ഹരീഷ് കണാരൻ
നടൻ ഹരീഷ് കരാണന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം. ബാദുഷ. കടം വങ്ങിയ 20 ലക്ഷം തിരികെ നൽകിയില്ല, സിനിമയിൽ അവസരം നഷ്ടപ്പെടുത്തി എന്നുമായിരുന്നു ഹരീഷ് കണാരന്‍റെ ആരോപണം. ഇതിനു മറുപടിയുമായാണ് ബാദുഷ രംഗത്തെത്തിയത്.
താൻ ഹരീഷിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. 20 ലക്ഷം വായ്പ ചോദിച്ചിട്ട് 14 ലക്ഷമാണ് നൽകിയത്. 7 ലക്ഷത്തോളം തിരികെ നൽകി. ബാക്കി ഹരീഷിന്‍റെ 72 സിനിമകളുടെ ഡേറ്റ് മാനേജ് ചെയ്തതിന്‍റെ പ്രതിഫലമായി കണക്കാക്കുമെന്ന് കരുതിയെന്നും ബാദുഷ പറയുന്നു.
എആർഎം സിനിയിൽ അഭിനയിക്കാൻ നിർമാതാവ് പറഞ്ഞ പ്രതിഫലം 5 ലക്ഷമായിരുന്നു. ഹരീഷ് ചോദിച്ചത് 15 ലക്ഷം രൂപയാണ്. അതാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ കാരണം. ആശകൾ ആയിരം എന്ന ചിത്രത്തിൽ ഹരീഷിന് പറ്റിയ വേഷമില്ലാതിരുന്നിട്ട് പോലും ജൂഡ് ആന്‍റണിയോട് പറഞ്ഞ് ഒരു വേഷം വാങ്ങി നൽകി.
പക്ഷേ ഓസ്ട്രേലിയൻ സ്റ്റേജ് ഷോ ഉള്ളതിനാൽ ആ വേഷം ചെയ്യാനായില്ല. ഹരീഷിനു വേണ്ടി 5 വർഷം 72 സിനിമകളുടെ ഡേറ്റ് മാനേജ് ചെയ്തിട്ടുണ്ട്. പ്രതിഫലം ചോദിച്ചിട്ടില്ല, ഹരീഷ് തരാൻ തയാറായിട്ടുമില്ല. നല്ല സൗഹൃദത്തിലായിരുന്നു, പിന്നെന്താണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെന്ന് അറിയില്ലെന്നും ബാദുഷ.
വലിയ സൈബർ ആക്രമണമാണ് നേരിടുന്നത്. സൈബർ സെല്ലിൽ പരാതി നൽകും. ഹരീഷ് കണാരന് അവസരം ഇല്ലാതായാത് അയാളുടെ സ്വഭാവം കൊണ്ടാണെന്നും കുടുംബത്തിനെതിരേ ആരോപണം ഉയർന്നതിനാലാണ് പ്രതികരിക്കുന്നതെന്നും ബാദുഷ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.