300 കോടിയിലേക്ക് കുതിച്ച് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'; സെക്കൻഡ് ട്രെയിലർ എത്തി|Video
ഇൻഡസ്ട്രി ഹിറ്റിലേക്കുള്ള കുതിപ്പിലാണ് നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. ആഗോള തലത്തിൽ 300 കോടിയിലേക്ക് കുതിപ്പ് തുടരുകയാണ് ചിത്രം. ഇപ്പോഴിതാ പ്രേക്ഷകരിൽ നിന്ന് ലഭിച്ച വൻ സ്വീകാര്യതയ്ക്കും വലിയ വിജയത്തിനും പിന്നാലെ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ 'Encore' എന്ന ടൈറ്റിലിൽ രണ്ടാം ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്.
ഗിരീഷ് എ ഡി സംവിധാനം ചെയ്ത് ഭാവനാ സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും വൻ തിരക്കാണ് സൃഷ്ടിക്കുന്നത്. ജസ്റ്റിൻ ചേട്ടായിയായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിവിൻ പോളിയുടെയും ആഷ്‍ലിയായെത്തിയ മമിത ബൈജുവിന്‍റെയും ആകർഷകമായ കെമിസ്ട്രിയും കോമഡി ട്രാക്കുകളുമാണ് ട്രെയിലറിന്‍റെ പ്രധാന ആകർഷണം.
ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം, റിലീസ് ചെയ്ത് വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് 300 കോടിക്കരികിലേക്ക് കുതിച്ചെത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, പിആർഒ: ആതിര ദിൽജിത്ത്.