IFFK ഓപ്പൺ ഫോറം.

 

MV

Entertainment

സിനിമകളുടെ വിജയത്തിന്‍റെ ക്രെഡിറ്റിലും സ്ത്രീ വിവേചനം

ഐഎഫ്എഫ്കെ ഓപ്പൺ ഫോറം: സ്ത്രീകേന്ദ്രിത സിനിമകൾ വിജയിക്കുമ്പോൾ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായി വിലയിരുത്തപ്പെടുന്നു, പുരുഷകേന്ദ്രിത സിനിമകളുടെ വിജയം നായകന്‍റെ വ്യക്തിഗത വിജയമായി അവതരിപ്പിക്കുന്നു

Thiruvananthapuram Bureau

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐഎഫ്‌എഫ്‌കെയുടെ ഭാഗമായി നടത്തിയ 'ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം' എന്ന ഓപ്പൺ ഫോറം, സിനിമയിലെ ലിംഗവിവേചനം എങ്ങനെ ചലച്ചിത്ര വിജയങ്ങളെ സ്വാധീനിക്കുന്നു എന്നത് ചർച്ചയാക്കി. സ്ത്രീകേന്ദ്രിത സിനിമകൾ വിജയിക്കുമ്പോൾ അതിന്‍റെ നേട്ടം കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായി വിലയിരുത്തപ്പെടുമ്പോൾ, പുരുഷകേന്ദ്രിത സിനിമകളുടെ വിജയം നായകന്‍റെ വ്യക്തിഗത വിജയമായി സാധാരണവത്കരിക്കപ്പെടുന്നതായി ഫോറത്തിൽ നിരീക്ഷിച്ചു. സിനിമയിലെ മെയിൽ ഗെയ്‌സ്, മെയിൽ ഗെയ്‌സ് വ്യത്യാസവും ചർച്ചയിൽ പ്രധാന വിഷയമായി.

ശ്രേയ ശ്രീകുമാർ മോഡറേറ്റ് ചെയ്ത ഫോറത്തിൽ സിനിമ എഡിറ്ററും മുൻ ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്സണുമായ ബീന പോൾ, സിനിമ നിരൂപകൻ ജി.പി. രാമചന്ദ്രൻ, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗവേഷക ഡോ. രേഖ രാജ്, സംവിധായിക മിനി ഐ.ജി., സിനിമ നിരൂപക ഡോ. അനു പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.

കലാരംഗങ്ങളിലും സൃഷ്ടിപരമായ ഇടങ്ങളിലുമുള്ള സ്ത്രീകളുടെ നേതൃത്വവും സൃഷ്ടിപരമായ നിർദേശങ്ങളും അംഗീകരിക്കാൻ പഠിക്കേണ്ടതിന്‍റെ ആവശ്യകത സംവിധായിക മിനി ഐ.ജി ഊന്നിപ്പറഞ്ഞു. സിനിമയിലെ നിലവിലെ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാണെന്നും, ചില കൂട്ടായ്മകൾ പ്രചരിപ്പിക്കുന്ന മാധ്യമ തെറ്റിദ്ധാരണകളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും ഈ രംഗത്തെ ശക്തമായി സ്വാധീനിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.

നടിയെ ആക്രമിച്ച കേസിനെ പരാമർശിച്ച ഭാഗ്യലക്ഷ്മി, സംഭവത്തിന്‍റെ തുടക്കത്തിൽ അതിജീവിതയായ നടിക്ക് സിനിമാ വ്യവസായത്തിനുള്ളിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ലെന്നും, അവൾ ഒറ്റയ്ക്കാണ് അതിനെതിരേ പോരാടേണ്ടി വന്നതെന്നും ചൂണ്ടിക്കാട്ടി. ഇത് സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന ഒറ്റപ്പെടലിനെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും അവർ പറഞ്ഞു.

ഡോ. രേഖ രാജ് രചിച്ച 'പെൺതിര' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു.

പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന തരത്തിലുള്ള ആഘോഷവും അംഗീകാരവും സ്ത്രീ അഭിനേതാക്കൾക്ക് ലഭിക്കുന്നില്ലെന്നതും ഫോറത്തിൽ ചർച്ചയായി. 'ജനപ്രിയ നായകൻ' പോലുള്ള വിശേഷണങ്ങൾ കൂടുതലായും പുരുഷ അഭിനേതാക്കൾക്ക് മാത്രമായി ഉപയോഗിക്കപ്പെടുന്നതായും ചൂണ്ടിക്കാട്ടി. പുരുഷ–സ്ത്രീ വേതന വ്യത്യാസം സമൂഹത്തിലെ വ്യാപകമായ അസമത്വത്തിന്‍റെ പ്രതിഫലനമാണെന്ന് ജി.പി. രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. സെഷനിന്‍റെ ഭാഗമായി ഗവേഷക ഡോ. രേഖ രാജ് രചിച്ച 'പെൺതിര' എന്ന പുസ്തകവും പ്രകാശനം ചെയ്തു.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ