മഴ ദുരിതത്തെ നേരിടാം, ഒറ്റക്കെട്ടായി
സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും മഴദുരിതം തുടരുകയാണ്. പ്രത്യേകിച്ചു കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്ന് മഴക്കെടുതികൾ സംബന്ധിച്ച റിപ്പോർട്ടുകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. മിന്നൽ പ്രളയത്തിന്‍റെ ആഘാതത്തിൽ നിന്ന് ആളുകൾ മോചിതരായിട്ടില്ല. വെള്ളം കയറിക്കിടക്കുന്ന മേഖലകൾ പലതും ഇപ്പോഴുമുണ്ട്. ആയിരക്കണക്കിനാളുകൾ ദുരിതാശ്വാസ ക്യാംപുകളിലാണു കഴിയുന്നത്. നൂറു കണക്കിനു വീടുകളിൽ വെള്ളം കയറി സർവവും നശിച്ചു. അവിടങ്ങളിൽ നിന്നെല്ലാം ആളുകൾ ഒഴിഞ്ഞുപോയി ബന്ധു വീടുകളിലും മറ്റും താമസിക്കുന്നുണ്ട്. അവർക്കൊന്നും തിരിച്ചെത്താറായിട്ടില്ല. വെള്ളപ്പൊക്കം നേരിടുന്നതിൽ സർക്കാരിനുണ്ടായ വീഴ്ചകളെക്കുറിച്ചു പല പരാതികളും കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാക്കൾ അടക്കം ഉന്നയിക്കുന്നതു കേട്ടു. പ്രളയസമാന സാഹചര്യം മുൻകൂട്ടി അറിയിക്കാനോ അതിനനുസരിച്ചു നടപടികൾ എടുക്കാനോ സർക്കാരിനു കഴിഞ്ഞില്ല എന്നതാണ് അതിലൊന്ന്. വിവിധ വകുപ്പുകളും ഉദ്യോഗസ്ഥരും തമ്മിൽ ഏകോപനമില്ലായിരുന്നുവെന്നു മറ്റൊരു ആരോപണവുമുണ്ട്.
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അതുമൂലം വ്യാപാരികൾക്കു കടകളിലെ സാധനങ്ങൾ സുരക്ഷിതമാക്കാനുള്ള സമയം ലഭിച്ചില്ലത്രേ. ദുരിതാശ്വാസ ക്യാംപുകളിൽ ഭക്ഷണവും മരുന്നും എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും ആരോപണമുണ്ട്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയെന്നും പരാതി ഉയരുകയുണ്ടായി. അതിതീവ്ര മഴയും അതേത്തുടർന്നുണ്ടായ മിന്നൽ പ്രളയവും തികച്ചും അപ്രതീക്ഷിതമായിരുന്നു എന്നാണു സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്. അതുകൊണ്ടു തന്നെ ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടാവാം. മിന്നൽ പ്രളയം എപ്പോൾ എവിടെ സംഭവിക്കുമെന്നു വളരെ നേരത്തേ കൃത്യമായി പ്രവചിക്കുക പ്രയാസമാണെന്നാണു പറയുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അതിതീവ്ര മഴ മുന്നറിയിപ്പു ലഭിച്ചതു രാത്രി വൈകിയാണെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രളയസമാനമായ രീതിയിൽ ജലനിരപ്പുയരുമെന്നു ശനിയാഴ്ച രാവിലെ മുന്നറിയിപ്പു ലഭിക്കുന്നതിനു മുൻപേ പലയിടങ്ങളിലും വെള്ളം കയറിയിരുന്നു എന്നും പറയുന്നുണ്ട്. എന്തായാലും പുതിയ കാലത്തു മിന്നൽ പ്രളയ സാധ്യതകൾ കൂടുതൽ ഗൗരവത്തിൽ എടുക്കേണ്ടതുണ്ട് എന്നാണു വ്യക്തമാവുന്നത്. മഴയുടെ സ്വഭാവത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചു വിശദമായ പഠനങ്ങൾ നടത്തുന്നതും മുന്നറിയിപ്പു സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതും അത്യാവശ്യമാണ്.
ഇനിയുള്ള ദിവസങ്ങളിൽ സർക്കാർ സംവിധാനങ്ങൾ അതീവ ജാഗ്രതയോടെ പ്രവർത്തിക്കുകയും ദുരിതബാധിതർക്ക് ആവശ്യമായ മുഴുവൻ സഹായവും എത്തിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രളയത്തിൽ എല്ലാം നഷ്ടമായവർക്കു ഭക്ഷണം, കുടിവെള്ളം, മരുന്ന്, സുരക്ഷിത താമസം, നഷ്ടപരിഹാരം എന്നിവയൊക്കെ ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും പൊതുസമൂഹവും സർക്കാരിനൊപ്പം ചേർന്നു പ്രവർത്തിക്കണം. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മറ്റു തരത്തിലുള്ള അപകടങ്ങൾ എന്നിവയ്ക്കു സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ഗുരുതര രോഗികൾ, കുട്ടികൾ തുടങ്ങി അപകടസാധ്യതയുള്ള വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കഴിയേണ്ടതുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മുൻകൂട്ടി സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാനുള്ള നടപടികളും സ്വീകരിക്കേണ്ടതാണ്.
വെള്ളം ഇറങ്ങിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളിൽ യാതൊരു അലംഭാവവും ഉണ്ടായിക്കൂടാ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ നൽകേണ്ടതുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതും ആവശ്യമാണ്. കടൽക്ഷോഭവും ഉയർന്ന തിരമാലകളും രൂപപ്പെടാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് മത്സ്യത്തൊഴിലാളികൾക്കു ജാഗ്രതാ നിർദേശങ്ങൾ നൽകുന്നതിൽ യാതൊരു വീഴ്ചയും സംഭവിച്ചുകൂടാ. ചുരം പാതകളിലെ മണ്ണിടിച്ചിൽ ഭീഷണിയും പരിശോധിച്ചു വേണ്ട നിർദേശങ്ങൾ നൽകേണ്ടതുണ്ട്. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര വിനോദ സഞ്ചാര മേഖലകൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് അപകടസാധ്യത മുൻകൂട്ടിക്കണ്ടാണ്. അത് അവഗണിക്കാൻ പാടില്ലാത്തതുമാണ്. അപകടസാധ്യതയുള്ള റോഡുകളിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കേണ്ടതും ആവശ്യമായ യാത്രാ നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടതുമാണ്.