.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
#വി. ശിവൻകുട്ടി, പൊതു വിദ്യാഭ്യാസ മന്ത്രി
ഈ വര്‍ഷത്തെ അധ്യാപകദിനം പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുകയും നാനാ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് ജീവിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അങ്ങനെയുള്ള നാട്ടില്‍ മതസ്പര്‍ധയും വൈരവും വളരാന്‍ സഹായിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നു. ഉത്തര്‍പ്രദേശിലെ ഒരു വിദ്യാലയത്തില്‍ ഒരു കുട്ടിയുടെ മുഖത്ത് മറ്റു മതസ്ഥരുടെ കുട്ടികളെ കൊണ്ട് അടിപ്പിക്കുന്നത് നാം കണ്ടു. ഇതെല്ലാം ഒറ്റപ്പെട്ട സംഭവമെന്നും കരുതുക വയ്യ. വളരെ ആസൂത്രിതമായി വിദ്യാഭ്യാസത്തെ വര്‍ഗീയതയുമായി സമരസപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന ആക്ഷേപം ഉണ്ട്. അതെല്ലാം ശരിവയ്ക്കുന്ന നടപടികളും ദേശീയതലത്തില്‍ നിന്നും ഉണ്ടാകുന്നുണ്ടോ എന്നതും നോക്കേണ്ടതുണ്ട്.
ചരിത്ര വിദ്യാഭ്യാസവും ശാസ്ത്ര വിദ്യാഭ്യാസവും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. മുമ്പെല്ലാം ചില പ്രദേശങ്ങളില്‍ ചില അധ്യാപകര്‍ അവരവരുടെ താല്പര്യത്തിനനുസരിച്ച് ചില കാര്യങ്ങള്‍ ചെയ്യുമായിരുന്നു. എന്നാല്‍ ഇന്ന് ഭരണഘടന ഉയര്‍ത്തിപ്പിടിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ തന്നെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പരസ്യമായി ലംഘിക്കുന്ന അവസ്ഥയുണ്ടായിവരുന്നു. അതിന്റെ ഭാഗമായി തങ്ങള്‍ക്കിഷ്ടമില്ലാത്ത പാഠഭാഗങ്ങള്‍ യാതൊരു അക്കാദമിക നീതികരണവുമില്ലാതെ വെട്ടിമാറ്റുന്നു.
വിദ്യാഭ്യാസമെന്നത് ഇന്നലെകളില്‍ നടന്ന സമൂഹചലനങ്ങളെ മനസിലാക്കല്‍ കൂടിയുള്ളതാണ്. അതിന്റെ പിന്‍ബലത്തില്‍ ഇന്നത്തെ സമൂഹചലനങ്ങളെ യുക്തിയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യലും നാളത്തെ സമൂഹ പരിവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഊഹങ്ങള്‍ മുന്നോട്ടുവയ്ക്കലും വിദ്യാഭ്യാസ പ്രക്രിയയുടെ അനിവാര്യ ഭാഗമാണ്. ഇതിനുള്ള കുട്ടികളുടെ കഴിവിനെ അവരുടെ പ്രായവും പ്രകൃതവും പരിഗണിച്ച് വളര്‍ത്താനും വികസിപ്പിക്കാനും ഉള്ള പൊതുയിടങ്ങളാണ് വിദ്യാലയങ്ങള്‍. പ്രകൃതിയിലെയും സമൂഹത്തിലെയും വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും അംഗീകരിക്കുകയും അവയ്ക്കുള്ളില്‍ ഒരുമിച്ച് പരസ്പരം സഹകരിച്ചും അംഗീകരിച്ചും സഹവര്‍ത്തിച്ചും അധിവസിക്കാനുള്ള മാനസികവും വൈകാരികവും വൈചാരികവുമായ സജ്ജമാകല് പ്രക്രിയയാണ് വിദ്യാലയങ്ങളില്‍ നടക്കേണ്ടത്. മത, ജാതി വിദ്വേഷങ്ങള്‍ വളര്‍ത്താന്‍ ഇടനല്കുന്ന ഒരു പ്രവര്‍ത്തനവും വിദ്യാലയങ്ങളില്‍ നടക്കാന്‍ പാടില്ലാത്തതാണ്.
ഇത്തരം കാര്യങ്ങളില്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട് എന്നാണ് ആനുകാലിക സംഭവവികാസങ്ങള്‍ നമ്മോട് പറയുന്നത്. അതിനുള്ള അവസരമാക്കി ഈ വര്‍ഷത്തെ അധ്യാപക ദിനത്തെ പ്രയോജനപ്പെടുത്താം. ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാധനനായ അധ്യാപക ശ്രേഷ്ഠനും മികച്ച രാജ്യതന്ത്രജ്ഞനും നമ്മുടെ പ്രഥമ വൈസ് പ്രസിഡന്റും രണ്ടാമത്തെ പ്രസിഡന്റുമായ ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം നമുക്ക് അധ്യാപകദിനമാണ്.
അദ്ദേഹത്തിന്റെ ശിഷ്യര്‍ ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കണം എന്ന് തീരുമാനിച്ചറിയിച്ചപ്പോള് വ്യക്തിനിഷ്ഠമായി ജന്മദിനമാചരിക്കാന് അദ്ദേഹം തയാറായില്ല. പകരം ആ ദിനം ഇന്ത്യയിലെ അധ്യാപകര്‍ക്കായി സമര്‍പ്പിക്കുകയാണ് ചെയ്തത്. ഏറ്റവും ഉന്നതമായ വ്യക്തിത്വത്തിന് ഉടമയായ ഡോ. എസ്. രാധാകൃഷ്ണന് ഉയര്‍ത്തിക്കാട്ടിയ സംഘബോധമാണ് അധ്യാപക ദിനത്തിന്റെ തുടക്കത്തിന് കാരണമായത്.
കേരളത്തെ മതനിരപേക്ഷ കേരളമാക്കി മാറ്റിയ മുന്നേറ്റങ്ങളുടെയെല്ലാം മുന്നണിയില്‍ എന്നും അധ്യാപകരുണ്ടായിരുന്നു. മതനിരപേക്ഷാ അവബോധവും വിതരണ നീതിയും എല്ലാവരെയും ഉള്‍ച്ചേര്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന വിദ്യാഭ്യാസ സംവിധാനത്തെ വളര്‍ത്തുകയും ചെയ്യുന്നതില്‍ കേരളത്തിലെ അധ്യാപകര്‍ വഹിച്ച പങ്ക് നിസ്സീമമാണ്. അധ്യാപനത്തെ കേവലം ശമ്പളം കിട്ടുന്ന ഒരു തൊഴിലിനപ്പുറത്തേക്ക് അതൊരു സാമൂഹിക പ്രവര്‍ത്തനമാണ് എന്ന നിലപാടാണ് പരിവര്‍ത്തനഘട്ടത്തില്‍ കേരളത്തിലെ പുരോഗമന പക്ഷത്തു നിന്ന അധ്യാപക ശ്രേഷ്ഠര്‍ കൈക്കൊണ്ടത്. ഈ നിലപാടില്‍ ഇനിയും തുടരേണ്ടതുണ്ട്.
എന്നാല്‍ സമൂഹത്തിലെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായതുപോലെയുള്ള പങ്കാളിത്തം പുതുതലമുറയിലെ അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. സന്നദ്ധതയുടെ ഉയര്‍ന്നതലത്തില്‍ സമൂഹത്തോടൊപ്പം നിലനിന്നിരുന്ന അധ്യാപകരുടെ പിന്തലമുറയുടെ ഭാഗത്തുനിന്നും സന്നദ്ധതയുടെ അംശങ്ങള്‍ ഇല്ലാതായിപോകുന്നുണ്ടോ എന്നതും വിലയിരുത്താന്‍ കഴിയേണ്ടതുണ്ട്.
ഇതെല്ലാം ചെയ്യുന്നതോടൊപ്പം വിദ്യാഭ്യാസരംഗത്തെ നമ്മുടെ മുന്നേറ്റങ്ങളെ സ്ഥായിവല്ക്കരിക്കാന് എങ്ങനെ കഴിയുമെന്നുള്ള ആലോചനകളും നടക്കണം. നമുക്ക് ഇനിയും മുന്നേറാന്‍ കഴിയണം. മുഴുവന്‍ കുട്ടികളുടെയും കഴിവിനെ അംഗീകരിക്കുന്നതും ഏറ്റവും ഉന്നതിയിലേക്ക് എത്തിക്കുന്നതിനുമുള്ള തുല്യാവസരം എല്ലാ കുട്ടികള്‍ക്കും ഉറപ്പാക്കാന്‍ കഴിയണം. എങ്കിലേ വിദ്യാഭ്യാസരംഗത്ത് സാമൂഹികനീതി ഉറപ്പാക്കാന്‍ കഴിയൂ. ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിനിടയിലൂടെ ഉയര്‍ന്നുവരുന്ന പരിമിതികളെ കണ്ടെത്താനും പരിഹരിക്കാനും സ്കൂള്‍ സംവിധാനത്തിന് എങ്ങനെ കഴിയുമെന്നുള്ള ചര്‍ച്ചകളും നടക്കേണ്ടതുണ്ട്. പരീക്ഷയ്ക്ക് ഉന്നതവിജയം നേടുന്നത് മാത്രമായി വിദ്യാഭ്യാസത്തെ പരിമിതപ്പെടുത്താന്‍ കഴിയില്ല. സമൂഹത്തിന്റെ സമഗ്ര മുന്നേറ്റത്തില്‍ സ്കൂള്‍ വിദ്യാഭ്യാസം എന്തു പങ്ക് വഹിക്കണം എന്നതും സജീവമായി ചര്‍ച്ച ചെയ്യപ്പെടണം. ഇത്തരം സംവാദങ്ങള്‍ ജനാധിപത്യ മതനിരപേക്ഷ നവകേരളത്തിന്റെ രൂപീകരണത്തില്‍ നിര്‍ണായകമാകും.
ഇന്ത്യയുടെ വൈവിധ്യവും വൈജാത്യവും ഉള്‍ക്കൊള്ളുന്ന ഭരണഘടന അംഗീകരിച്ച ഫെഡറല്‍ ഘടനപോലും വെല്ലുവിളി നേരിടുന്നു. നാനാത്വത്തില്‍ ഏകത്വം എന്നതില്‍ നിന്നും മാറി നാനാത്വം വേണ്ട ഏകത്വം മാത്രം മതി എന്ന നിലപാടുകള്‍ ഉയര്‍ന്നുവരുമ്പോള്‍ അതിനെതിരെ നിലപാടെടുക്കാനും ബഹുസ്വരതയിലെ സൗന്ദര്യത്തെ, ദൃഢതയെ, ഐക്യബോധത്തെ എങ്ങനെയെല്ലാം കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്താം എന്ന ചര്‍ച്ച കൂടി ഈ വര്‍ഷത്തെ അധ്യാപക ദിനവുമായി ബന്ധപ്പെടുത്തി നടക്കേണ്ടതുണ്ട്.