Lifestyle

ചരിത്രം കിതയ്ക്കുന്ന ട്രാക്കുകൾ: കൊൽക്കത്ത ട്രാമുകൾക്ക് 150 വയസ്

കൊൽക്കത്ത : നഗരഞരമ്പുകളിലൂടെ കുതിച്ചും കിതച്ചും ഇടയ്ക്കൊക്കെ നിലച്ചും 150 വർഷം പിന്നിടുന്നു കൊൽക്കത്ത ട്രാം സർവീസ്. ഒരുകാലത്തു കൊൽക്കത്ത മഹാനഗരത്തിന്‍റെ മുഖമായിരുന്നു ട്രാമുകൾ. കറുപ്പിലും വെളുപ്പിലും വിരിഞ്ഞ പഴയകാല സിനിമകളിൽ പശ്ചാത്തലത്തിൽ നീങ്ങുന്ന ട്രാമുകളെ എത്രവട്ടം കണ്ടിരിക്കുന്നു. കൊൽക്കത്തയിലെത്തുന്ന വിനോദസഞ്ചാരികളുടെ ആദ്യകൗതുകം കൊരുക്കുന്നതും ട്രാമുകളിൽ തന്നെ. ഇങ്ങനെ പല കാലഘട്ടങ്ങളിലൂടെ ഇഴഞ്ഞുനീങ്ങി ഇന്നലെ 150 വർഷം പൂർത്തിയാക്കി കൊൽക്കത്ത ട്രാം സർവീസ്. എന്നാൽ ഇന്ന് ഈ ട്രാക്കുകളിൽ ചരിത്രം കിതയ്ക്കുകയാണെന്നു തന്നെ പറയാം.

1873 ഫെബ്രുവരി ഇരുപത്തിനാലിനാണ് കൊൽക്കത്തയിൽ ആദ്യത്തെ ട്രാം സർവീസ് ആരംഭിച്ചത്. ആദ്യസർവീസിന്‍റെ അമരത്ത് കുതിരകളായിരുന്നു, കുതിര വലിക്കുന്ന ട്രാമുകൾ. പിന്നീട് ലണ്ടനിൽ രജിസ്റ്റർ ചെയ്യപ്പെട്ട കൽക്കട്ട ട്രാം വേ കമ്പനിയുടെ നേതൃത്വത്തിൽ സർവീസുകൾ തുടങ്ങി. 1882-ലാണു സ്റ്റീം എൻജിൻ പരിചയപ്പെടുത്തുന്നത്. പിന്നെ കാലത്തിനൊത്തുള്ള പരിഷ്കാരങ്ങളും, പഴയ മുഖവുമായി ട്രാം യാത്ര തുടർന്നു കൊണ്ടേയിരുന്നു. എന്നാൽ ആധുനിക യാത്രാസങ്കേതങ്ങളുടെ പുതിയ കാലത്ത് ട്രാമുകളുടെ അതിജീവനം അത്രയെളുപ്പമല്ല.

കൊൽക്കത്ത മഹാനഗരത്തിന്‍റെ ഏറ്റവും പഴയ കൂട്ടുകാരാണു ട്രാമുകൾ. ഒരു കാലത്തു 30 ട്രാം റൂട്ടുകളുണ്ടായിരുന്നു കൊൽക്കത്തയിൽ. പിന്നീടതു കുറഞ്ഞുവന്നു. ഇപ്പോൾ രണ്ടു റൂട്ടുകളിൽ മാത്രമാണു ട്രാം സർവീസ് നടത്തുന്നത്.

ട്രാമുകളെ തിരികെയെത്തിക്കണമെന്ന ആവശ്യവുമായി ട്രാം ആരാധകസംഘങ്ങളും ഇപ്പോൾ സജീവമായി രംഗത്തുണ്ട്. ഈ ആരാധകസംഘത്തിന്‍റെ നേതൃത്വത്തിലാണു കഴിഞ്ഞദിവസം 150-ാം വാർഷികാഘോഷങ്ങൾ നടന്നത്. പലപ്പോഴും പൈതൃകത്തിന്‍റെ പെരുമകൾ ചാർത്തി നൽകി ഒന്നോ, രണ്ടോ സർവീസിലേക്ക് ട്രാമുകളെ ഒതുക്കുകയാണ്. നഗരത്തിന്‍റെ പൊതുഗതാഗത മാർഗമായി ഉയർത്താൻ കഴിയുന്ന വിധമുള്ള വികസനം സാധ്യമാകണമെന്നതാണ് ട്രാം ലവേഴ്സിന്‍റെ പ്രധാന ആവശ്യം.

ഫെഡറേഷൻ കപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ന്യൂസ് ക്ലിക്ക് കേസ്: പുരകായസ്തയുടെ അറസ്റ്റ് അസാധുവാക്കി

അഭയ കൊലക്കേസിലെ പ്രതി ഫാ.തോമസ് കോട്ടൂരിന്‍റെ പെൻഷൻ പിൻവലിച്ചു

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതാ വ്ളോഗറെ അപമാനിച്ച പ്രതി പിടിയില്‍

കള്ളപ്പണം വെളുപ്പിക്കൽ: ഝാർഖണ്ഡ് മന്ത്രി അറസ്റ്റിൽ