കേരളത്തിന്‍റെ തലസ്ഥാന നഗരി ഇനി അഞ്ചുനാൾ കൗമാര കലോത്സവത്തിന്‍റെ ആഘോഷാരവങ്ങളിലാവും. അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും അനന്തപുരിയിൽ പൂർത്തിയായിട്ടുണ്ട്. കലയുടെ ഉത്സവം അതിഗംഭീരമാക്കാൻ തിരുവനന്തപുരത്തെ കലാപ്രേമികളുടെ നിറഞ്ഞ സാന്നിധ്യം എല്ലാ വേദികളിലും ഉണ്ടാവുമെന്ന പ്രതീക്ഷയാണു പൊതുവിലുള്ളത്. ഇരുപത്തഞ്ചു വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ പതിനയ്യായിരത്തോളം വിദ്യാർഥികളാണു പങ്കെടുക്കുന്നത്. 249 ഇനങ്ങളിലാണ് കുട്ടികൾ തങ്ങളുടെ പ്രതിഭ തെളിയിക്കാൻ ഇറങ്ങുക. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് എന്തുമാത്രം പ്രാധാന്യമാണുള്ളതെന്നു പങ്കാളിത്തത്തിൽ നിന്നുതന്നെ വ്യക്തമാണ്. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ 70,000 ചതുരശ്ര അടിയിലാണു പന്തൽ ഒരുക്കിയിരിക്കുന്നത്. ഇവിടെ പതിനായിരം ഇരിപ്പിടങ്ങളാണുള്ളത്. അയ്യായിരം പേർക്ക് നിന്നുകൊണ്ടും കലാമത്സരങ്ങൾ കാണാനാവുമെന്നാണു പറയുന്നത്. കേരളത്തിലെ പ്രധാന നദികളുടെ പേരുകൾ നൽകിയിട്ടുള്ള മത്സരവേദികളെല്ലാം ആസ്വാദകരെക്കൊണ്ട് നിറഞ്ഞ് ആവേശം തുടിക്കുന്നതായി മാറുമെന്നു കണക്കാക്കാം. എട്ടു വർഷത്തിനു ശേഷമാണ് തലസ്ഥാനത്ത് കൗമാര കലോത്സവം വീണ്ടുമെത്തുന്നതെന്നത് കലാസ്നേഹികളുടെ താത്പര്യം വർധിപ്പിക്കാൻ കാരണമാവും. എല്ലാ വർഷവും സ്കൂൾ കലോത്സവങ്ങൾക്കു നിറഞ്ഞ സദസാണു കാണാറുള്ളത്. അതു കേരളത്തിന്‍റെ പ്രത്യേകതയാണ്.
ഏറ്റവും ഭംഗിയായി ഈ മേള നടത്താൻ സംഘാടകർക്കു കഴിയേണ്ടതുണ്ട്. വിധിനിർണയം കുറ്റമറ്റതാക്കുന്നതിലും സമയക്രമം കൃത്യമായി പാലിക്കുന്നതിലും പങ്കെടുക്കുന്ന എല്ലാവർക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിലും ഭക്ഷണ വിതരണം കാര്യക്ഷമമാക്കുന്നതിലും താളപ്പിഴകൾ ഉണ്ടാവാതിരിക്കണം. കലോത്സവവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഓരോ കമ്മിറ്റികളും തങ്ങളുടെ മേഖലയിൽ പരാതികളുണ്ടാവുന്നില്ലെന്ന് ഉറപ്പാക്കിയാൽ മേള മൊത്തത്തിൽ ആക്ഷേപരഹിതമാവും. കൂടുതൽ തദ്ദേശീയ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ച് കലോത്സവ മാന്വൽ പരിഷ്കരിച്ചാണ് ഇത്തവണത്തെ കലോത്സവം നടക്കുന്നത്. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, ഇരുള നൃത്തം, മലപ്പുലയ ആട്ടം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള മത്സരയിനങ്ങൾ. കഴിഞ്ഞ വർഷം കൊല്ലത്തു നടന്ന കലോത്സവത്തിലാണ് ഗോത്രകലകളും മത്സരയിനമാക്കുന്നതു സജീവ പരിഗണനയിലാണെന്നു സർക്കാർ വ്യക്തമാക്കിയത്. ഈ വർഷം ഗോത്രകലകൾ മത്സരയിനമായി ഉൾപ്പെടുത്തുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. കൊല്ലത്ത് ഉദ്ഘാടനത്തിന്‍റെ ഭാഗമായി പ്രധാന വേദിയിൽ അരങ്ങേറിയ "ദൃശ്യവിസ്മയ'ത്തിൽ പ്രദർശന ഇനമായി ഗോത്രകലയായ മംഗലംകളി അവതരിപ്പിക്കുകയുണ്ടായി.
സർക്കാർ പ്രഖ്യാപിച്ചതുപോലെ ഇത്തവണ മത്സരയിനങ്ങളായി ഗോത്രകലകൾ വരുന്നു. ഗോത്രവർഗ കലകൾക്ക് മത്സരയിനങ്ങളിൽ സ്ഥാനം കിട്ടുന്നതിന്‍റെ തുടക്കം എന്ന നിലയിൽ തിരുവനന്തപുരത്തെ കലോത്സവം ശ്രദ്ധേയമാവും. അന്യംനിന്നു പോകാമായിരുന്ന നാടൻ കലകളും പ്രാചീന കലകളും പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ കലോത്സവങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതിന്‍റെ തുടർച്ചയായി ഇതിനെയും കാണാവുന്നതാണ്. വയനാട്ടിലെ വെള്ളാർമല ജിഎച്ച്എസ്എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തം ഇത്തവണത്തെ കലോത്സവത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിന്‍റെ ഭാഗമാണെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. അന്തരിച്ച മലയാളത്തിന്‍റെ പ്രിയപ്പെട്ട സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരോടുള്ള ആദരസൂചകമായി പ്രധാന വേദിക്ക് "എം.ടി- നിള' എന്നു പേരിട്ടിരിക്കുന്നു എന്നതും ഇതിനോടൊപ്പം പറയേണ്ടതാണ്.
കഴിഞ്ഞ വർഷം കൊല്ലത്തു നടന്ന കലോത്സവത്തിൽ ഓവറോൾ ജേതാക്കൾക്കുള്ള 117.5 പവന്‍റെ സ്വർണക്കപ്പ് കരസ്ഥമാക്കിയത് കണ്ണൂർ ജില്ലയായിരുന്നു. മുൻ വർഷത്തെ ജേതാക്കളായ കോഴിക്കോട് ഓരോ ഇഞ്ചിലും വെല്ലുവിളി ഉയർത്തി അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തി. മൂന്നു പോയിന്‍റിന്‍റെ മാത്രം വ്യത്യാസത്തിലാണ് കോഴിക്കോടിനു രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. ഇവർക്കു പുറമേ പാലക്കാടും തൃശൂരും മലപ്പുറവും കൊല്ലവും ഒക്കെ ശക്തമായ മത്സരം കാഴ്ചവയ്ക്കുകയുണ്ടായി. അതിനു മുൻപുള്ള വർഷങ്ങളിലും ഇഞ്ചോടിഞ്ചു പൊരുതുന്ന ജില്ലകളെയാണ് സ്കൂൾ കലോത്സവത്തിൽ കാണാറുള്ളത്. അതുകൊണ്ടു തന്നെ ഇക്കുറിയും ജില്ലകളുടെ മത്സരവാശി കുറയില്ലെന്ന് ഉറപ്പിക്കാവുന്നതാണ്. വിവിധ സ്കൂളുകൾ തമ്മിലുള്ള മത്സരത്തിലും ഈ വാശി തന്നെയാണു കാണാറുള്ളത്. എന്നാൽ, ടീമുകൾ തമ്മിലുള്ള മത്സരവാശിയുടെ സമ്മർദം കുട്ടികളിൽ അമിത സമ്മർദമായി മാറാതിരിക്കാൻ അധ്യാപകരും പരിശീലകരും രക്ഷിതാക്കളും ബന്ധപ്പെട്ട മറ്റെല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
വർഷങ്ങളായി മേളയുടെ താളം തെറ്റിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് അപ്പീലുകളാണ്. അപ്പീലുമായി മത്സരിക്കാനെത്തുന്നവർ വർധിക്കുമ്പോൾ രാവേറെ ചെല്ലുന്നതു വരെ ഗ്ലാമർ ഇനങ്ങളിലെ മത്സരം നീളുന്നു. സമയക്രമം ആകെ തെറ്റിപ്പോകുന്നു. അതിന് അവസാനം കുറിക്കാൻ ശ്രമങ്ങൾ തുടരേണ്ടതാണ്. കുട്ടികളിൽ പകയും വൈരാഗ്യവും നിരാശയും വളർത്താൻ വേണ്ടിയാവരുത് കലാമത്സരങ്ങൾ. കലോത്സവം ശരിക്കും ഉത്സവമായി കുട്ടികൾക്കു ബോധ്യപ്പെടണം. വിധി നിർണയിക്കുന്നവരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ, അതേച്ചൊല്ലിയുള്ള വിവാദങ്ങൾ, കോഴ ആരോപണം എന്നിങ്ങനെ കലോത്സവത്തിനു ചേരാത്ത പ്രവണതകൾ മുഴുവനായി നുള്ളിക്കളയേണ്ടതുണ്ട്. അധ്യാപകരുടെയും പരിശീലകരുടെയും രക്ഷകർത്താക്കളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഉപകരണങ്ങളല്ല കുട്ടികൾ. യഥാർഥത്തിൽ അവരെന്താണോ അതു വേദികളിൽ പ്രകടമാവട്ടെ. അതിനു വിധികർത്താക്കൾ സത്യസന്ധമായി മാർക്കിടട്ടെ. വിജയം മാത്രമല്ല പരാജയവും ഉൾക്കൊള്ളാൻ കുട്ടികൾക്കു കഴിയണം. മറ്റുള്ളവരുടെ കഴിവുകൾ അംഗീകരിക്കാൻ പഠിക്കണം. കുട്ടികളുടെ മേളയെ കുട്ടികൾക്കു വിട്ടുകൊടുക്കാൻ എല്ലാവരും തയാറാവേണ്ടതുണ്ട്. കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും ആശംസകൾ നേരുന്നു.