തൊഴിലവസരങ്ങൾ വർധിക്കട്ടെ, ഐടി മേഖലയിൽ

 

representative image

Editorial

തൊഴിലവസരങ്ങൾ വർധിക്കട്ടെ, ഐടി മേഖലയിൽ

വിവര സാങ്കേതികവിദ്യ (ഐടി) മേഖലയിൽ വലിയൊരു കുതിച്ചുചാട്ടത്തിനുള്ള സാധ്യതകളാണു കേരളം തേടിക്കൊണ്ടിരിക്കുന്നത്

Aswin AM

വിവര സാങ്കേതികവിദ്യ (ഐടി) മേഖലയിൽ വലിയൊരു കുതിച്ചുചാട്ടത്തിനുള്ള സാധ്യതകളാണു കേരളം തേടിക്കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു പല പദ്ധതികളും പരിപാടികളും സർക്കാരിനുണ്ട്. സ്വകാര്യ നിക്ഷേപം ആ‍കർഷിക്കാൻ കഴിയുന്ന പ്രധാന മേഖലയായി ഐടിയെ കാണുന്നുമുണ്ട്. ബംഗളൂരുവും ഹൈദരാബാദും പൂനെയും ചെന്നൈയും പോലുള്ള ഐടി നഗരങ്ങളുടെ ലിസ്റ്റിൽ കൊച്ചിയും ഉൾപ്പെടുന്നുണ്ടെങ്കിലും ഇനിയും വളരെയേറെ സാധ്യതകൾ അറബിക്കടലിന്‍റെ റാണിക്കുണ്ട്. അതുപോലെ തന്നെയാണ് തിരുവനന്തപുരവും കോഴിക്കോടും അടക്കമുള്ള നഗരങ്ങളുടെ സാധ്യതകളും. കേരളത്തെ മൊത്തത്തിൽ ഐടിയുടെ കേന്ദ്രമാക്കി മാറ്റുന്നതു പുതുതലമുറകൾക്കു തുറന്നുകൊടുക്കാവുന്ന അവസരങ്ങൾ നിരവധിയാണ്. ടൂറിസം പോലെ കേരളത്തിനു യോജിച്ച മേഖല തന്നെയാണ് ഐടി. ഈ മേഖലയിലുണ്ടാവുന്ന ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിക്കുന്ന യുവതലമുറയാണ് സംസ്ഥാനത്തുള്ളത്. ഐടി മേഖലയിൽ പ്രാവീണ്യം നേടിയ ആയിരക്കണക്കിനു മലയാളി യുവാക്കൾ കേരളത്തിനു പുറത്തും രാജ്യത്തിനു പുറത്തും ജോലി ചെയ്യുന്നുണ്ട്. നാട്ടിൽ തന്നെ നല്ല അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ ഇങ്ങോട്ടു തിരിച്ചെത്താൻ ആഗ്രഹിക്കുന്നവർ അവരിലുണ്ടാവും. അവരെല്ലാം ഉറ്റുനോക്കുന്നത് ഇവിടെ ഉയരുന്ന ഐടി സംവിധാനങ്ങളിലാണ്.

ഐടി മേഖലയിൽ 2031നകം അഞ്ചു ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണു ലക്ഷ്യമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം യുവതലമുറ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഈ പ്രഖ്യാപനത്തോടൊപ്പം മറ്റൊരു വലിയ ലക്ഷ്യം കൂടി അദ്ദേഹം മുന്നോട്ടുവച്ചു. രാജ്യത്തെ ഐടി വിപണിയുടെ പത്തു ശതമാനം കേരളത്തിന്‍റേതാകണമെന്നതാണത്. ഇതിനു സഹായിക്കുന്ന തരത്തിൽ‌ ഗ്ലോബൽ കേപ്പബിലിറ്റി സെന്‍ററുകൾ (ജിസിസി) വർധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. വിഷൻ 2031ന്‍റെ ഭാഗമായി ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച "റീകോഡ് കേരള 2025' ഐടി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബഹുരാഷ്ട്ര കമ്പനികളുടെ ഓഫ്ഷോർ യൂണിറ്റുകളാണ് ജിസിസികൾ. തങ്ങൾക്ക് ആവശ്യമായ മനുഷ്യ വിഭവശേഷി ലഭ്യമാവുന്ന സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ബഹുരാഷ്ട്ര കമ്പനികൾ ജിസിസികൾ സ്ഥാപിക്കുക. വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ജിസിസികളെ ആകർഷിക്കുന്നതിനായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ മത്സരിക്കുകയാണ്. അതിൽ മുന്നിലെത്തുക എന്നതാണു കേരളത്തിന്‍റെ ലക്ഷ്യം.

ഇപ്പോൾ തന്നെ പല കമ്പനികളുടെയും ജിസിസികൾ കേരളത്തിലുണ്ട്. ഇതിനു പുറമേ തങ്ങളുടെ ജിസിസികൾ സ്ഥാപിക്കുന്നതു സംബന്ധിച്ചു വിവിധ ബഹുരാഷ്ട്ര കമ്പനികൾ സർക്കാരുമായി ചർച്ചകൾ നടത്തുന്നതായും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ലോക നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളും മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും കേരളത്തിന് അനുകൂല ഘടകങ്ങളായി മാറേണ്ടതാണ്. രാജ്യത്തു തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണു കേരളമെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നുണ്ട്. എന്തായാലും സ്റ്റാർട്ടപ്പ് മേഖലയിൽ എടുത്തുപറയാവുന്ന വളർച്ചയാണു സമീപകാലത്ത് ഉണ്ടായിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം മുതൽ നൈപുണ്യ വികസനം വരെയുള്ള മേഖലകളിൽ വേറിട്ട കാഴ്ച്ചപ്പാടോടെ ചർച്ചകൾ നടത്തണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം ഐടി മേഖലയുമായി ബന്ധപ്പെട്ടവർ ചെവിക്കൊള്ളേണ്ടതുണ്ട്. സംസ്ഥാനത്തെ ഐടി സ്ഥലസൗകര്യം മൂന്നു കോടി ചതുരശ്ര അടിയായി വർധിപ്പിക്കുക എന്ന ലക്ഷ്യവും വിദൂരത്തല്ല. ഭൂമിലഭ്യതയിലുള്ള പരിമിതി കണക്കിലെടുത്താണ് ഐടി മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ലാൻഡ് പൂളിങ് മാതൃകയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. നിർമിത ബുദ്ധി (എഐ) മേഖലയിൽ സംസ്ഥാനത്തെ ആഗോള ശ്രദ്ധാകേന്ദ്രമാക്കുക എന്ന ലക്ഷ്യവും അസാധ്യമല്ല. എഐ, റോബോട്ടിക്സ്, ബ്ലോക്ക് ചെയിൻ ടെക്നോളജി, ബിഗ് ഡാറ്റ അനാലിസിസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ വൈദഗ്ധ്യമുള്ള യുവതലമുറ ഇവിടെയുണ്ടെന്നത് കേരളത്തിന് അനുകൂലമായ പ്രധാന ഘടകമാണ്.

മൂന്നു പതിറ്റാണ്ടു മുൻപ് തിരുവനന്തപുരത്ത് 50 ഏക്കർ ഭൂമിയിൽ ആരംഭിച്ച ടെക്നോ പാർക്ക് കേരളത്തിലെ ഐടി കുതിപ്പിന്‍റെ തുടക്കമായിരുന്നു. ടെക്നോ പാർക്ക് വലിയ തോതിൽ വികസിച്ചെന്നു മാത്രമല്ല കൊച്ചിയിലെ ഇൻഫോ പാർക്കും കോഴിക്കോട്ടെ സൈബർ പാർക്കും ഒക്കെയായി ഐടി മേഖല വളർന്നു പന്തലിച്ചു. കൊച്ചി സ്മാർട്ട് സിറ്റി പോലുള്ള പദ്ധതികളും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട ഐടി പാർക്കുകളും ഇതിനു പുറമേയാണ്. ഐടി അടിസ്ഥാന സൗകര്യങ്ങളിൽ വലിയ വളർച്ച തന്നെ കേരളത്തിനു സ്വന്തമാക്കാനായിട്ടുണ്ട്. ഐടി കയറ്റുമതിയിലും വൻ കുതിപ്പാണുണ്ടായിരിക്കുന്നത്. 2016ൽ 34,123 കോടി രൂപയുടേതായിരുന്ന കേരളത്തിന്‍റെ ഐടി കയറ്റുമതി ഇപ്പോൾ 90,000 കോടി രൂപയുടേതായി വർധിച്ചിരിക്കുന്നു. ടെക്നോ പാർക്കിലും ഇൻഫോ പാർക്കിലും സൈബർ പാർക്കിലുമായി ഒന്നര ലക്ഷത്തോളം ആളുകൾ ജോലി ചെയ്യുന്നുണ്ട്. 2016നു ശേഷം ഇവിടങ്ങളിൽ 66,000 പുതിയ തൊഴിലവസരങ്ങളുണ്ടായി. ഇതെല്ലാം സർക്കാർ കണക്കാണ്. ഇത്തരത്തിലുള്ള മുന്നേറ്റത്തിനു കൂടുതൽ ഊർജവും ആവേശവും പകരുന്നതിനു പുതിയ പദ്ധതികൾ വിജയകരമായി നടപ്പിലാക്കേണ്ടതുണ്ട്.

ഇന്ത്യ ലോകകപ്പ് ഫൈനലിൽ: ജമീമ റോഡ്രിഗ്സ് വീരനായിക

മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ