രാഷ്‌ട്രപതിയുടെ ചോദ്യങ്ങൾ
നിയമ നിർമാണ സഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്‌ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് ഏറെ ശ്രദ്ധ നേടിയതാണ്. പ്രതിപക്ഷ കക്ഷികളും അവ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും പരമോന്നത കോടതിയുടെ വിധിയെ സ്വാഗതം ചെയ്തിരുന്നു. രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതാണു സുപ്രീം കോടതിയുടെ ഉത്തരവെന്നാണു പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാണിച്ചത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ വലിയ ആശ്വാസമായി എടുത്താണ് ഈ വിധി എന്നതിലും സംശയമില്ല.
പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഗവർണർമാർ ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് ഏറെ വിവാദമുയർത്തിയതാണല്ലോ. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് രാഷ്‌ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചതും. സമയപരിധി പിന്നിട്ടാൽ ബില്ലുകൾ സ്വയമേവാ നിയമമാവുമെന്നും ഇവരുടെ വിധിയിൽ പറയുന്നുണ്ട്.
എന്നാൽ, രാഷ്‌ട്രപതിക്കും ഗവർണർമാർക്കും മേൽ ഭരണഘടനയിലില്ലാത്ത ഇത്തരം സമയപരിധി വയ്ക്കാൻ കോടതിക്ക് അധികാരമുണ്ടോ എന്ന സംശയമാണു ചില വിദഗ്ധർ ഉയർത്തിയത്. ഭരണഘടനയിലില്ലാത്ത സമയപരിധി കോടതിക്ക് എങ്ങനെ നിശ്ചയിക്കാനാവുമെന്ന കാര്യത്തിൽ ഇപ്പോൾ രാഷ്‌ട്രപതിയും സുപ്രീം കോടതിയോടു വ്യക്തത തേടിയിരിക്കുകയാണ്. അതു ഭരണഘടനയെ കോടതി തിരുത്തിയെഴുതുന്നതിനു തുല്യമാണെന്നാണെന്നാണ് വിമർശനം. ഭരണഘടനയിൽ നിശ്ചയിക്കാത്ത സമയപരിധി സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിനു നിശ്ചയിക്കാനാവുമോ എന്നതു സംബന്ധിച്ച് നിയമ വിദഗ്ധർ രണ്ടു തട്ടിലാണ്.
ഈ വിഷയം ഭരണഘടനാ ബെഞ്ചിനു വിടേണ്ടതായിരുന്നു എന്നതാണ് ഒരഭിപ്രായം. കോടതി വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിലാണ് പ്രത്യേക അവകാശം ഉപയോഗിച്ചു നൽകിയ പ്രസിഡൻഷ്യൽ റഫറൻസിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു വ്യക്തത തേടിയിരിക്കുന്നത്. നിയമ വിഷയങ്ങളുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന സംശയങ്ങളിൽ സുപ്രീം കോടതിയുമായി കൂടിയാലോചന നടത്താൻ ഭരണഘടനയുടെ 143(1) വകുപ്പ് രാഷ്‌ട്രപതിക്ക് അധികാരം നൽകുന്നുണ്ട്. ഇതു പ്രകാരമാണ് രാഷ്‌ട്രപതി ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി പറയുന്നത് രാഷ്‌ട്രപതിക്കു സ്വീകരിക്കുയും നിരസിക്കുകയും ചെയ്യാം.
നിയമസഭ പാസാക്കിയ ബില്ലുകൾ ലഭിക്കുമ്പോൾ ഗവർണർമാർക്കു മുന്നിലുള്ള ഭരണഘടനാപരമായ മാർഗങ്ങൾ എന്തൊക്കെയാണ് എന്നതിൽ ഒരു വിശദീകരണം രാഷ്‌ട്രപതി തേടുന്നുണ്ട്. ഗവർണർമാർക്ക് ഭരണഘടനാപരമായ വിവേചനാധികാരം വിനിയോഗിക്കാനാവില്ലേ എന്നതും ചോദ്യം. ഒരു നിയമം നിലവിൽ വരുന്നതിനു മുൻപ് ബില്ലുകളിൽ രാഷ്‌ട്രപതിയും ഗവർണർമാരും എടുക്കുന്ന തീരുമാനങ്ങളിൽ ജുഡീഷ്യൽ പരിശോധന സാധ്യമാണോ എന്നതും മറ്റൊരു സംശയമാണ്. രാഷ്‌ട്രപതിയുടെയും ഗവർണർമാരുടെയും ഭരണഘടനാപരമായ അധികാരങ്ങളും ഉത്തരവുകളും മറികടക്കാൻ കോടതിക്കു കഴിയുമോ എന്നും, ഗവർണറുടെ അംഗീകാരമില്ലാതെ ഒരു ബിൽ നിയമമാക്കാനാവുമോ എന്നും രാഷ്‌ട്രപതി ആരായുന്നു. ഭരണഘടനാ വ്യാഖ്യാനങ്ങളുള്ള വിഷയങ്ങൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തന്നെ പരിഗണിക്കേണ്ടതല്ലേ എന്നതിൽ കോടതി വ്യക്തത വരുത്തണമെന്നും രാഷ്‌ട്രപതി ആവശ്യപ്പെടുന്നു.
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്‍റെ നിയമ നിർമാണത്തെ ഗവർണർക്കു തടസപ്പെടുത്താനാവില്ല എന്നാണു നേരത്തേ സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. സംസ്ഥാന സർക്കാരിന്‍റെ ഉപദേശപ്രകാരമാണ് ഗവർണർമാർ പ്രവർത്തിക്കേണ്ടത്. ജനപ്രതിനിധികൾ പാസാക്കുന്ന ബില്ലുകൾ തടഞ്ഞുവയ്ക്കാൻ ഗവർണർമാർക്ക് അധികാരം നൽകിയാൽ പാർലമെന്‍ററി ജനാധിപത്യം വാഴില്ല. ബില്ലുകൾ അനിശ്ചിത കാലത്തേക്കു തടഞ്ഞുവയ്ക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണ്. ബില്ലുകൾ പിടിച്ചുവയ്ക്കാനുള്ള ഒരധികാരവും ഭരണഘടന ഗവർണർമാർക്കു നൽകിയിട്ടില്ല. നിയമസഭ പാസാക്കുന്ന ബില്ലുകൾ രാഷ്‌ട്രപതിക്ക് അയയ്ക്കണമെങ്കിൽ അത് ഒരു മാസത്തിനകം വേണം. അല്ലെങ്കിൽ മൂന്നു മാസത്തിനകം ഒപ്പുവയ്ക്കണം. അതല്ലെങ്കിൽ തിരിച്ചയയ്ക്കണം. തിരിച്ചയച്ച ബിൽ നിയമസഭ പാസാക്കി വീണ്ടും നൽകിയാൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി നിർദേശിക്കുന്നു.
തമിഴ്നാട്ടിൽ ഗവർണർ തടഞ്ഞുവച്ച 10 ബില്ലുകളും പാസാക്കിയതായി കണക്കാക്കുമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. നിയമസഭ രണ്ടാം തവണയും പാസാക്കി ഗവർണർക്ക് അയച്ച ബില്ലുകളാണിത്. ഗവർണർമാർ ബില്ലുകൾ അയച്ചാൽ രാഷ്‌ട്രപതി മൂന്നു മാസത്തിനുള്ളിൽ അതിൽ തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിലുണ്ട്. തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കണം. രാഷ്‌ട്രപതിയുടെ തീരുമാനം വൈകുന്നത് കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ടെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
രണ്ടംഗ ബെഞ്ച് ഭരണഘടന വ്യാഖ്യാനിക്കുന്നത് ശരിയാണോ എന്നതാണ് ഇവിടത്തെ സുപ്രധാന ചോദ്യം. എന്തായാലും രാഷ്‌ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതിയുടെ അഭിപ്രായമെന്ത് എന്നറിയാൻ നിയമ വിദഗ്ധർ കാത്തിരിക്കുകയാണ്. രാജ്യം വളരെ താത്പര്യത്തോടെ ഉറ്റുനോക്കുന്നതാണു കോടതിയുടെ മറുപടി.