പിടിവിടാതെ നിപ

 

representative image

Editorial

പിടിവിടാതെ നിപ

നിപ സ്ഥിരീകരിച്ചയാളുടെ വീടിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

വീണ്ടും നിപ സ്ഥിരീകരിച്ചതോടെ പാലക്കാട് ജില്ലയിൽ ആശങ്കയേറുകയാണ്. പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിക്കാണ് കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളെജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്. ഇയാളുടെ കൂടുതൽ സാംപിളുകൾ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പാലക്കാട് ജില്ലയില്‍ കർശന ജാഗ്രത പുലർത്താൻ ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരിക്കുന്നു. നിപ സ്ഥിരീകരിച്ചയാളുടെ വീടിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുമ്പോൾ തന്നെയാണു പുതിയ കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിലെ ഏതാനും വാർഡുകളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെന്‍റ് സോൺ നിയന്ത്രണങ്ങൾ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ പിൻവലിച്ചതേയുള്ളൂ. അപ്പോഴേക്ക് മണ്ണാര്‍ക്കാട് പുതിയ കേസ് കണ്ടെത്തിയിരിക്കുന്നു. പാലക്കാട് ജില്ല ‍ഇതാദ്യമായാണു നിപ ഭീതിയുടെ പിടിയിലാവുന്നത്; അതും തുടർച്ചയായ രണ്ടു കേസുകൾ.

ഏതാനും ദിവസം മുൻപ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിയായ 18കാരിക്കും നിപ സ്ഥിരീകരിക്കുകയുണ്ടായി. അതിന്‍റെ പശ്ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലും ജാഗ്രത തുടരുകയാണ്. 500ഓളം പേർ ഇപ്പോഴും സമ്പർക്കപ്പട്ടികയിലുണ്ട്. ഹൈയസ്റ്റ് റിസ്ക്, ഹൈ റിസ്ക് വിഭാഗങ്ങളിൽ പെട്ടവർ നിരീക്ഷണത്തിലാണ്. മലപ്പുറം, പാലക്കാട് ജില്ലകള്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘം വൈറസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും പരിശോധനകളും നടത്തിവരികയാണ്. തച്ചനാട്ടുകരയിൽ വവ്വാലുകളെ പിടികൂടി പരിശോധിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു.

എന്തുകൊണ്ട് കേരളത്തിൽ ഈ വൈറസ് ഇങ്ങനെ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നുവെന്നു കൃത്യമായി കണ്ടെത്തി അതിനുള്ള പരിഹാര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. വവ്വാലിൽ നിന്നാണ് മനുഷ്യനിലേക്കു നിപ ബാധിക്കുന്നത് എന്നാണു നമ്മുടെ ധാരണ. മുൻപ് രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വവ്വാലുകളിൽ നിന്നാണു നിപ ബാധിക്കുന്നതെന്ന നിഗമനത്തിൽ നാം എത്തിയതും ഇതുകൊണ്ടാണ്. എന്നാൽ, വവ്വാലുകളിൽ നിന്ന് വൈറസ് പടരുന്നത് ഏതു രീതിയിലാണ് എന്നത് ഇപ്പോഴും വ്യക്തമല്ല. ഈ വൈറസിന്‍റെ ഭീഷണി അതിജീവിക്കാൻ നടപടികൾ കുറച്ചുകൂടി ഗൗരവത്തിൽ കൊണ്ടുപോകേണ്ടതുണ്ട്. സമീപനാളുകളിൽ ഒന്നിനു പുറകേ ഒന്നായി കേസുകൾ വരുന്നു എന്നതു ഗൗരവമുള്ള കാര്യമാണ്.

മേയ് മാസത്തിലാണ് മലപ്പുറത്തു വളാഞ്ചേരിയിൽ 42കാരിക്കു നിപ ബാധിച്ചത്. വിദഗ്ധ ചികിത്സയ്ക്കു ശേഷം അവർ നിപ വൈറസ് നെഗറ്റീവായെങ്കിലും ചികിത്സയിൽ തുടരുകയാണ്. അതിനു ശേഷം മൂന്നു കേസുകളായിക്കഴിഞ്ഞു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഒരേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടത്തേണ്ട സാഹചര്യം നമുക്കുണ്ടായി. മണ്ണാര്‍ക്കാട് പുതിയ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കോണ്ടാക്റ്റ് ട്രേസിങ് നടത്തുക, സമ്പര്‍ക്കപ്പട്ടിക തയാറാക്കുക, ക്വാറന്‍റൈൻ ഉറപ്പാക്കുക, അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് പ്രതിരോധത്തിന്‍റെ ഭാഗമായി ചെയ്യാനുള്ളത്. ഇതിലൊക്കെ വീഴ്ചയുണ്ടാവാതെ നോക്കേണ്ടതുണ്ട്.

2018 മേയിലാണ് കേരളത്തിൽ ആദ്യമായി നിപ വൈറസ് സ്ഥിരീകരിക്കുന്നത്. കോഴിക്കോട് ചങ്ങരോത്ത് ഗ്രാമത്തിലായിരുന്നു അത്. കേരളം അപ്പാടെ ആശങ്കയിലും ഭയത്തിലുമായ നാളുകളാണു പിന്നീടുണ്ടായത്. രോഗിയെ പരിചരിക്കുന്നതിനിടയിൽ വൈറസ് ബാധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സിസ്റ്റർ ലിനിയടക്കം 17 പേർ അന്നു മരിച്ചു. ദിവസങ്ങൾ നീണ്ട പ്രതിരോധ പ്രവർത്തനങ്ങൾക്കു ശേഷം 2018 ജൂൺ 30ന് കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ മുക്തമായി പ്രഖ്യാപിച്ചു. 2019ൽ എറണാകുളത്ത് ഒരു യുവാവിനു വൈറസ് ബാധയുണ്ടായി.

യുവാവ് രോഗമുക്തി നേടുകയും രോഗവ്യാപനം തടയാൻ നമുക്കാവുകയും ചെയ്തു. 2021 സെപ്റ്റംബറിൽ കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനാണ് നിപ ബാധിച്ചു മരിച്ചത്. 2023 സെപ്റ്റംബറിൽ കോഴിക്കോട് പനി ബാധിച്ചു മരിച്ച രണ്ടുപേർക്കും നിപ സ്ഥിരീകരിക്കുകയുണ്ടായി. 2024ൽ മലപ്പുറത്ത് വീണ്ടും നിപ വൈറസ് മനുഷ്യ ജീവനുകളെടുത്തു.‌

ഉയർന്ന മരണനിരക്കാണ് എന്നതുകൊണ്ടു തന്നെ നിപയുടെ പിടിയിൽ നിന്ന് എന്നന്നേക്കുമായുള്ള മോചനം കേരളത്തിന് ആവശ്യമാണ്. കേരളം അടക്കം 9 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമുണ്ടെന്ന് ഐസിഎംആറിന്‍റെ പൂനെ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി(എൻഐവി) കണ്ടെത്തിയിട്ടുള്ളതാണ്. 2001ലും 2007ലും പശ്ചിമ ബംഗാളിലും പിന്നീടു കേരളത്തിലും മാത്രമാണ് രാജ്യത്ത് ഈ വൈറസ് മനുഷ്യരെ ബാധിച്ചിട്ടുള്ളത്. എന്തുകൊണ്ട് കേരളത്തിൽ മാത്രം നിപ ആവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നതിനാണ് ഉത്തരം കിട്ടേണ്ടത്.

വിമാനത്തിൽ ട്രക്ക് ഇടിച്ച് അപകടം!

ശ്രീചിത്ര ഹോമിലെ പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കെ.എസ്. അനിൽകുമാറിന്‍റെ രജിസ്ട്രാർ നിയമനം ചട്ട വിരുദ്ധം; ഗവർണർക്ക് പരാതി

കണ്ണൂരിൽ നാട്ടുകാരെ ആക്രമിച്ച സംഘത്തിൽ ഷുഹൈബ് വധക്കേസ് പ്രതിയും

ശ്രീധരൻപിള്ളയെ മാറ്റി; അശോക് ഗജപതി രാജു ഗോവ ഗവർണർ