കപ്പൽ അപകടം: ആശങ്ക ഒഴിവാക്കണം

 

കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ ലൈബീരിയൻ കപ്പൽ.

Editorial

കപ്പൽ അപകടം: ആശങ്ക ഒഴിവാക്കണം

ലൈബീരിയയിൽ രജിസ്റ്റർ ചെയ്ത ഈ കപ്പൽ 1997ൽ നിർമിച്ചതാണ്

Namitha Mohanan

കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ചെരിഞ്ഞു മുങ്ങിയ ചരക്കുകപ്പലിൽ നിന്ന് ക്യാപ്റ്റനെയും മറ്റു ജീവനക്കാരെയും സുരക്ഷിതമായി തീരത്തെത്തിക്കാൻ കഴിഞ്ഞതു വലിയ ആശ്വാസം നൽകുന്നുണ്ട്. നാവിക സേനയും കോസ്റ്റ് ഗാർഡും ഇക്കാര്യത്തിൽ അഭിമാനകരമായ പ്രവർത്തനമാണു കാഴ്ചവച്ചത്. എന്നാൽ, കടലിൽ പതിച്ച കണ്ടെയ്നറുകൾ ഉയർത്തിയ ആശങ്ക ഇനിയും നീങ്ങിയിട്ടില്ല. ഈ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളുണ്ടായിരുന്നോ എന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്. വലിയ തോതിലുള്ള പരിസ്ഥിതിനാശത്തിനു കടലിൽ മുങ്ങിയ വസ്തുക്കൾ കാരണമാവുമോയെന്ന ഭീതി പരിഹരിക്കുന്നതിന് ഊർജിതമായ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്. കണ്ടെയ്നറിൽ നിന്ന് ഇന്ധനവും അപകടകരമായ മറ്റു വസ്തുക്കളും ചോർന്നിട്ടുണ്ടെങ്കിൽ അതു കടലിന്‍റെ ആവാസ വ്യവസ്ഥയെ ബാധിക്കും. മുഴുവൻ കടൽ ജീവികൾക്കും പ്രശ്നങ്ങളുണ്ടാക്കും. മത്സ്യസമ്പത്തിനു ഗുരുതരമായ ഭീഷണിയാവും. തീരദേശത്തെയും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും അതു ബാധിക്കുന്നതാണ്. കടലിന്‍റെയും കടലിന്‍റെ മക്കളുടെയും സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതിൽ യാതൊരുവിധ അലംഭാവവും സർക്കാർ കാണിക്കാതിരിക്കട്ടെ.

നിരവധി കണ്ടെയ്നറുകൾ ഇപ്പോൾ തന്നെ കേരള തീരത്ത് വിവിധയിടങ്ങളിൽ അടിഞ്ഞിട്ടുണ്ട്. തീരത്ത് ഒഴുകിയെത്തിയ കണ്ടെയ്നറുകളിൽ പലതും ഒഴിഞ്ഞ നിലയിലാണ് എന്നതും ശ്രദ്ധേയമാണ്. ഇന്ധനച്ചോർച്ച തടയുന്നതിനും കണ്ടെയ്നറുകൾ വീണ്ടെടുക്കുന്നതിനുമുള്ള ശ്രമം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കുന്നുമുണ്ട്. കാത്സ്യം കാർബൈഡ് അടങ്ങിയ ചില കണ്ടെയ്നറുകൾ വെള്ളത്തിൽ വീണിട്ടുണ്ട്. അവ കടലിന്‍റെ അടിത്തട്ടിൽ അടിഞ്ഞിട്ടുണ്ടോ എന്നറിയാൻ പരിശോധനകൾ നടക്കുകയാണ്. കാത്സ്യം കാർബൈഡ് ജലവുമായി പ്രതിപ്രവർത്തിക്കുമ്പോൾ അപകടസാധ്യതയുണ്ടെന്നതു കൊണ്ടാണ് കണ്ടെയ്നറുകൾക്ക് അടുത്തേക്ക് ആരും പോകരുതെന്നു നേരത്തേ നിർദേശം നൽകിയത്. തീരത്ത് അപൂർവ വസ്തുക്കൾ കണ്ടാൽ തൊടരുതെന്ന നിർദേശവും സുരക്ഷ മുൻനിർത്തി പാലിക്കപ്പെടേണ്ടതാണ്. എണ്ണപ്പാട കരയിലേക്ക് എത്തുന്നതു തടയാൻ ഇതുവരെ സാധിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിക്കുന്നുണ്ട്. അത് അത്രയും ആശ്വാസകരം.

എത്രയും വേഗം മുഴുവൻ കണ്ടെയ്നറുകളും പുറത്തെടുക്കുമെന്നും ജൂലൈ മൂന്നിനകം ഇന്ധനം പൂർണമായി നീക്കം ചെയ്യുമെന്നും അതിനു ശേഷം കപ്പൽ ഉയർത്താൻ ശ്രമം തുടങ്ങുമെന്നുമാണ് ഷിപ്പിങ് ഡയറക്റ്റർ ജനറൽ ശ്യാം ജഗന്നാഥൻ വ്യക്തമാക്കിയിട്ടുള്ളത്. വലിയ അളവിൽ ഡീസലും ഫർണസ് ഓയിലും കപ്പലിൽ ഉണ്ടായിരുന്നു എന്നാണു പറയുന്നത്. എന്തുകൊണ്ടാണ് എംഎസ് സി എൽസ 3 എന്ന ചരക്കു ​കപ്പൽ മുങ്ങിയത് എന്നതു സംബന്ധിച്ച് കൃത്യമായ ഉത്തരം ഇനിയും ലഭിക്കേണ്ടതുണ്ട്. സാങ്കേതിക തകരാറാണ് കാരണമെന്നാണു പ്രാഥമിക നിഗമനം. കപ്പലിന്‍റെ ബാലൻസ് മാനെജ്മെന്‍റ് സംവിധാനത്തിലെ പാളിച്ച അപകടത്തിനു കാരണമായി സംശയിക്കുന്നുണ്ട്. വാൽവുകൾക്കു തകരാർ സംഭവിച്ചിരുന്നോ എന്നും അന്വേഷിക്കുന്നു. അപകടത്തിനു വഴിവച്ചതു സാങ്കേതിക പിഴവായാലും മാനുഷിക പിഴവായാലും അതു വ്യക്തമായി കണ്ടെത്തേണ്ടതാണ്.

ലൈബീരിയയിൽ രജിസ്റ്റർ ചെയ്ത ഈ കപ്പൽ 1997ൽ നിർമിച്ചതാണ്. അതായത് 28 വർഷത്തെ പഴക്കം. കാലപ്പഴക്കം അപകടത്തിനു കാരണമായിട്ടുണ്ടോ, അപകടത്തിന്‍റെ തീവ്രത വർധിപ്പിച്ചിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്. ഇൻഷ്വറൻസ് തുക തട്ടിയെടുക്കാനും, കാലപ്പഴക്കമുള്ള ക​പ്പ​ൽ പൊ​ളി​ക്ക​ലി​നു വ​ൻ തു​ക ചെ​ല​വാ​ക്കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​കാ​നും കപ്പൽ മുക്കിയതാവാമെന്ന ആരോപണം വരെ ഉയരുന്നുണ്ട്. കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. കപ്പലിന്‍റെ ഫിറ്റ്നസ് സംബന്ധിച്ചും അവർ ചില സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. രാസപദാർഥങ്ങൾ കൈകാര്യം ചെയ്യുന്നതിന് കപ്പലിലും തുറമുഖത്തുമുള്ള പ്രോട്ടോകോൾ പാലിച്ചിട്ടുണ്ടോ​ എ​ന്നു പരിശോധിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. 26 ഡിഗ്രി മാത്രം ചെരിഞ്ഞ ഒരു കപ്പൽ 12 മണിക്കൂറിനകം മുങ്ങിയതും പരിശോധിക്കണമെന്നാണ് അവരുടെ ആവശ്യം.

വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കും മറ്റ് ഇന്ത്യൻ തുറമുഖങ്ങളിലേക്കും വിവിധ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളുമായി പോകുമ്പോഴാണ് കപ്പൽ മുങ്ങിയത്. വിഴിഞ്ഞം അന്താരാ​ഷ്‌​ട്ര തുറമുഖം പ്രവർത്തനം ആരംഭിച്ചതോടെ ഈ മേഖലയിൽ കപ്പലിലുള്ള ചരക്കുനീക്കം വർധിപ്പിക്കാനുള്ള അവസരം തുറന്നിട്ടുണ്ട്. അതിനിടയിൽ ഇതുപോലുള്ള അപകടങ്ങളുണ്ടാവുന്നതു തെറ്റായ സന്ദേശം നൽകിക്കൂടാ. അതിന് അപകടത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്തി ഏറ്റവും ഉചിതമായ തുടർ നടപടികൾ എടുക്കേണ്ടതാണ്. ഇന്ത്യൻ തീരത്തുണ്ടായ ഏറ്റവും വലിയ കപ്പൽ അപകടമാണ് ഇതെന്ന് ഷിപ്പിങ് ഡയറക്റ്റർ ജനറൽ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയുണ്ടായി. രാജ്യത്ത് കടൽത്തീരങ്ങളിൽ ഏറ്റവും കുറവു മലിനജലമുള്ളത് കേരളത്തിലാണെന്നു നേരത്തേ കേന്ദ്ര സർക്കാർ കണ്ടെത്തിയിട്ടുണ്ട്. തീരദേശ ജല ഗുണനിലവാര സൂചികയിൽ ഒന്നാം സ്ഥാനത്താണു കേരളം. തീരമേഖലയിലെ ശുചിത്വത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിലാണു കേരളമുള്ളത്. കടലും കടൽത്തീരവും മലിനമാവുന്നതു തടയാനുള്ള ജാഗ്രത എപ്പോഴും നമുക്കുണ്ടാവണം. വെള്ളത്തിൽ വീണ കണ്ടെയ്നറുകളിലെ വസ്തുക്കൾ കടലിനെ മലിനമാക്കുന്നതു തടയാൻ അവ എത്രയും വേഗം നീക്കം ചെയ്യുകയാണു വേണ്ടത്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി