ദക്ഷിണ കൊറിയൻ ഗായിക ഹന
വേദിയിൽ പാട്ടുപാടുന്നതിനിടെ കാണികൾക്ക് മുന്നിൽ കുഴഞ്ഞു വീണ് ദക്ഷിണ കൊറിയൻ ഗായിക ഹന. മക്കാവുവിൽ നടന്ന വാട്ടർബോംബ് 2025 സംഗീതോത്സവത്തിനിടെയായിരുന്നു സംഭവം. ഗാനം ആലപിക്കുന്നതിനിടെ ഹന പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ ഗായികയുടെ ആരോഗ്യം സംബന്ധിച്ച് ആശങ്കകൾ ഉയർന്നു.
ഒരു മാസത്തിനിടെ ഹന 10 കിലോ ഭാരം കുറച്ചിരുന്നു. പെട്ടെന്ന് ഭാരം കുറച്ചതുമൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളായിരിക്കാം കുഴഞ്ഞു വീഴാൻ കാരണമായത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സംഭവത്തിനു പിന്നാലെ ഗായിക ആരാധകരോട് മാപ്പ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും തന്‍റെ പെരുമാറ്റം ഒട്ടും പ്രൊഫഷണൽ അല്ലായിരുന്നെന്നുമാണ് കുറിച്ചത്. അതിനിടെ ഗായിക വേദിയിൽ കുഴഞ്ഞു വീഴുന്നതിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പാട്ട് പാടി ഡാൻസ് കളിക്കുന്നതിനിടെ നടി പെട്ടെന്ന് തളർന്നു വീഴുകയായിരുന്നു. പിന്നാലെ സുരക്ഷാ ജീവനക്കാർ സ്റ്റേജിൽ നിന്ന് ഗായികയെ മാറ്റുകയായിരുന്നു.
വിവാഹശേഷം ഹനയ്ക്ക് ശരീരഭാരം വർധിച്ചിരുന്നു. ഇതോടെ ഗായിക ഗർഭിണിയാണ് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നു. ഇതോടെയാണ് കടുത്ത ഡയറ്റെടുക്കാൻ ഹനയെ പ്രേരിപ്പിച്ചത്. ഒക്റ്റോബർ 3 മുതലാണ് ഹന ഡയറ്റെടുത്തത്. നവംബർ 4ന് തന്‍റെ ശരീരഭാരം 10 കിലോ കുറഞ്ഞതായി താരം പ്രഖ്യാപിച്ചു. എന്നാൽ ലക്ഷ്യത്തിലേക്ക് എത്തിയിട്ടില്ലെന്നും അതിനാൽ ഡയറ്റ് തുടരുമെന്ന് താരം വ്യക്തമാക്കുകയായിരുന്നു. എന്നാൽ റാപ്പിഡ് വെയിറ്റ് ലോസ് അപകടകരമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പലരും രംഗത്തെത്തിയിരുന്നു.
റാപ്പിഡ് വെയിറ്റ് ലോസ്
ആഴ്ചയിൽ അരക്കിലോയിൽ കൂടുതൽ ശരീരഭാരം കുറയുന്നതിനെയാണ് റാപ്പിഡ് വെയിറ്റ് ലോസ് എന്ന് പറയുന്നത്. പെട്ടെന്ന് മെലിയുക എന്ന ഉദ്ദേശത്തോടെ നിരവധി പേരാണ് ഈ രീതി പിന്തുടരുന്നത്. പലപ്പോഴും ഇത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക. പെട്ടെന്ന് ഭാരം കുറയ്ക്കാനായി വളരെ കുറവ് കലോറി മാത്രം അടങ്ങുന്ന ഭക്ഷണക്രമമാണ് പിന്തുടരുന്നത്. ഇത് പേശികളുടെ നഷ്ടം, പിത്താശയക്കല്ലുകൾ, പോഷകക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ശരീരഭാരം വേഗത്തിൽ കുറയ്ക്കുന്നത് പോഷകങ്ങളുടെ അസന്തുലിതാവസ്ഥയ്ക്കും ക്ഷീണത്തിനും കാരണമാകും.