ദുബായ്: മിഡിൽ ഈസ്റ്റ് -ആഫ്രിക്കൻ മേഖലയിലെ ഏറ്റവും വലിയ പാദരക്ഷ,തുകലുത്പന്ന വ്യാപാര പ്രദർശനത്തിന് ദുബായിൽ തുടക്കമായി. ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ ഫെസ്റ്റിവൽ അരീനയിലാണ് പ്രദർശനം നടക്കുന്നത്. ദുബായ് ഇന്‍റർനാഷനൽ ഫൂട് വേർ & ലെതർ പ്രൊഡക്റ്റ്സ് എക്സ്പോ (ഡിഫ്ലക്സ് 2024) ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ ഫെസ്റ്റിവൽ അരീനയിൽ ആരംഭിച്ചു.
പാദരക്ഷാ, തുകൽ ഉൽപ്പന്ന മേഖലയിൽ നിന്നുള്ള 50 ലധികം വ്യാപാരികൾ പങ്കെടുക്കുന്ന പ്രദർശനത്തിൽ 250 ലധികം പ്രശസ്ത ബ്രാന്‍റുകൾ 10,000ത്തിലധികം ഉൽപ്പന്ന ശ്രേണിയുമായാണ് എത്തിയിരിക്കുന്നത്. 300ലധികം പ്രമുഖ ക്രയശേഷിയുള്ള ബിസിനസ്സുകാരും മേളയിൽ സാന്നിധ്യമറിയിക്കുന്നുണ്ട്. 4,000ത്തിലധികം സന്ദർശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
ഇറ്റലി, പോർച്ചുഗൽ, ഈജിപ്ത്, സ്പെയിൻ, തായ് ലാൻഡ് പാക്കിസ്താൻ, യു.എ.ഇ, ജോർദാൻ, സിറിയ, തുർക്കി, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പാദരക്ഷാ, തുകൽ ഉൽപ്പന്ന ഹബ്ബുകളിലെ മുൻനിര പങ്കാളികൾ ഇത്തവണയും പ്രദർശനത്തിലുണ്ട്.
2030ഓടെ തുകൽ ഉൽപ്പന്ന കയറ്റുമതിയിൽ 13.70 ബില്യൻ ഡോളർ വിറ്റുവരവ് എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യയുടെ പ്രവർത്തനം. ഇന്ത്യയുടെ തുകൽ ഉൽപ്പന്ന- പാദരക്ഷാ വ്യവസായത്തിന് മിഡിൽ ഈസ്റ്റ്-ആഫ്രിക്കൻ (മിയ) വിപണികൾ വലിയ സാധ്യതകളാണ് തുറന്നു തരുന്നത് എന്ന് ഇന്ത്യൻ വാണിജ്യ മന്ത്രാലയത്തിലെ ലെതർ എക്സ്പോർട്ട് കൗൺസിൽ (എൽ. ഇ സി) എക്സിക്യൂട്ടിവ് ഡയറക്ടർ ആർ.സെൽവം ഐ.എ.എസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ രംഗത്തുള്ള ഇന്ത്യയുടെ വളർച്ചയിൽ ജി.സി.സി വിപണികൾ, വിശേഷിച്ചും യു.എ.ഇയും സൗദിയും മുഖ്യ പങ്കാളിത്തം വഹിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.
2024-'25 ധനകാര്യ വർഷാർധത്തിൽ ലെതർ, പാദരക്ഷ ഉൽപ്പന്നങ്ങളുടെ കയറ്റുമതി 2.45 ബില്യൻ ഡോളറാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
2023-‘24 കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള ഫൂട് വേർ-തുകൽ, തുകൽ ഉൽപ്പന്ന കയറ്റുമതി 4.69 ബില്യൻ ഡോളറായിരുന്നുവെന്നും, ഇന്ത്യയും യു എ ഇ യും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സേപ)
നിലവിൽ വന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ ലെതർ-ഫൂട് വേർ ഉൽപ്പന്നങ്ങളുടെ വിപണിശേഷി വലിയ വളർച്ച കൈവരിച്ചിട്ടുണ്ടെന്ന് ഡിഫ്ലക്സ് സംഘാടകരായ വെരിഫെയർ എം.ഡി ജീൻ ജോഷ്വ പറഞ്ഞു. അടുത്ത വർഷത്തെ ഡിഫ്ലക്സ് സെപ്റ്റംബർ മാസത്തിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ വാണിജ്യം,വ്യാപാരം,സാമ്പത്തികം എന്നീ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന കോൺസൽ ബി ജി കൃഷ്ണൻ,ബംഗ്ലാദേശ് കോൺസുലേറ്റിലെ വാണിജ്യ കാര്യത്തിന്‍റെ ചുമതലയുള്ള കോൺസൽ ആശിഷ് കുമാർ സർക്കാർ,താവോ ഡിസൈൻ സ്റ്റുഡിയോ ഡയറക്ടർ വികാസ് മഹ്താനി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.