Editorial

അഭിമാനിക്കാം, ഈ നയതന്ത്ര വിജയത്തിൽ | മുഖപ്രസംഗം

ലോകത്തെ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി20. ഇന്ത്യയ്ക്കു പുറമേ യുഎസും യുകെയും റഷ്യയും ചൈനയും ജപ്പാനും ജർമനിയും ഫ്രാൻസും ക്യാനഡയും ഓസ്ട്രേലിയയും ബ്രസീലും അടക്കം രാജ്യങ്ങൾ അംഗങ്ങളായ ലോകത്തെ ഏറ്റവും പ്രമുഖമായ കൂട്ടായ്മകളിലൊന്ന്. ലോക ജനസംഖ്യയുടെ 65 ശതമാനം ജി20 അംഗരാജ്യങ്ങളിലാണ്. ലോക ജിഡിപിയുടെ 85 ശതമാനവും ആഗോള വ്യാപാരത്തിന്‍റെ 75 ശതമാനവും നിയന്ത്രിക്കുന്നതും ഈ കൂട്ടായ്മയിലെ അംഗരാജ്യങ്ങൾ തന്നെ. ലോകത്തിന്‍റെ ഭാവി നിർണയിക്കുന്നതിൽ ജി20യ്ക്കുള്ള പ്രാധാന്യം ഇതിൽ നിന്നു വ്യക്തമാണല്ലോ. ലോക സാമ്പത്തിക വ്യവസ്ഥയെ തകിടം മറിയാതെ മുന്നോട്ടു നയിക്കുകയെന്ന വലിയ ലക്ഷ്യത്തിൽ ആരംഭിച്ച ഈ കൂട്ടായ്മ പിന്നീട് ഭക്ഷ്യസുരക്ഷയും ലോക സുരക്ഷയും ഊർജ സുരക്ഷയും പരിസ്ഥിതിയും പൊതുജനാരോഗ്യവും അടക്കം പ്രധാന വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യുന്ന വേദിയായി മാറി.

ഓരോ വർഷവും അധ്യക്ഷസ്ഥാനം അംഗരാജ്യങ്ങൾക്കു മാറി മാറി നൽകുന്ന സംവിധാനത്തിലാണ് കഴിഞ്ഞ വർഷം അവസാനത്തോടെ ഇന്ത്യ അധ്യക്ഷസ്ഥാനത്തെത്തുന്നത്. ഒരുവർഷക്കാലം ജി20യുടെ പ്രവർത്തനങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. ആതിഥേയ രാജ്യം എന്ന നിലയിൽ നമ്മുടെ ഏറ്റവും വലിയ വിജയമായി മാറുകയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടി. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും പങ്കെടുക്കുന്നില്ലെന്നു പ്രഖ്യാപിച്ചപ്പോഴുണ്ടായ നേരിയ ആശങ്കകളൊക്കെ മറികടന്നുള്ള ഗംഭീര വിജയമാണ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം കൈവരിച്ചത്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും യുകെ പ്രധാനമന്ത്രി ഋഷി സുനാക്കും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും അടക്കമുള്ള ലോക നേതാക്കൾ പങ്കെടുത്ത ബൃഹത്തായ ഉച്ചകോടി നല്ല നിലയിൽ തന്നെ സംഘടിപ്പിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു.

അഭിപ്രായ ഭിന്നതകൾക്കിടയിലും അംഗരാജ്യങ്ങളുടെ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചെടുക്കാൻ സാധിച്ചതാണ് ഏറ്റവും വലിയ വിജയമായി കാണേണ്ടത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള നിലപാടിൽ സമവായം ഉണ്ടാക്കുകയായിരുന്നു സംയുക്ത പ്രഖ്യാപനത്തിലെ വെല്ലുവിളി. യുക്രെയ്നിൽ റഷ്യൻ കടന്നുകയറ്റം എന്ന പാശ്ചാത്യ രാജ്യങ്ങളുടെ ശക്തമായ നിലപാടിനെ ചൈന പിന്തുണയ്ക്കുന്നില്ലല്ലോ. റഷ്യയും സ്വാഭാവികമായും ഈ നിലപാടിന് എതിരാണ്. അതേസമയം, യുദ്ധത്തിനു റഷ്യയെ വിമർശിക്കാത്ത ഒരു നിലപാട് യുഎസും യുകെയും അടക്കം മറ്റു രാജ്യങ്ങൾക്കും സ്വീകാര്യമാവുക എളുപ്പമല്ല.

ഈ പ്രതിസന്ധിയാണ് സുദീർഘമായ കൂടിയാലോചനകളിലൂടെ ഇന്ത്യ മറികടന്നത്. സംയുക്ത പ്രഖ്യാപനമില്ലാതെ പിരിഞ്ഞിരുന്നെങ്കിൽ അത് ഉച്ചകോടിയുടെ പരാജയമായി ചൂണ്ടിക്കാണിക്കപ്പെടുമായിരുന്നു. എല്ലാ രാജ്യങ്ങളും അംഗീകരിച്ച സംയുക്ത പ്രഖ്യാപനം ഇന്ത്യയുടെ നയതന്ത്ര വിജയമായി കാണേണ്ടതാണ്. റഷ്യയെ നേരിട്ടു കുറ്റപ്പെടുത്താതെ യുദ്ധത്തിനെതിരായ സന്ദേശം നൽകുന്നതാണ് സംയുക്ത പ്രഖ്യാപനം. രാജ്യങ്ങളുടെ പരമാധികാരം അംഗീകരിക്കണമെന്നും ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങൾ അനുസരിക്കണമെന്നും പ്രഖ്യാപനം നിർദേശിക്കുന്നുണ്ട്. ആണവായുധങ്ങൾ, ഭീകരപ്രവർത്തനം, മത വിദ്വേഷം എന്നിവക്കെതിരേയും പ്രഖ്യാപനം നിലപാട് എടുക്കുന്നു. പരിസ്ഥിതി, കാലാവസ്ഥ, ജൈവവൈവിധ്യം, ആരോഗ്യം തുടങ്ങി പ്രധാന വിഷയങ്ങളെല്ലാം സ്പർശിക്കുന്നതാണ് സംയുക്ത പ്രഖ്യാപനം.

ആഫ്രിക്കൻ യൂണിയന് ജി 20യിൽ സ്ഥിരാംഗത്വം നൽകാനായി എന്നതാണ് ഇന്ത്യയുടെ മറ്റൊരു നയതന്ത്ര നേട്ടം. ഇതു സംബന്ധിച്ച് ഇന്ത്യയുടെ നിർദേശം അംഗരാജ്യങ്ങൾ ഏകകണ്ഠമായാണ് അംഗീകരിച്ചത്. ഇന്ത്യയെയും ഗൾഫ് രാജ്യങ്ങളെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഇടനാഴി സംബന്ധിച്ച നരേന്ദ്ര മോദിയുടെ നിർദേശത്തിനു ലഭിച്ച അംഗീകാരം രാജ്യത്തിന്‍റെ മറ്റൊരു നേട്ടമാണ്. റെയ്‌ൽ, തുറമുഖ വികസനം നടപ്പാക്കി സംയുക്ത വ്യാപാരത്തിനു വലിയ മുന്നേറ്റമുണ്ടാക്കുക എന്നതാണ് ഇടനാഴിയുടെ ലക്ഷ്യം. അമെരിക്കയുടെ സഹകരണവും ഈ സമഗ്ര ഗതാഗത ശൃംഖലാ പദ്ധതിക്കുണ്ട്. ഗൾഫ് രാജ്യങ്ങളെ റെയ്‌ൽ ശൃംഖലയുമായി ബന്ധിപ്പിക്കുകയും അവിടെ നിന്ന് ഇന്ത്യയിലേക്ക് കപ്പൽ ഇടനാഴി തുറക്കുകയും ചെയ്യുകയാണു പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ മധ്യപൂർവേഷ്യയിൽ സ്വാധീനമുറപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കു തിരിച്ചടി നൽകുന്ന പദ്ധതിയാണിത്. ചൈനയുടെ എതിർപ്പ് മറികടന്നാണ് ഇതു സംബന്ധിച്ച നീക്കങ്ങളുണ്ടായതും.

ജി 20 കൂട്ടായ്മയുമായി ബന്ധപ്പെട്ട യോഗങ്ങളുടെ കേന്ദ്രമായിരുന്നു ഒരു വർഷമായി ഇന്ത്യ. വിവിധ സംസ്ഥാനങ്ങളിലായി നടന്ന ജി20 ഷെർപ്പ യോഗങ്ങൾ പുതിയൊരു ഇന്ത്യയെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു. അതിനെല്ലാം ശേഷമാണ് ഇപ്പോൾ ഡൽഹിയിൽ ഉച്ചകോടിയും നടന്നത്. രാജ്യത്തിന്‍റെ പൈതൃകം ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ നമുക്കു ലഭിച്ച സുവർണാവസരമായി ഇതെല്ലാം മാറി. ഇത്രയേറെ ലോക നേതാക്കൾ പങ്കെടുക്കുന്ന ആഗോള സമ്മേളനങ്ങൾക്ക് ആതിഥ്യം വഹിക്കാനുള്ള രാജ്യത്തിന്‍റെ കരുത്തും ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്.

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ; ഭൂമിയില്ല, വീടില്ല, കാറില്ല

ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യോഗം വിളിച്ച് ഗതാഗത മന്ത്രി

സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി

പതഞ്ജലി കേസ്: ഐഎംഎ പ്രസിഡന്‍റിന് രൂക്ഷ വിമർശനം

ഗാസയിൽ ഇന്ത്യയുടെ മുൻ സൈനികൻ കൊല്ലപ്പെട്ടു