ബജറ്റല്ല, നയരൂപീകരണ രേഖയാണു വേണ്ടത്

 

social media

Editorial

ബജറ്റല്ല, നയരൂപീകരണ രേഖയാണു വേണ്ടത്

ധനമന്ത്രി കെ.എ ബാലഗോപാൽ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിന്‍റെ പ്രധാന ന്യൂനത വ്യക്തമായ ഫോക്കസ് ഇല്ല എന്നതാണ്

MV Desk

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുമ്പോൾ വമ്പൻ പ്രഖ്യാപനങ്ങളും വിവിധ വിഭാഗങ്ങൾക്ക് അധിക ആനുകൂല്യങ്ങളും നിറച്ച് ധനമന്ത്രി കെ.എ ബാലഗോപാൽ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിന്‍റെ പ്രധാന ന്യൂനത വ്യക്തമായ ഫോക്കസ് ഇല്ല എന്നതാണ്. മുൻവർഷത്തെ ബജറ്റിൽ നിന്ന് വിഭിന്നമായ ജനങ്ങൾക്ക് അധിക ഭാരമൊന്നും സൃഷ്‌ടിച്ചില്ല എന്നത് ആശ്വാസകരവും. കേവലം മൂന്ന് മാസം മാത്രം രണ്ടാം പിണറായി സർക്കാരിന് ആയുസ് അവശേഷിക്കുമ്പോൾ ഇത്രയും ദീർഘമേറിയ ബജറ്റ് അവതരിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

രണ്ട് മണിക്കൂർ 54 മിനിട്ടെടുത്താണ് ബാലഗോപാൽ ബജറ്റ് വായിച്ചു തീർത്തത്. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കുന്നതാണ് ശരിയായ രീതി. എന്നാൽ അടുത്ത സാമ്പത്തിക വർഷത്തെ വരവു ചെലവുകളുടെ കണക്കുകളും നയ സമീപനവും വ്യക്തമാക്കുന്ന രേഖയെന്നതിൽ നിന്ന് മാറി തെരഞ്ഞെടുപ്പ് പ്രകടന പത്രികയായി രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് മാറി.

റവന്യു വരവ് 1.82 ലക്ഷം കോടി രൂപയും ചെലവ് 2.4 ലക്ഷം കോടി രൂപയും പ്രതീക്ഷിക്കുന്ന ബജറ്റിൽ കേരളത്തിന്‍റെ ദീർഘകാല വികസനത്തിന് ആവശ്യമായ ഒരു റോഡ്‌മാപ്പില്ല എന്നതാണ് വാസ്തവം. വിവിധ പദ്ധതികൾക്കായി കാലാകാലം വലിയ തുക മാറ്റിവയ്ക്കുന്നുണ്ടെങ്കിലും ഇതിൽ എത്ര തുക കാര്യക്ഷമതയോടെ ചെലവഴിച്ചുവെന്നോ അതിന്‍റെ കണക്കോ വ്യക്തമാക്കുന്ന യാതൊരു സംവിധാനവും നിലവിലില്ല.

2047ൽ ഇന്ത്യയെ വികസിത രാജ്യമായി ഉയർത്താൻ ലക്ഷ്യമിട്ട് വ്യക്തമായ നയ സമീപന പരിപാടികളുമായി നരേന്ദ്ര മോദി സർക്കാർ മുന്നോട്ടുപോകുകയാണ്. എന്നാൽ കേന്ദ്രത്തിൽ നിന്ന് അധിക തുക നേടിയെടുക്കാനോ വിവിധ പദ്ധതികൾ പ്രയോജനപ്പെടുത്താനോ യാതൊരു ശ്രമവും ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലില്ല എന്നതാണ് നിരാശാജനകം.

അതേസമയം, സംസ്ഥാന സർക്കാർ ജീവനക്കാർ മുതൽ അംഗനവാടി ജീവനക്കാർ വരെയുള്ള വിവിധ വിഭാഗങ്ങളെ തൃപ്തിപ്പെടുത്താൻ നിരവധി ആനുകൂല്യങ്ങൾ ബജറ്റിലുണ്ട്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ചതിന്‍റെ ഗുണം കിട്ടാത്തതിനാലാകണം ക്ഷേമ പെൻഷനെ കുറിച്ച് ബജറ്റിൽ പരാമർശം ഇല്ലാത്തത്.

ശമ്പള പരിഷ്കരണം വൈകുന്നതിലും ഡിഎ കുടിശികയിലും സർക്കാർ ജീവനക്കാർക്കുള്ള അതൃപ്തി ഒഴിവാക്കാൻ ബജറ്റ് പ്രഖ്യാപനം സഹായിച്ചേക്കാം. തമിഴ്നാട് മാതൃകയിൽ 50 ശതമാനം പെൻഷൻ ഉറപ്പുവരുത്തുന്ന അഷ്വേർഡ് പെൻഷൻ പദ്ധതിയും ജീവനക്കാരുടെ പിണക്കം മാറ്റാൻ ലക്ഷ്യമിടുന്നതാണ്. വിവിധ പദ്ധതികൾക്കായി വർഷം തോറും തുക അനുവദിക്കുന്ന രീതി ഇത്തവണയും തുടർന്നു.

കാർഷിക, വ്യാപാര, വാണിജ്യ മേഖലകൾക്ക് കാര്യമായ പരിഗണന കേരള ബജറ്റുകളിൽ ലഭിക്കുന്നില്ലയെന്നതാണ് സത്യം. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. കേരളത്തിന്‍റെ വ്യവസായ വികസനത്തിന് നിക്ഷേപം ആകർഷിക്കാനും പശ്ചാത്തല വികസനം ഊർജിതമാക്കുവാനും അടക്കമുള്ള വ്യക്തമായ ഒരു നയ രൂപീകരണം ആവശ്യമാണ്. ഇത്തവണയും അതിനുള്ള ശ്രമമുണ്ടായില്ല. അതേസമയം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ റീജ്യണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ നീക്കിവച്ചത് നല്ല നീക്കമാണ്.

വിഴിഞ്ഞം തുറമുഖത്തെയും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയർ എർത്ത് കോറിഡോർ വ്യക്തമായ പ്ലാനിങ്ങിൽ നടപ്പാക്കിയാൽ കേരളത്തിന്‍റെ സാമ്പത്തിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്‌ടിക്കാൻ ഉതകുന്നതാണ്. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നു. കൊച്ചിയിലെ പൊതു, സ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള എടി അധിഷ്‌ഠിൽ സൈബർ പാർക്കും വ്യവസായ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്.

ചെലവ് ചുരുക്കലിനും വരുമാന വർദ്ധനയ്ക്കും വേറിട്ട മോഡലുകളൊന്നും ബജറ്റ് മുന്നോട്ടു വയ്ക്കുന്നില്ല. സാമ്പത്തിക പരിഷ്‌കരണ നടപടികൾ വേഗത്തിലാക്കുന്ന സംസ്ഥാനങ്ങൾക്കായി ഒരു ലക്ഷം കോടി രൂപ 100 വർഷത്തേക്ക് പലിശയില്ലാത്ത വായ്പാ നൽകുന്ന പദ്ധതി കഴിഞ്ഞ രണ്ട് കേന്ദ്ര ബജറ്റുകളിലും പ്രഖ്യാപിച്ചിരുന്നു. വമ്പൻ പശ്ചാത്തല വികസന പദ്ധതികൾ, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം തുടങ്ങിയ നിരവധി നിബന്ധനകളാണ് കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്നത്.

കേരളത്തിന്‍റെ കാര്യമെടുത്താൽ നികുതി, ഫീസ് വരുമാനമല്ലാതെ മറ്റൊരു സാദ്ധ്യതകളും ഇന്ന് വരെ ആലോചിച്ചിട്ടില്ല. ജിഎസ്ടി നിലവിൽ വന്നതോടെ നികുതി വരുമാനം വർധിപ്പിക്കുന്നതിന് പരിമിതമായ സാധ്യതകൾ മാത്രമാണുള്ളത്. മദ്യവും പെട്രോളിലും മാത്രമേ ഇതിലൂടെ കൈവയ്ക്കാൻ കഴിയൂ.

അതേസമയം വെള്ളാനകളായ പൊതുമേഖല സ്ഥാപനങ്ങൾക്കായി ഒരു നിയന്ത്രണവുമില്ലാതെ ഫണ്ടൊഴുക്കുന്ന രീതി ഇത്തവണയും തുടർന്നു. ബജറ്റിനെ രാഷ്‌ട്രീയ പത്രികയിൽ നിന്ന് മാറ്റി നയ രൂപീകരണ രേഖയായി അവതരിപ്പിച്ചാൽ മാത്രമേ കേരളത്തിന്‍റെ സാമ്പത്തിക രംഗത്ത് കാതലായ മാറ്റമുണ്ടാകൂ. അതിനുള്ള അവസരം ഇത്തവണയും കെ.എൻ. ബാലഗോപാൽ നഷ്‌ടപ്പെടുത്തി.

കെ റെയിലിന് ബദൽ പാത മുന്നോട്ടു വച്ച ഇ. ശ്രീധരനെതിരേ പരിഹാസവുമായി മുഖ‍്യമന്ത്രി

തെരഞ്ഞെടുപ്പ് റാലിക്കിടെ വിദ്വേഷ പ്രസംഗം; മല്ലികാർജുൻ ഖാർഗെയ്ക്ക് കോടതി നോട്ടീസ് അയച്ചു

വെള്ളാപ്പള്ളിയുടെ പദ്മഭൂഷൻ പിൻവലിക്കണം; പ്രധാനമന്ത്രിക്ക് പരാതി നൽകി എസ്എൻഡിപി സംരക്ഷണ സമിതി

"പ്രതിപക്ഷ നേതാവ് സംഘപരിവാർ വിരുദ്ധനാണെങ്കിൽ നേമം മണ്ഡലത്തിൽ മത്സരിക്കാൻ തയാറാകണം": വി. ശിവൻകുട്ടി

ടിവികെയുടെ പിന്തുണ ആവശ‍്യമില്ല; ക്ഷണം തള്ളി കോൺഗ്രസ്