വേഗം നടപ്പാവട്ടെ, ജിഎസ്‌ടി പരിഷ്കരണം
ചരക്കു സേവന നികുതി (ജിഎസ്‌ടി) സ്ലാബുകളുടെ പുനഃക്രമീകരണത്തിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയെക്കുറിച്ചു നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരിവച്ചിരിക്കുകയാണ്. ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്നുള്ള സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മോദി ജിഎസ്‌ടി പരിഷ്കരണത്തെക്കുറിച്ചു പറഞ്ഞത്. ദീപാവലിയോടെ അടുത്ത തലമുറ ജിഎസ്‌ടി പരിഷ്കാരങ്ങൾ അവതരിപ്പിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങൾക്കുള്ള വലിയ സമ്മാനമാവും ഇതെന്നാണ് അദ്ദേഹം പറയുന്നത്. നികുതിഭാരം ലഘൂകരിക്കുന്നതു വഴി സാധാരണ കുടുംബങ്ങൾക്കും ചെറുകിട ബിസിനസുകാർക്കും വലിയ ആശ്വാസമാണു ലഭിക്കുക. ദൈനംദിന ഉപയോഗത്തിനുള്ള നിരവധി വസ്തുക്കളുടെ വില കുറയാൻ ജിഎസ്‌ടി പരിഷ്കരണം ഉപകരിക്കും. റഷ്യൻ എണ്ണ വാങ്ങുന്നതിന് യുഎസ് ഇന്ത്യയ്ക്കു മേൽ അധിക നികുതി ഏർപ്പെടുത്തിയ സാഹചര്യത്തിൽ ആഭ്യന്തര വിപണിയെ ശക്തമാക്കാൻ ജിഎസ്‌ടി പരിഷ്കരണം സഹായിക്കുമെന്നു കരുതുന്നുണ്ട്.
സുതാര്യവും ബിസിനസ് സൗഹൃദവുമായ നികുതി വ്യവസ്ഥ സൃഷ്ടിക്കുക എന്ന സർക്കാർ നയത്തിന് അനുസൃതമാണ് ഈ പരിഷ്കരണമെന്നു പ്രധാനമന്ത്രി വിശദീകരിക്കുന്നുണ്ട്. സർക്കാരിന്‍റെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി ഇതിനെ കാണാനുമാവും. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്നതാണു കേന്ദ്ര സർക്കാർ പദ്ധതി. അതിനുവേണ്ടിയുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. ജിഎസ്‌ടി പരിഷ്കരണത്തെ ആ നിലയിൽ കാണുന്നവരാണു സാമ്പത്തിക വിദഗ്ധർ. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ചു വേണം പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിന്. ഇക്കാര്യത്തിൽ പൊതുധാരണയുണ്ടാവേണ്ടതുണ്ട്. ജനങ്ങൾക്ക് ഉപകാരപ്രദമാണു പരിഷ്കാരം എന്നതിനാൽ രാഷ്ട്രീയമായി എതിർപ്പ് ഉയരേണ്ടതില്ല. എന്നാൽ, ജനങ്ങളുടെ നികുതിഭാരം കുറയുന്നതിനനുസരിച്ച് സർക്കാരിന്‍റെ വരുമാനത്തിലും കുറവുണ്ടാകും. അതു സംബന്ധിച്ച് ഉയരുന്ന ആശങ്കകൾ താത്കാലികമാണെന്നാണു കേന്ദ്ര സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. നികുതി കുറയുമ്പോൾ ഉപഭോഗവും വർധിക്കും. അതുവഴി സർക്കാരിനുള്ള വരുമാനത്തിലും വർധനയുണ്ടാവുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.
ഇപ്പോൾ അവശ്യ ഭക്ഷ്യ വസ്തുക്കൾക്ക് ജിഎസ്‌ടി ഈടാക്കുന്നില്ല. നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു ശതമാനവും സ്റ്റാൻഡേഡ് ഗുഡ്സ് വിഭാഗത്തിന് 12 ശതമാനവും ഇലക്‌ട്രോണിക്സ്- സേവന മേഖലയിൽ 18 ശതമാനവും ആഡംബര മേഖലയ്ക്ക് 28 ശതമാനവുമാണു ജിഎസ്‌ടി. ഇത് അഞ്ചു ശതമാനവും 18 ശതമാനവുമുള്ള രണ്ടു സ്ലാബുകളാക്കി മാറ്റാനാണു കേന്ദ്ര സർക്കാരിന്‍റെ തീരുമാനം. 12, 28 സ്ലാബുകൾ ഒഴിവാകും. പുകയിലയും കോളയും പാൻ മസാലയും പോലെ ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട വിഭാഗത്തിന് 40 ശതമാനം ജിഎസ്‌ടി എന്ന പുതിയ സ്ലാബും രൂപീകരിക്കുന്നുണ്ടത്രേ. പരിഷ്കരണ ശുപാർശകൾ സംസ്ഥാനങ്ങൾക്ക് അയച്ചിരിക്കുകയാണ്. അടുത്തയാഴ്ച ചേരുന്ന ജിഎസ്‌ടിയുടെ മന്ത്രിതല സമിതി സ്ലാബ് പരിഷ്കരണം പരിഗണിക്കുമെന്നാണു സൂചന. കേരളം, ഉത്തർപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ബിഹാർ, കർണാടക സംസ്ഥാനങ്ങളിലെ മന്ത്രിമാർ അടങ്ങിയ മന്ത്രിതല സമിതിയുടെ തീരുമാനം നിർണായകമാണ്.
മന്ത്രിതല സമിതി യോഗം ചേരുമ്പോൾ ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പ് പരിഷ്കരണ നിർദേശം അവതരിപ്പിക്കും. ഈ ഒരു യോഗം കൊണ്ട് അന്തിമ തീരുമാനത്തിലെത്താനിടയില്ല. അവസാന തീരുമാനത്തിലെത്താൻ കൂടുതൽ യോഗങ്ങൾ ആവശ്യമായി വന്നേക്കാം. ചർച്ചകൾക്കു ശേഷം മന്ത്രിതല സമിതിയും പിന്നീട് ജിഎസ്‌ടി കൗൺസിലും കേന്ദ്ര നിർദേശം അംഗീകരിക്കുമെന്ന പ്രതീക്ഷയാണു കേന്ദ്ര സർക്കാരിനുള്ളത്. രണ്ടു സ്ലാബുകൾ മാത്രമാവുമ്പോൾ വരുമാനം കുറയുമെന്ന ആശങ്ക വേണ്ടെന്നു ധനമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നുണ്ട്. സാധാരണക്കാർ ഉപയോഗിക്കുന്ന ഭൂരിഭാഗം വസ്തുക്കൾക്കും സേവനങ്ങൾക്കും കർഷകർക്കും ചെറുകിട സംരംഭകർക്കും ആവശ്യമുള്ള വസ്തുക്കൾക്കും പുതിയ സംവിധാനത്തിൽ 5 ശതമാനം നികുതി മാത്രമാണ് ഉണ്ടാവുകയെന്നാണു പറയുന്നത്. ബട്ടർ, ജ്യൂസുകൾ, ഡ്രൈഫ്രൂട്ട്സ് തുടങ്ങി ഇപ്പോൾ 12 ശതമാനം നികുതിക്കു കീഴിലുള്ള 99 ശതമാനം ഉത്പന്നങ്ങളും 5 ശതമാനം നികുതിയുടെ സ്ലാബിലാകുമത്രേ. അതുപോലെ തന്നെ 28 ശതമാനം നികുതി ഈടാക്കുന്ന 90 ശതമാനം ഉത്പന്നങ്ങൾക്കും ഇനി 18 ശതമാനമേ നികുതിയുണ്ടാകൂ. അതിനർഥം നല്ല തോതിൽ ജിഎസ്‌ടി കുറവുണ്ടാകും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ സാധാരണ ജനങ്ങൾക്ക് അത് ആശ്വാസകരം തന്നെയാണ്. പരോക്ഷ നികുതി പിരിവിലെ സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ പരിഷ്കാരമായ ജിഎസ്‌ടി നടപ്പിൽ വന്നത് 2017 ജൂലൈ ഒന്നിനാണ്. അതിനു ശേഷം ഈ നികുതി പിരിവിലുണ്ടാകുന്ന ഏറ്റവും വലിയ മാറ്റമാണു നടപ്പിലാവുന്നത്.