ശില്‍പ്പ ശിരോദ്കര്‍
ഒരുകാലത്ത് ബോളിവുഡിലെ ഗ്ലാമര്‍ സുന്ദരിയായി തിളങ്ങിയ ശില്‍പ്പ ശിരോദ്കര്‍ വര്‍ഷങ്ങള്‍ക്കുശേഷം ആരാധകരെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. 'ഛയ്യാ, ഛയ്യാ' എന്ന എക്കാലത്തെയും ഹിറ്റ് ഗാനത്തില്‍ ഷാരൂഖ് ഖാനിനൊപ്പം ആദ്യം നൃത്തം ചെയ്യാന്‍ അവസരം ലഭിച്ചത് തനിക്കായിരുന്നുവെന്നാണ് താരം പറയുന്നത്.
നൃത്തസംവിധായിക ഫറ ഖാന്‍ ഗാനവുമായി എത്തിയപ്പോള്‍ 15 ദിവസത്തിനുള്ളില്‍ ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ശില്‍പ പറയുന്നു. അതിനായി ദിവസങ്ങളോളം വേവിച്ച പച്ചക്കറികള്‍ മാത്രം കഴിച്ചെങ്കിലും പ്രതീക്ഷിച്ചത്ര ഭാരം കുറഞ്ഞില്ല. ഒടുവില്‍ 'ഇപ്പോഴും ഭാരം കൂടുതലാണ്' എന്ന കാരണം പറഞ്ഞ് തന്നെ ഗാനത്തില്‍ നിന്ന് ഒഴിവാക്കിയെന്നും ശില്‍പ തുറന്നുപറഞ്ഞു.
അതിനുശേഷമാണ് ആ സുവര്‍ണാവസരം മലൈക അറോറയുടെ കൈകളിലെത്തിയത്. ട്രെയിനിന്റെ മുകളില്‍ ചിത്രീകരിച്ച 'ഛയ്യാ ഛയ്യാ' പിന്നീട് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഐക്കോണിക് ഗാനങ്ങളിലൊന്നായി മാറുകയും മലൈകയുടെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആകുകയും ചെയ്തു.
ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തപ്പോഴായിരുന്നു ശില്‍പയുടെ ഈ തുറന്നുപറച്ചില്‍. തന്റെ ജീവിതത്തിലെ നഷ്ടമായ ആ വലിയ അവസരത്തെക്കുറിച്ച് താരം യാതൊരു മടിയും കൂടാതെയാണ് സംസാരിച്ചത്. ബോളിവുഡിലെ പുതിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ശില്‍പ്പയുടെ ഈ വെളിപ്പെടുത്തല്‍.