ക്രൂഡ് ഓയിൽ വിലക്കയറ്റം ഉയർത്തുന്ന ആശങ്ക

 
Editorial

ക്രൂഡ് ഓയിൽ വിലക്കയറ്റം ഉയർത്തുന്ന ആശങ്ക

ലോക സാമ്പത്തിക വ്യവസ്ഥയെ അപ്പാടെ മുൾമുനയിൽ നിർത്തുന്നതാണ് ഈ സാഹചര്യം

MV Desk

പശ്ചിമേഷ്യയിലെ സംഘർഷത്തിനു ചർച്ചകളിലൂടെ പരിഹാരം കാണാനുള്ള സാധ്യത മങ്ങിയതോടെ ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചുകയറുകയാണ്. ഇറാനെതിരേയുള്ള അമെരിക്കയുടെയും ഇസ്രയേലിന്‍റെയും യുദ്ധവും ഇറാന്‍റെ പ്രത്യാക്രമണങ്ങളും ഏറ്റവുമധികം ബാധിക്കുന്നത് ഊർജ മേഖലയെയാവുമെന്നു നേരത്തേ തന്നെ വ്യക്തമായിരുന്നു. ലോകത്തെ എണ്ണനീക്കത്തിന്‍റെ അഞ്ചിലൊന്നും നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ രൂപപ്പെട്ട പ്രതിസന്ധിക്ക് ഇനിയും പരിഹാരമായിട്ടില്ല. ലോക സാമ്പത്തിക വ്യവസ്ഥയെ അപ്പാടെ മുൾമുനയിൽ നിർത്തുന്നതാണ് ഈ സാഹചര്യം. അമെരിക്കയും ഇറാനും തമ്മിൽ ഒത്തുതീർപ്പിനു സാധ്യത തെളിഞ്ഞപ്പോൾ ലോകം പ്രതീക്ഷയിലായിരുന്നു. കുതിച്ചുയർന്ന ക്രൂഡ് ഓയിൽ വില ഒന്നു താഴുകയും ചെയ്തതാണ്. എന്നാൽ, ചർച്ചകൾ വഴിമുട്ടിയതോടെ വീണ്ടും വിലക്കയറ്റമായി. യുറേനിയം സമ്പുഷ്ടീകരണം തടയുന്നതിനും ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടയുന്നതിനുമുള്ള കരാര്‍ അംഗീകരിക്കണമെന്നാണ് അമെരിക്കയുടെ നിര്‍ദേശം. അതുപക്ഷേ, ഇറാന്‍ തള്ളുകയാണ്. തങ്ങളുടെ ആണവ പദ്ധതി സിവില്‍ ഉപയോഗത്തിനുള്ളതാണെന്ന് അവർ ആവർത്തിക്കുന്നു.

ഇറാന്‍റെ തുറമുഖങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ ഉപരോധം തുടരുകയാണ്. ഇറാന്‍റെ ക്രൂഡ് ഓയില്‍ കയറ്റുമതി ഇതുമൂലം സ്തംഭിച്ചിരിക്കുന്നു. ഗുരുതരമായ എണ്ണ സംഭരണ പ്രതിസന്ധിയിലേക്കാണ് അവർ നീങ്ങുന്നത്. കയറ്റുമതി കുറയുന്നതിനാല്‍ സംഭരണ ടാങ്കുകള്‍ വേഗത്തില്‍ നിറയുകയാണ്. സംഭരിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ഇറാന് എണ്ണ ഉത്പാദനം കുറയ്‌ക്കേണ്ടി വന്നേക്കാം. അമെരിക്കൻ ഭീഷണികൾക്കു മറുപടി എന്ന നിലയിലാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നത്. സംഘർഷത്തിൽ അവരുടെ ശക്തമായ ആയുധമായി ഇതു മാറുന്നു. എണ്ണ വിതരണം ദീർഘകാലത്തേക്കു തടസപ്പെടുമെന്ന ആശങ്ക വിലക്കയറ്റത്തിനു സഹായകരമാവുന്നുണ്ട്. ചർച്ചകൾക്ക് ഇറാൻ തയാറായില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസവും മുന്നറിയിപ്പു നൽകിയത്. ഇറാനോട് ഇനി ഇടപെടുന്നത് "മര്യാദക്കാരനായിട്ട് ആയിരിക്കില്ലെന്ന് ' അദ്ദേഹം പറയുന്നു.

സംഘർഷത്തിന് അയവുവരുന്നില്ലെങ്കിൽ ക്രൂഡ് ഓയിൽ വില ബാരലിന് 150 ഡോളർ വരെ ഉയരുമെന്ന ആശങ്കയാണു പൊതുവേയുള്ളത്. ഇത് ആഗോളതലത്തിൽ വലിയ പ്രതിസന്ധിയുണ്ടാക്കും. ഇപ്പോൾ തന്നെ ബ്രെന്‍റ് ക്രൂഡിന്‍റെ വില ബാരലിന് 120 ഡോളർ കടന്നിട്ടുണ്ട്. വ്യാഴാഴ്ച 126 ഡോളർ വരെ ഉയർന്നതാണ്. പിന്നീട് 122 ഡോളറിന് അടുത്തെത്തി നിൽക്കുന്നു. 2022നു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലാണ് ഇപ്പോൾ ക്രൂഡ് ഓയിലുള്ളത്. ഫെബ്രുവരി അവസാനം യുദ്ധം തുടങ്ങും മുൻപ് ബ്രെന്‍റ് ക്രൂഡ് ബാരലിന് 70 ഡോളറായിരുന്നു വില. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ക്രൂഡ് ഓയിൽ വില ബാരലിന് 147.50 ഡോളർ വരെ ഉയർന്നിട്ടുണ്ട്. ആ നിലയിലേക്കു വില കുതിക്കുമോ എന്നതാണ് ആകെ അനിശ്ചിതത്വത്തിലായിക്കഴിഞ്ഞ എണ്ണ വിപണി ഉറ്റുനോക്കുന്നത്. എണ്ണ വിലയിലുണ്ടാവുന്ന വർധന ലോകമെമ്പാടും നിത്യോപയോഗ വസ്തുക്കളുടെ വൻ വിലക്കയറ്റത്തിനു കാരണമാവും. സാധാരണക്കാരനു ജീവിതച്ചെലവു താങ്ങാനാവാതെ വരും.

രാജ്യത്തിന്‍റെ മൊത്തം ക്രൂഡ് ഓയിൽ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ഇറക്കുമതി ബില്ല് സർവ പരിധിയും വിട്ട് കുതിച്ചുകയറുമ്പോൾ ആഭ്യന്തര വിപണിയിലെ ഇന്ധന വില പിടിച്ചുനിർത്തുന്നതിനും ബുദ്ധിമുട്ടാവും. പെട്രോൾ, ഡീസൽ വില വർധന ഇപ്പോൾ പരിഗണനയിലില്ലെന്നാണു കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇന്ധന വില വർധന സംബന്ധിച്ചു സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇതു സർക്കാർ തള്ളിക്കളഞ്ഞിട്ടുണ്ട്. ആഗോള വിപണിയിലെ സാഹചര്യങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതേസമയം, എണ്ണക്കമ്പനികളുടെ നഷ്ടം കൂടിക്കൊണ്ടിരിക്കുന്നുവെന്ന് അവർ അവകാശപ്പെടുന്നുമുണ്ട്. ഒരു ലിറ്റര്‍ ഡീസലിന് 14 രൂപയും പെട്രോളിന് 18 രൂപയും നഷ്ടത്തിലാണു വില്‍ക്കുന്നതെന്നാണു പൊതുമേഖലാ എണ്ണക്കമ്പനികള്‍ പറയുന്നത്. എൽപിജി വിതരണത്തിലും കമ്പനികൾ വലിയ നഷ്ടം നേരിടുന്നുണ്ടത്രേ. എത്രകാലം ഈ സമ്മർദം സർക്കാരിന് അതിജീവിക്കാൻ കഴിയുമെന്നതു വിഷയമാണ്. ഇറാനും അമെരിക്കയും കർക്കശ നിലപാടിൽ നിന്നു പിന്മാറി ചർച്ചകൾ തുടരുക എന്നതാണു ലോകം ആഗ്രഹിക്കുന്നത്.

ആർസിബിയെ വിറപ്പിച്ച് ഗുജറാത്ത്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

"പരാജയപ്പെട്ടത് അമെരിക്ക, ആണവ-മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ല"

പ്രവാസി ഗ്യാലപ് പോൾ ഫലവും യുഡിഎഫിന് അനുകൂലം

''ജനം പുറത്താക്കിയ സർക്കാരിന്‍റെ സസ്‌പെൻഷൻ ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ''