ലെയ്നെ ഹോർവിച്ച്
ഇല്ലിനോയ്സ്: നൂറാം വയസിലേക്ക് കടന്നപ്പോഴാണ് ലെയ്നെ ഹോർവിച്ചിന് സ്തനാർബുദം സ്ഥിരീകരിച്ചത്. ഒരു വർഷത്തിനുള്ളിൽ അസുഖത്തെ പടിക്കു പുറത്താക്കി അതിജീവനത്തിന്‍റെ മറ്റൊരു മാതൃകയാകുകയാണീ അമേരിക്കക്കാരി. ക്യാൻസർ ആദ്യ സ്റ്റേജിലായിരുന്നതിനാൽ ചികിത്സ ഫലം കാണുകയായിരുന്നു. പ്രായമായതു കൊണ്ടു മാത്രം അസുഖത്തിന് കീഴടങ്ങില്ലെന്ന് ഉറപ്പിച്ചിരുന്നുവെന്ന് ലെയ്നെ പറയുന്നു. ഒരു തരത്തിൽ പക്ഷാഘാതമോ ഹൃദയാഘാതമോ വരാതിരുന്നതിൽ താൻ സന്തോഷവതിയാണെന്നും അവർ പറയുന്നു. 92 വയസ്സു വരെ ലെയ്നെ ടെന്നീസ് കളിച്ചിരുന്നു. അതു കൊണ്ടൊക്കെയാകാം ഇത്രയേറെ ആയുസ് കിട്ടിയതെന്നാണ് ലെയ്നെയുടെ വിശ്വാസം.
നൂറ് വയസുള്ള സ്ത്രീക്ക് ക്യാൻസർ സ്ഥിരീകരിച്ചപ്പോൾ വേണമെങ്കിൽ അവർക്ക് ചികിത്സ എടുക്കാതെ ഇരിക്കാമായിരുന്നു. ചികിത്സ ചെയ്യാതിരിക്കാം, മരുന്ന് കഴിച്ച് ക്യാൻസർ പടരാതെ തടയാം, ശസ്ത്രക്രിയ ചെയ്ത് ക്യാൻസർ നീക്കം ചെയ്യാം ഇങ്ങനെ മൂന്ന് സാധ്യതകളാണ് ലെയ്നെയുടെ കാര്യത്തിൽ മുന്നോട്ടു വച്ചിരുന്നുവെന്ന് ഡോക്റ്റർ കാതറിൻ പെക്സെ പറയുന്നു. പക്ഷേ ലെയ്നെ തെരഞ്ഞെടുത്തത് ശസ്ത്രക്രിയയായിരുന്നു.
അതോടെ കീമോതെറാപ്പി, റേഡിയേഷൻ എന്നിവയൊന്നും ചെയ്യാതെ തന്നെ ക്യാൻസർ ഇല്ലാതാക്കിയെന്ന് ഡോക്റ്റർ. മൂന്നുമുക്കളും 7 പേരക്കുട്ടികളുമാണ് ലെയ്നെക്കുള്ളത്.