൾ എടുത്തുപറഞ്ഞിട്ടുണ്ടെന്നത് ഇതിനോടൊപ്പം കാണണം. കൊച്ചിയിലെ പാചക പാരമ്പര്യം സാംസ്കാരിക വൈവിധ്യത്തിന്‍റെ ഉദാഹരണമാണെന്നാണ് ബുക്കിങ് ഡോട്ട് കോം ചൂണ്ടിക്കാണിക്കുന്നത്. അതിനൊപ്പം ദക്ഷിണേന്ത്യയുടെ സാംസ്കാരിക പൈതൃകവും പ്രകൃതി സൗന്ദര്യവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന പ്രദേശമാണു കൊച്ചിയെന്നും അവർ പറയുന്നു.

വിദേശ സഞ്ചാരികളെ ആകർഷിക്കാൻ ഉതകുന്ന നിരവധി സവിശേഷതകൾ കൊച്ചിക്കുണ്ട്. ചൈനീസ് വലകള്‍, പൈതൃകം നിറഞ്ഞ കച്ചവടകേന്ദ്രങ്ങള്‍ എന്നിവ അന്താരാഷ്‌ട്ര സഞ്ചാരികള്‍ക്കു വേറിട്ട അനുഭവം പ്രദാനം ചെയ്യുമെന്ന് ബുക്കിങ് ഡോട്ട് കോം വിലയിരുത്തുന്നു. വാസ്തുശില്‍പ്പ ചാരുതയും ആധുനിക ആര്‍ട്ട് കഫെകളും ഒത്തുചേരുന്ന നഗരം കൂടിയാണു കൊച്ചി. കൊച്ചി- മുസിരിസ് ബിനാലെ പോലുള്ള ലോകോത്തര പരിപാടികളും ഈ പ്രദേശത്തിന്‍റെ ആകര്‍ഷണമാണ്. നൂറ്റാണ്ടുകളായുള്ള ആഗോള വ്യാപാരവും സാംസ്കാരിക കൈമാറ്റവും കൊച്ചിയെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചു. ബുക്കിങ് ഡോട്ട് കോമിന്‍റെ പട്ടികയിൽ കൊച്ചിക്കു ലഭിക്കുന്ന ഈ അംഗീകാരം ഇനിയും ധാരാളം ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കുന്നതിനു സഹായിക്കുന്നതാണ്. അതു മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് ടൂറിസം വകുപ്പ് ഇവിടെ ചെയ്യേണ്ടതും.

ഒരു വിദേശ സഞ്ചാരി കൊച്ചിയിൽ എത്തുമ്പോൾ അവിടം മാത്രമല്ല സന്ദർശിക്കുക. ആലപ്പുഴയിലെ കായൽ യാത്രയും മൂന്നാറിലെ കോടമഞ്ഞു മൂടിയ മലനിരകളിലൂടെയും തേയിലത്തോട്ടങ്ങളിലൂടെയുമുള്ള ട്രെക്കിങ്ങും മാരാരി ബീച്ചിലെ സ്വര്‍ണ മണലിലെ വിശ്രമവും എല്ലാം വിനോദസഞ്ചാരത്തിന്‍റെ ഭാഗമാവും. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം ടൂറിസ്റ്റുകൾക്കു നൽകുന്ന യാത്രാസൗകര്യം ബുക്കിങ് ഡോട്ട് കോം എടുത്തുപറയുന്നുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലെത്താൻ ഈ വിമാനത്താവളം അവസരമൊരുക്കുന്നു. കൊച്ചിയെ കേന്ദ്ര ബിന്ദുവാക്കിക്കൊണ്ട് ടൂറിസം രംഗത്തു വലിയൊരു കുതിപ്പുണ്ടാക്കാൻ സംസ്ഥാനത്തിനു കഴിയേണ്ടതാണ്.

മെട്രൊ റെയ്‌ലും വാട്ടർ മെട്രൊയും പോലുള്ള യാത്രാ സംവിധാനങ്ങൾ ഇപ്പോൾ കൊച്ചിക്കുണ്ട്. 2023 ഏപ്രിൽ 25ന് സർവീസ് തുടങ്ങിയ കൊച്ചി വാട്ടർ മെട്രൊയിൽ യാത്ര ചെയ്തവർ രണ്ടര വർഷം തികയും മുൻപു തന്നെ 50 ലക്ഷം കടന്നു എന്നതാണു സവിശേഷമായിട്ടുള്ളത്. വാട്ടർ മെട്രൊയുടെ സർവീസ് വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുകയാണ്. കൊച്ചിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായി വാട്ടർ മെട്രൊ മാറുന്നുണ്ട്. രാജ്യത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും കേരളത്തിന്‍റെ ഈ മാതൃക പിന്തുടരാനുള്ള നീക്കവും നടക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നു വരെ വാട്ടർ മെട്രൊയെക്കുറിച്ച് അന്വേഷണമെത്തിയെന്നാണു ബന്ധപ്പെട്ടവർ അറിയിക്കുന്നത്. ആഗോള ശ്രദ്ധ നേടുന്ന ഇതുപോലുള്ള പദ്ധതികൾ ടൂറിസം വികസനത്തിന് ഇനിയും ആവശ്യമാണ്. നല്ല അവസരം കേരളത്തിനു മുന്നിലുണ്ട് എന്നു തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങൾ ഫലം നൽകുമെന്നുറപ്പ്.

ഡൽഹി സ്ഫോടനക്കേസ്: ഹമാസ് മാതൃ‌കയിൽ ഡ്രോൺ ആക്രമണം നടത്താനും ഗൂഢാലോചന

വോട്ടർപട്ടികയിൽ പേരില്ല; സംവിധായകൻ വി.എം. വിനുവിനും മത്സരിക്കാനാകില്ല

മണ്ഡല-മകരവിളക്ക് മഹോത്സവം: 1,36,000ത്തിലധികം പേർ ദർശനം നടത്തിയെന്ന് എഡിജിപി

തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈം ടേബിളിൽ മാറ്റം

തൊഴിലാളിയെ തല്ലിച്ചതച്ചു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം, തുക എസ്ഐ നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ