മധ്യപ്രദേശിൽ വിഷാംശമുള്ള കഫ് സിറപ്പ് കഴിച്ച് ഇരുപതിലേറെ കുട്ടികൾ മരിക്കാനിടയായത് രാജ്യവ്യാപകമായി ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അഞ്ചു കുട്ടികൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രാജസ്ഥാനിലും കഫ് സിറപ്പ് കഴിച്ചു കുട്ടികൾ മരിച്ചതായി റിപ്പോർട്ടുകളുണ്ടായെങ്കിലും അവിടുത്തെ ആരോഗ്യ മന്ത്രി അതു സ്ഥിരീകരിച്ചിട്ടില്ല. പരാതി ഉയർന്ന മരുന്നു പരിശോധിച്ചപ്പോൾ വിഷാംശം കണ്ടില്ലെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. കേരളവും തമിഴ്നാടും അടക്കം പല സംസ്ഥാനങ്ങളും കുട്ടികൾ മരിക്കാനിടയായ മരുന്ന് നിരോധിച്ചിരിക്കുകയാണ്. രാജ്യത്തു മരുന്നു നിർമാണം നിയന്ത്രിക്കേണ്ട സർക്കാർ സംവിധാനങ്ങളുടെ പോരായ്മകളെക്കുറിച്ചുള്ള ചർച്ചയ്ക്കും ഈ ദുരന്തം കാരണമായിട്ടുണ്ട്. കഫ് സിറപ്പുകളുടെ ഉപയോഗം സംബന്ധിച്ചു സംസ്ഥാനങ്ങൾക്കു മാർഗനിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകരുതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നു. മായം ചേർത്ത മരുന്നുകൾക്കെതിരേ പ്രത്യേക ജാഗ്രത ആവശ്യമായിരിക്കുന്നു എന്നാണു ദുരന്തം കാണിച്ചുതരുന്നത്.
മധ്യപ്രദേശിൽ കുട്ടികൾ മരിക്കാനിടയായ ചുമ മരുന്നു നിർമിച്ചത് തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള ശ്രീശൻ ഫാർമസ്യൂട്ടിക്കൽസാണ്. ഇതിന്‍റെ ഉടമ രംഗനാഥനെ കഴിഞ്ഞദിവസം ചെന്നൈയിൽ നിന്ന് മധ്യപ്രദേശ് പൊലീസ് അറസ്റ്റു ചെയ്തു. കമ്പനിയുടെ കോൾഡ്രിഫ് സിറപ്പിൽ 48.6 ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡിഇജി) അടങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വ്യാവസായിക മേഖലയിൽ ഉപയോഗിക്കുന്ന വിഷമുള്ള രാസവസ്തുവാണ് ഇത്. കുട്ടികളുടെ വൃക്കയ്ക്കു തകരാറു സംഭവിക്കുന്നതിനും അതുവഴി മരിക്കുന്നതിനും കാരണമാക്കിയത് ഈ രാസവസ്തുവാണ്. മരുന്നുകളിൽ ഡിഇജിയുടെ അനുവദനീയമായ പരിധി 0.1 ശതമാനം മാത്രമായിരിക്കെയാണ് കോൾഡ്രിഫ് സിറപ്പിൽ ഇത്രയധികം വിഷാംശം അടങ്ങിയിരുന്നത്. തീർത്തും മോശമായ സാഹചര്യത്തിലാണ് ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ പ്ലാന്‍റ് പ്രവർത്തിക്കുന്നതെന്ന് തമിഴ്നാട് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്‍റെ പരിശോധനയിൽ കണ്ടെത്തി. ആളുകളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത വിധത്തിൽ സാമ്പത്തിക ലാഭം മാത്രം മുന്നിൽക്കണ്ട് മരുന്നുകൾ നിർമിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കിൽ എത്ര വലിയ അപകടങ്ങളാണ് ഇനിയും ഉണ്ടാവാനിരിക്കുന്നതെന്ന് ഈ സംഭവം ബന്ധപ്പെട്ട അധികൃതരെയെല്ലാം ഓർമിപ്പിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതുമുണ്ട്. രാജ്യത്തുനിന്ന് കയറ്റിഅയയ്ക്കുന്ന മരുന്നുകളിലും അപകടകരമായ വിധത്തിൽ വിഷാംശം ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്.
മധ്യപ്രദേശിൽ കോൾഡ്രിഫ് കഴിച്ചുള്ള ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്യുന്നത് സെപ്റ്റംബർ നാലിന് ചിന്ദ്‌വാരയിലാണ്. ചിന്ദ്‌വാര ജില്ലയിൽ മാത്രം ഇതുവരെ 18 കുട്ടികൾ മരിച്ചു. അയൽ ജില്ലകളിലും കുട്ടികളുടെ മരണം സംഭവിച്ചിട്ടുണ്ട്. മരിച്ച കുട്ടികളിൽ വൃക്ക തകരാറിലായിരുന്നു. കഫ് സിറപ്പിൽ അപകടകരമായ തോതിൽ ഡിഇജി അടങ്ങിയതു മൂലമുള്ള മരണം സംഭവിക്കുന്നത് ഇതാദ്യമല്ല. 2022ൽ ഗാംബിയയിൽ അറുപത്താറും 2022-2023ൽ ഉസ്ബെക്കിസ്ഥാനിൽ പതിനെട്ടും കുട്ടികൾ മരിച്ചത് ഇന്ത്യൻ കമ്പനികളിലെ ചുമ മരുന്നുകളിൽ അമിതമായി ഡിഇജിയും എത്തിലീൻ ഗ്ലൈക്കോളും (ഇജി) അടങ്ങിയതു മൂലമാണെന്നു പരാതി ഉയർന്നതാണ്. 2020ൽ ജമ്മു കശ്മീരിലെ 12 കുട്ടികൾ ഡിഇജി കൂടുതലുള്ള കഫ് സിറപ്പ് കഴിച്ചതിനെത്തുടർന്നു മരിച്ചതും നമ്മുടെ മുന്നിലുണ്ട്. ഇനി ഇതാവർത്തിക്കരുതെന്നു കർശന നിർദേശങ്ങൾ വരാറുണ്ടെങ്കിലും ഇപ്പോഴും ചിലർ അതൊന്നും പാലിക്കുന്നില്ല എന്നതു ഞെട്ടലുളവാക്കുന്നതാണ്. ലോകത്തിന്‍റെ ഔഷധശാലയായാണ് ഇന്ത്യ അറിയപ്പെടുന്നത്. ഏറ്റവും മികച്ച മരുന്നുകൾ ലോക രാജ്യങ്ങൾക്ക് ഇന്ത്യ നൽകുന്നുണ്ട്. ഔഷധ നിർമാണരംഗത്തു കാണുന്ന കുതിപ്പ് എടുത്തുപറയുമ്പോഴും മോശം പ്രവണതകളെ കണ്ടില്ലെന്നു നടിക്കാനാവില്ല.
ചെറിയ അളവിൽ പോലും ശരീരത്തിനകത്തു ചെല്ലുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന രാസവസ്തുക്കൾ മരുന്നുകളിൽ ഉപയോഗിക്കുന്നതു മാപ്പർഹിക്കാത്ത കുറ്റമാണ്. പ്രത്യേകിച്ചു കുട്ടികൾക്ക് ഇത്തരം രാസവസ്തുക്കൾ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും. ഇതൊന്നും മരുന്നു നിർമാതാക്കൾക്ക് അറിയാത്തതല്ല. ബോധപൂർവം മരുന്നുകളിൽ മായം ചേർക്കുന്നവർക്കെതിരേ കടുത്ത നടപടികൾ തന്നെയാണ് ആവശ്യം. റഗുലേറ്റർമാർ ഉണർന്നിരിക്കുകയും പരിശോധനകൾ കർശനമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഡോക്റ്റർമാരുടെ നിർദേശം പോലുമില്ലാതെ തോന്നുംപടി കഫ് സിറപ്പുകൾ വാങ്ങിക്കഴിക്കുന്നവരുണ്ട്. അതിന്‍റെ അപകടാവസ്ഥയെക്കുറിച്ച് ജനങ്ങൾക്കും ബോധ്യമുണ്ടാവണം. കേരളത്തിൽ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ചു പഠിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫിസർ, ഐഎപി സംസ്ഥാന പ്രസിഡന്‍റ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാർഗരേഖ പുറത്തിറക്കുമെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരിക്കുന്നത്. മധ്യപ്രദേശിലുണ്ടായതുപോലുള്ള ദുരന്തം ഒഴിവാക്കാൻ ആവശ്യമായ ജാഗ്രതയുടെ ഭാഗമായി ഇതിനെ കാണാവുന്നതാണ്. അംഗീകൃത ഡോക്റ്ററുടെ കുറിപ്പടിയില്ലാതെ 12 വയസിനു താഴെയുള്ള കുട്ടികൾക്കു മരുന്നു നൽകരുതെന്ന നിർദേശം കർശനമായി പാലിക്കേണ്ടതുണ്ട്. ഡോക്റ്ററുടെ പഴയ കുറിപ്പടി വച്ച് വീണ്ടും മരുന്നു വാങ്ങി കുട്ടികൾക്കു നൽകുന്ന ശീലവും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.