പ്രയാഗ് രാജ്: ബോളിവുഡിന്‍റെ ലേഡി സൂപ്പർ സ്റ്റാറുകളായിരുന്ന ശ്രീദേവിക്കും രേഖയ്ക്കും കോസ്മറ്റിക് ബ്യൂട്ടികൾ എന്ന വിശേഷണം പരസ്യമായി ചാർത്തിക്കൊടുക്കാൻ ഒരാളേ ധൈര്യം കാണിച്ചിട്ടുള്ളൂ- മമത കുൽക്കർണി.
മനീഷ കൊയ്‌രാള, ഊർമിള മടോണ്ഡ്കർ തുടങ്ങി, മാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിച്ച നടിമാരെപ്പോലും പരസ്യ വിമർശനങ്ങളിലൂടെ അസ്വസ്ഥരാക്കിയ ചരിത്രമാണ് മമതയ്ക്കുള്ളത്.
ഹിന്ദി കൂടാതെ ചന്ദാമാമ എന്ന മലയാളം സിനിമയിലും അവർ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, ബോൾഡായ ടോപ്‌ലെസ് ചിത്രങ്ങൾക്കു പോലും പോസ് ചെയ്ത് ബോളിവുഡിന്‍റെ ഗ്ലാമർ ക്വീനായി കുറച്ചുകാലം വിലസിയ മമതയുടെ വിലാസം ഇപ്പോൾ നടി എന്നോ മോഡൽ എന്നോ അല്ല, സന്ന്യാസിനി എന്നാണ്. പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ സന്ന്യാസദീക്ഷ സ്വീകരിച്ച മമത കുൽക്കർണി തന്‍റെ പേര് മായ് മമത നന്ദഗിരി എന്നു മാറ്റുകയും ചെയ്തു.
കിന്നർ അഘാരയിൽ മമത സന്ന്യാസം സ്വീകരിച്ചതായി ഉത്തർ പ്രദേശ് സർക്കാർ തന്നെയാണ് അറിയിച്ചിരിക്കുന്നത്. പിണ്ഡദാനത്തിനു ശേഷസ്റ്റ കിന്നർ അഘാര അവരുടെ പട്ടാഭിഷേകവും നടത്തിയത്രെ.
വിവാദപരമായ അഭിപ്രായപ്രകടനങ്ങളിലൂടെ ബോളിവുഡ് അണിയറക്കാരുടെ വെറുപ്പ് ഏറ്റുവാങ്ങിയ മമത തിളങ്ങി നിന്ന കാലത്തു തന്നെ സിനിമയിൽ നിന്ന് ഔട്ടായിരുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും ബംഗാളിയിലുമെല്ലാം അഭിനയിച്ച ശേഷമായിരുന്നു ഇത്. കരൺ അർജുൻ, സബ്സെ ബഡാ ഖിലാഡി തുടങ്ങിയ വമ്പൻ ഹിറ്റുകളും അവരുടെ ക്രെഡിറ്റിലുണ്ട്.
പിന്നീട് 25 വർഷത്തോളം ദീർഘിച്ച വിദേശവാസത്തിനു ശേഷം അമ്പത്തിരണ്ടാം വയസിലാണ് ഇപ്പോൾ ആചാര്യ മഹാമണ്ഡലേശ്വർ ലക്ഷ്മീ നാരായണ ത്രിപാഠിയെ കണ്ട് അനുഗ്രഹം വാങ്ങി, സാധ്വിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ 25 വർഷമായി താൻ തപസ്യയിലായിരുന്നു എന്നാണ് മമത അവകാശപ്പെടുന്നത്. ഇതിനിടെ മഹാമണ്ഡലേശ്വറിന്‍റെ സന്ന്യാസ പരീക്ഷകളെല്ലാം പാസായെന്നും പറയുന്നു.
താൻ ദീക്ഷ സ്വീകരിച്ചതിൽ മറ്റു പല സന്ന്യാസിമാർക്കും അതുപോലെ തന്‍റെ ആരാധകർക്കും രോഷമുണ്ടെന്നാണ് മമതയുടെ വാദം. പക്ഷേ, താനതൊന്നും കാര്യമാക്കുന്നില്ലെന്നും അവർ പറയുന്നു.