'മരണമെത്തുന്ന നേരം...' ശരീരം നൽകുന്ന 6 സൂചനകൾ

 
Health

'മരണമെത്തുന്ന നേരം...' ശരീരം നൽകുന്ന 6 സൂചനകൾ

ഓരോരുത്തരും തങ്ങളുടെ നഷ്ടം കൈകാര്യം ചെയ്യുന്ന രീതി വ്യത്യസ്തമായിരിക്കും എന്നു മനസിലാക്കുക. ദുഃഖിക്കാൻ ശരിയോ തെറ്റോ ആയ വഴികളില്ല!

മരണം- ക്ഷണിക്കപ്പെടാതെ രംഗപ്രവേശം ചെയ്യുന്ന കോമാളി. പ്രിയപ്പെട്ട ഒരാളുടെ അവസാന നിമിഷങ്ങൾ നേരിടുക എന്നത് ജീവിതത്തിൽ വൈകാരികമായി ഏറ്റവും വെല്ലുവിളി നിറഞ്ഞ അനുഭവങ്ങളിലൊന്നായിരിക്കും. ഒരാൾ ജീവിതത്തിന്‍റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ശരീരം അതു മുൻകൂട്ടി മനസിലാക്കാൻ സഹായിക്കുന്ന ചില രീതികൾ പ്രകടിപ്പിക്കാന്‍ തുടങ്ങും.

ഇത്തരത്തിലുള്ള 6 പ്രധാന സൂചനകൾ, മരണത്തോട് അടുക്കുമ്പോൾ അവസാന മണിക്കൂറുകളിൽ എന്താണ് സംഭവിക്കുന്നത്, ഈ സമയങ്ങളിൽ അവർക്ക് എങ്ങനെ പിന്തുണ നൽകാം എന്നെല്ലാം മനസിലാക്കാം....

1. വിശപ്പും ദാഹവും കുറയും: മരണത്തിന് ദിവസങ്ങളോ, ആഴ്ചകളോ മുൻപ് ശരീരം നൽകുന്ന ആദ്യ സൂചനയാണിത്. ശരീരത്തിന്‍റെ മറ്റ് പ്രവർത്തനങ്ങൾക്കായി ഊർജം സംരക്ഷിക്കുന്നതിനാലോ, പ്രവർത്തിക്കാൻ കൂടുതൽ ഊർജം ആവശ്യമില്ലാത്തപ്പോഴോ ആണ് ഇത് സംഭവിക്കുന്നത്. ഇതോടൊപ്പം ദഹനവ്യവസ്ഥയും മന്ദഗതിയിലാകുന്നു. ചില സമയങ്ങിൽ ഭക്ഷണം കഴിക്കുന്നത് പൂർണമായും നിർത്താം. ഈ സമയങ്ങളിൽ അവരെ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കാതിരിക്കുക എന്നതാണ് പ്രധാനം. പകരം, നനഞ്ഞ തുണി, ഐസ് ചിപ്പുകൾ, ലിപ് ബാം എന്നിവ ഉപയോഗിച്ച് ചുണ്ടുകളും വായയും വരളാതെ നിലനിർത്താന്‍ ശ്രമിക്കുക.

2. അമിത ഉറക്കവും പ്രതികരണമില്ലായ്മയും: ശരീരം മന്ദഗതിയിലാകുകയും ശേഷിക്കുന്ന ഊർജം ശരീരം സ്വയം സംരക്ഷിക്കുകയും ചെയ്യുന്നതിന്‍റെ ഫലമാണിത്. മരണത്തോടടുക്കുന്ന നാളുകളിൽ ചില വ്യക്തികൾ സെമി-കോമാറ്റോസ് (coma) അവസ്ഥയിലേക്ക് കടക്കാറുണ്ട്. ഈ സമയങ്ങളിൽ അവർ നിങ്ങളോട് പ്രതികരിക്കുന്നില്ലെങ്കിൽ കൂടിയും അവർക്ക് നിങ്ങളെ കേൾക്കാനാകും. അതിനാൽ അവരുടെ കൈകൾ പിടിച്ച് ആശ്വാസം പകരുക. സൗമ്യമായി സംസാരിക്കുന്നതോ ശാന്തമായ സംഗീതം കേൾപ്പിക്കുന്നതോ ഇത്തരക്കാർക്ക് ആശ്വാസകരമായിരിക്കും.

3. ശ്വസനരീതികളിലെ മാറ്റം: ശ്വസനം വേഗത്തിലോ, ക്രമരഹിതമായതോ, ആഴമില്ലാത്തതോ, ചില സമയങ്ങളിൽ നീണ്ട ഇടവേളകൾ (Cheyne-Stokes breathing) ഉള്ളതോ ആകും. ഇതെല്ലാം ശരീരം മരണത്തോട് അടുക്കുന്നതിനു മുന്‍പുള്ള സൂചനകളാണ്. ചില സമയങ്ങളിൽ ഇവർ വളരെ ഉറക്കെ ഗർജനമോ ഞരക്കമോ പോലുള്ള ശബ്ദങ്ങൾ ഉണ്ടാക്കിയേക്കും. ഇവ കേൾക്കാൻ അസ്വസ്ഥതയുണ്ടാക്കുമെങ്കിലും, ഇത് അവർക്ക് വേദനാജനകമല്ല. ഈ സമയങ്ങളിൽ ഇവരുടെ സ്ഥാനം ക്രമീകരിക്കുകയോ നിർദേശിച്ച മരുന്നുകൾ കൃത്യമായി ഉപയോഗിക്കുകയോ ചെയ്യുന്നത് ശ്വസനം എളുപ്പമാക്കും.

4. ആശയക്കുഴപ്പവും അസ്വസ്ഥതയും: പരസ്പരവിരുദ്ധമായി സംസാരിക്കും, സ്ഥലകാല ബോധം നഷ്ടമാവും, പരിചിതരായ ആളുകളെ പോലും തിരിച്ചറിയാൻ ബുദ്ധിമുട്ടും. എന്നാൽ, ഇതെല്ലാം സാധാരണമാണ്. രക്തസമ്മർദം, ഓക്സിജന്‍റെ അളവിലോ മരുന്നുകളിലോ വന്ന മാറ്റങ്ങൾ മൂലമാകാം ഇത്. ഈ സമയങ്ങളിൽ ഉത്കണ്ഠ കുറയ്ക്കുന്നതിന് ഇവരെ സമാധാനിപ്പിക്കുക. കാര്യങ്ങൾ ശാന്തമായി ആവർത്തിക്കുകയും വിശദീകരിക്കുകയും ചെയ്യുക.

5. ഹാലുസിനേഷന്‍: ആവസാന നിമിഷങ്ങളിൽ ചില ആളുകൾ മരിച്ചുപോയ പ്രിയപ്പെട്ടവരെയും ആത്മാക്കളെയും മാലാഖമാരെയുമൊക്കെ കണ്ടു എന്ന് പറയും. ഈ സമയങ്ങളിൽ അവരുമായി തർക്കിക്കുകയോ തിരുത്തുകയോ ചെയ്യാതെ, സമാധാനമായി അവരുടെ കാഴ്ചയുമായി ഭാഗമാവുക എന്നതാണ് അഭികാമ്യം.

6. തണുത്തതോ മങ്ങിയതോ ആയ ചർമം: ശരീരത്തിൽ രക്തയോട്ടം കുറയുന്നതോടെ, പ്രത്യേകിച്ച് കൈകളും കാലുകളും തണുത്തതോ നീലനിറം കലർന്നതോ ആയി കാണാനാകും. അവർക്ക് ഈ തണുപ്പ് അനുഭവപ്പെടില്ലെങ്കിലും, മൃദുവായതോ കട്ടികുറഞ്ഞതോ ആയ പുതപ്പ് കൊണ്ട് പുതയ്ക്കുന്നത് ആശ്വാസമാവും.

അവസാന നിമിഷങ്ങൾ

അവസാന മണിക്കൂറുകളിൽ ശരീരം പൂർണമായും പ്രവർത്തനം അവസാനിപ്പിക്കുന്ന അവസ്ഥയിലേക്ക് കടക്കുന്നു. ശ്വസനം വളരെ മന്ദഗതിയിലാകുകയോ ദീർഘനേരം നിലയ്ക്കുകയോ ചെയ്യാം. കണ്ണുകൾ തുറന്നിരിക്കുമെങ്കിലും നോട്ടം വ്യക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവില്ല. ഹൃദയമിടിപ്പ്, ശ്വസനം, പേശികളുടെ ചലനം എന്നിവയുടെ അഭാവത്തിലൂടെയാണ് മരണം സ്ഥിരീകരിക്കുന്നത്. അല്ലെങ്കിൽ ഒരു അവസാന നെടുവീർപ്പോടെ മരണം പുണർന്നേക്കാം....

കൂടെയുള്ളവർ ഈ സമയത്ത് ആ യാഥാർഥ്യത്തെ ഉൾക്കൊള്ളാനും അവർക്കു വിടനൽകാനും സാഹചര്യം മനസിലാക്കുന്നതിനും സമയമെടുക്കുക. വേർപാട് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ദുഃഖം അത്രയേറെ ആഴത്തിലുള്ളതായിരിക്കും. ഓരോരുത്തരും അവരുടെ നഷ്ടം കൈകാര്യം ചെയ്യുന്ന രീതി വ്യത്യസ്തമായിരിക്കും - ചിലർ കരയും, ചിലർ മരവിപ്പിലായിരിക്കും, ചിലർക്ക് ദേഷ്യം തോന്നും... ദുഃഖിക്കാൻ ശരിയോ തെറ്റോ ആയ വഴികളില്ല. വേർപാടിന്‍റെ വേദന ശാരീരികമായും വൈകാരികമായും പ്രകടമാകാം. ക്ഷീണം, ദുഃഖം, കുറ്റബോധം എന്നിവ ഉൾപ്പെടെയുള്ളവ സ്വാഭാവികമാണ്. അതിനാൽ നിങ്ങൾ നിങ്ങളോട് തന്നെ സൗമ്യത പുലർത്തുക. സ്വയം സമയമെടുക്കുക. സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ ആശ്രയിക്കാൻ മടിക്കാതിരിക്കുക. ഈ വിയോഗത്തിൽ നിങ്ങൾക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് മനസിലാക്കുക. അവരുടെ അവസാന നിമിഷങ്ങളിൽ ഒപ്പം നിൽക്കാനും ആശ്വാസം നൽകാനും, സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാനും കഴിഞ്ഞു എന്നതിൽ ആശ്വാസം കണ്ടെത്തുക. ‌

പ്രിയപ്പെട്ടവരുടെ വിടവാങ്ങൽ വേദനിപ്പിക്കുമെന്നത് ശരിയാണ്; എന്നാൽ അവരോടുള്ള നിങ്ങളുടെ സ്നേഹം മരണത്തിനതീതമാണ് എന്നു മനസിലാക്കുക...!!

കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കും നേരേ വീണ്ടും ആക്രമണം; പിന്നിൽ 70 ഓളം ബജ്റംഗ്ദൾ പ്രവർത്തകർ

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കൽ; വീണ്ടും ചർച്ച തുടങ്ങി

കപില്‍ ശര്‍മയുടെ ക്യാനഡയിലെ കഫെയ്ക്കു നേരേ വീണ്ടും വെടിവയ്പ്പ്

കസ്റ്റഡിയിലെടുത്ത പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചത് ഭാര്യ; രണ്ടു പേരും പിടിയിൽ

601 ഡോക്റ്റർമാർക്കെതിരേ ആരോഗ്യ വകുപ്പിന്‍റെ നടപടി