പൊതു പണിമുടക്കും തൊഴിലാളി ക്ഷേമവും
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ പത്തു തൊഴിലാളി യൂണിയനുകളുടെ സംയുക്ത ഫോറം ആഹ്വാനം ചെയ്ത ദേശവ്യാപകമായുള്ള പൊതുപണിമുടക്ക് ആരംഭിച്ചു കഴിഞ്ഞു. തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ, കോർപ്പറേറ്റ് അനുകൂല നയങ്ങളാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നതെന്നാണ് ഈ യൂണിയനുകൾ ആരോപിക്കുന്നത്. കർഷക സംഘടനകളുടെ കൂടി പിന്തുണയോടെയാണ് ഒരു ദിവസത്തെ പണിമുടക്കെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കുന്നുണ്ട്. കർഷക തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ആശാ വർക്കർമാർ തുടങ്ങിയവരെല്ലാം പണിമുടക്കിൽ പങ്കെടുക്കും. 25 കോടിയിലേറെ തൊഴിലാളികൾ ഇന്നത്തെ പണിമുടക്കിന്‍റെ ഭാഗമാവുമെന്നാണു പറയുന്നത്. അങ്ങനെ വരുമ്പോൾ രാജ്യത്തെ പല മേഖലകളിലും പ്രവർത്തനങ്ങൾ സ്തംഭിക്കും. ബാങ്കിങ്, ഇൻഷ്വറൻസ്, തപാൽ, ഖനനം, പൊതുഗതാഗതം, നിർമാണ പ്രവർത്തനങ്ങൾ, വ്യാപാരം തുടങ്ങിയ മേഖലകളിലെല്ലാം പണിമുടക്കിന്‍റെ പ്രതിഫലനമുണ്ടാകും. ഇന്ത്യൻ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതു പണിമുടക്കാവും ഇതെന്നാണ് യൂണിയൻ നേതാക്കൾ അവകാശപ്പെടുന്നത്.
തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ഈ പണിമുടക്ക് സർക്കാരിനെ ഓർമപ്പെടുത്തുകയാണ്. കേരളത്തിൽ പണിമുടക്ക് ഏതാണ്ടു പൂർണമാവും എന്നു തന്നെ കരുതണം. അതുകൊണ്ടു തന്നെ ഇവിടുത്തെ ജനജീവിതത്തെയും അതു ബാധിക്കും. മറ്റു പല സംസ്ഥാനങ്ങളിലും ഒരു ബന്ദിന്‍റെ പ്രതീതി ഉണ്ടാവണമെന്നില്ല. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നിവയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്ന സംഘടനകൾ. ആർഎസ്എസ് അനുകൂല സംഘടനയായ ബിഎംഎസ് പണിമുടക്കിൽ പങ്കെടുക്കുന്നില്ല. കോർപ്പറേറ്റുകളെ സഹായിക്കുന്ന നയങ്ങൾ പിന്തുടരുന്ന കേന്ദ്ര സർക്കാർ തൊഴിലാളികളുടെ ആശങ്കകൾ അവഗണിക്കുന്നുവെന്നാണ് പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികളോട് ആഭിമുഖ്യമുള്ള തൊഴിലാളി യൂണിയനുകൾ ആരോപിക്കുന്നത്. 17 ആവശ്യങ്ങൾ അവർ കേന്ദ്ര സർക്കാരിനു മുന്നിൽ വച്ചിരിക്കുന്നു. ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരിവിൽപ്പന അവസാനിപ്പിക്കുക, സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങിയവ പ്രധാന ആവശ്യങ്ങളാണ്.
ലേബർ കോഡുകൾ നിലവിൽ വന്നാൽ തൊഴിൽ മേഖലയിൽ തൊഴിലാളി യൂണിയനുകളുടെ ഇടപെടൽ കുറയുമെന്നാണ് അവർ കരുതുന്നത്. നിലവിലുള്ള 29 തൊഴിൽ നിയമങ്ങൾക്കു പകരമാണ് നാലു ലേബർ കോഡുകൾ കൊണ്ടുവരുന്നത്. വേതന കോഡ്, സാമൂഹിക സുരക്ഷാ കോഡ്, വ്യാവസായിക ബന്ധ കോഡ്, തൊഴിൽ സുരക്ഷാ കോഡ് എന്നിങ്ങനെയാണ് ഈ നാലു കോഡുകൾ. മെച്ചപ്പെട്ട ചട്ടക്കൂടുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, വേണ്ടത്ര കൂടിയാലോചനകൾ നടത്താതെയാണ് അന്താരാഷ്‌ട്ര തൊഴിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്ന കോഡുകൾ കൊണ്ടുവരുന്നുവെന്നു യൂണിയനുകൾ ആരോപിക്കുന്നു. വ്യവസായികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന കോഡ് തൊഴിലാളികൾക്കു ദോഷകരമാണെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നാലു കോഡുകളും പാർലമെന്‍റ് അംഗീകരിച്ചതാണെങ്കിലും നിയമങ്ങൾ തയാറാക്കി നടപ്പാക്കുന്നതു വൈകുകയാണ്. തൊഴിലാളികളുടെ തൊഴിൽ സമയം കൂട്ടുകയും അവകാശങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതിനു കേന്ദ്ര സർക്കാർ അനുകൂലമാണെന്നത്രേ യൂണിയനുകളുടെ ആരോപണം.
സർക്കാർ നയങ്ങൾ മൂലം തൊഴിലില്ലായ്മ വർധിക്കുകയാണെന്നും അവശ്യ വസ്തുക്കളുടെ വില കൂടുകയാണെന്നും യൂണിയൻ നേതാക്കൾ ആരോപിക്കുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയ്ക്കു വേണ്ടത്ര ഫണ്ട് നീക്കിവയ്ക്കുന്നില്ലെന്നും അവർ പറയുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി തൊഴിൽ മന്ത്രാലയവുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ച ആവശ്യങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് അവർ പറയുന്നത്. തൊഴിലാളികളുടെ അടിസ്ഥാന ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ പരിശ്രമിക്കേണ്ടതാണ് എന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമുണ്ടാവാനിടയില്ല. നടപടികളെടുക്കും മുൻപ് യൂണിയനുകളുമായി കൂടിയാലോചിക്കുന്നതിനും മടിക്കേണ്ടതില്ല. തൊഴിൽ മേഖലയിൽ മെച്ചപ്പെട്ട അന്തരീക്ഷമുണ്ടാവുന്നതിന് ഒന്നിച്ചുള്ള പ്രവർത്തനങ്ങളാണ് ആവശ്യം.
കേരളത്തിൽ ഇന്നലെ സ്വകാര്യ ബസ് സമരമായിരുന്നു. അതു ജനങ്ങളെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. തുടർച്ചയായി രണ്ടാം ദിവസവും ബസുകൾ പണിമുടക്കുന്നത് ജനദുരിതം വർധിപ്പിക്കുമെന്നുറപ്പാണ്. കെഎസ്ആർടിസി ബസുകൾ ഓടുമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞതിനെ തൊഴിലാളി യൂണിയൻ നേതാക്കൾ തള്ളിപ്പറഞ്ഞിട്ടുണ്ട്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും കേരളത്തിലെ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും ഗതാഗത മന്ത്രിയുടെ പ്രസ്താവന തള്ളുന്നു. കടകളടച്ചും യാത്ര ഒഴിവാക്കിയും പണിമുടക്കിൽ എല്ലാവരും സഹകരിക്കണമെന്നാണ് സംയുക്ത സമര സമിതി ആവശ്യപ്പെടുന്നത്. എന്നാൽ, പുറത്തിറങ്ങുന്നവരെ പണിമുടക്കിന്‍റെ പേരിൽ ഉപദ്രവിക്കുന്ന അവസ്ഥയുണ്ടാവരുത്. പല അത്യാവശ്യങ്ങൾക്കും ആളുകൾക്കു പുറത്തിറങ്ങേണ്ടിവരും. അവരെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനും ഒരിടത്തും ആരും തുനിയാതിരിക്കണം. പൊലീസിന്‍റെ ശ്രദ്ധയും ഇക്കാര്യത്തിലുണ്ടാവണം.