ചെന്നൈ: നടൻ പ്രദീപ് കെ വിജയനെ മരിച്ച നിലയിൽ കണ്ടെത്തി. പാലവാകത്തുള്ള വീട്ടിലാണ് പ്രദീപിനെ ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
രണ്ട് ദിവസമായി സുഹൃത്ത് പ്രദീപിനെ മൊബൈലിൽ വിളിക്കാൻ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. വിവരമറിയാൻ വീട്ടിലെത്തിയ സുഹൃത്ത് അകത്ത് നിന്ന് പൂട്ടിയ നിലയിൽ കിടന്നിരുന്ന വാതിലിൽ പലതവണ മുട്ടിയിട്ടും തുറക്കാതിരുന്നതോടെ ഇയാൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസെത്തി വാതിൽ തുറന്ന് നടത്തിയ പരിശോധനയിലാണ് പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ മുറിവേറ്റ നിലയിലായിരുന്നു പ്രദീപിന്റെ മൃതദേഹം. ഇടയ്ക്ക് തലചുറ്റലുണ്ടാകുന്നതിനെപ്പറ്റിയും ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടിനെപ്പറ്റിയുമൊക്കെ പ്രദീപ് പറഞ്ഞിരുന്നതായി സുഹൃത്ത് പറഞ്ഞു.
2013-ൽ സൊന്നാ പുരിയാത് എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് സിനിമയിലേക്ക് പ്രദീപ് അരങ്ങേറുന്നത്. പിന്നീട് തെഗിഡി, ഒരുനാൾ കൂത്ത്, മീസയേ മുറുക്ക്, ഇരുമ്പ് തിരൈ, ആടൈ, ഹീറോ, ചക്ര, ടെഡി, ലിഫ്റ്റ്, ഹേയ് സിനാമിക, രുദ്രൻ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. വിജയ് സേതുപതി നായകനാകുന്ന മഹാരാജയിലാണ് പ്രദീപ് അവസാനമായി അഭിനയിച്ചത്.
പൊലീസ് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.