അടപതിയൻ കിഴങ്ങിന്‍റെ പൂവ്
file photo
കേരളത്തിലും മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും കാണപ്പെടുന്ന ഔഷധ സസ്യമാണ് അടപതിയൻ കിഴങ്ങ്. പയസ്വിനി, അർക്ക പുഷ്പി, നാഗവല്ലി എന്നെല്ലാം ഇതിനു പേരുണ്ട്. നേത്ര രോഗ ചികിത്സയിൽ അരുമയായ ഔഷധിയാണിത്. ശരീരത്തിന്‍റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും ഇത് ഉപയോഗിക്കുന്നു.
അടപതിയൻകിഴങ്ങ് പാലിൽ തിളപ്പിച്ച് വെയിലത്ത് ഉണക്കി പൊടിച്ച് ദിവസവും ആറു ഗ്രാം അളവിൽ പാലിൽ ചേർത്തു കഴിച്ചാൽ ശരീരത്തിന് രോഗപ്രതിരോധ ശേഷി വർധിക്കും. നേത്ര രോഗങ്ങൾ ശമിക്കും. ശരീരത്തിലെ പോഷകാഹാരക്കുറവ് നികത്തും.
അടപതിയൻ കിഴങ്ങ്
അടപതിയൻ കിഴങ്ങ്, പാൽ, തേൻ,പഞ്ചസാര എന്നിവയുടെ മിശ്രിതം സ്ഥിരമായി ഉപയോഗിക്കുന്നതും ശരീരത്തെ പുഷ്ടിപ്പെടുത്തും. ഈ സസ്യത്തിൽ ഹെൻട്രിയോകോണ്ടനോൾ, ആൽഫ അമറിൻ,സ്റ്റിഗ്മാസ്റ്ററോൾ, ബീറ്റാ-സിറ്റോസ്റ്ററോൾ, ഫ്ലേവനോയിഡുകൾ, ഡയോസ്മെറ്റിൻ, ല്യൂട്ടോലിൻ തുടങ്ങിയ ഫൈറ്റോകോൺസ്റ്റിറ്റ്യുമെന്‍റുകൾ അടങ്ങിയിരിക്കുന്നു.
ഒഫ്താൽമോപ്പതി അഥവാ കൈറ്റിസ്, ചുമ, വയറുവേദന, മലബന്ധം, പനി, ത്രിദോഷങ്ങൾ എന്നിവയുടെ ചികിത്സയിൽ ഇവയുടെ കിഴങ്ങ് ഏറെ ഉപയോഗപ്രദമാണ്. രോഗപ്രതിരോധത്തിനു സഹായിക്കുന്ന ഒരു പുനരുജ്ജീവന ഔഷധം കൂടിയാണ് ഈ വേര്.
ആന്‍റി ഓക്സിഡന്‍റായും ഹെപ്പറ്റോ-പ്രൊട്ടക്റ്റീവായും ആന്‍റി വൈറൽ, ആന്‍റി ബാക്റ്റീരിയൽ ആയും ഇത് ഉപയോഗിക്കുന്നു. കൂടാതെ ഡൈയൂററ്റിക്, വേദന സംഹാരി, ഇമ്യൂണോമോഡുലേറ്ററി, പ്രമേഹ ശമന ആവശ്യങ്ങൾക്കായും അടപതിയൻ കിഴങ്ങ് ഉപയോഗിക്കുന്നു. ശരീര വീക്കങ്ങൾക്കെതിരെയും അലർജിക്കെതിരെയും പ്രവർത്തന ക്ഷമമാണ് അടപതിയൻ കിഴങ്ങ്.
നിശാന്ധതയ്ക്കും വിവിധ ചർമ രോഗങ്ങൾക്കും ചർമത്തിലുണ്ടാകുന്ന വീക്കങ്ങൾക്കും മുറിവുകളുടെ ചികിത്സയ്ക്കും അടപതിയൻ ഏറെ നല്ലതാണ്. ഈ ചികിത്സയിൽ ബാഹ്യ ഉപയോഗമാണ് ആയുർവേദം നിർദേശിച്ചിരിക്കുന്നത്.ഈ ചെടിയുടെ ലായക സത്തിൽ ആന്‍റി ഓക്സിഡന്‍റും ആന്‍റി പ്രൊലിഫറേറ്റീവ് പ്രവർത്തനങ്ങളും ഉണ്ട്. ഇത്രയേറെ ഔഷധ ഗുണങ്ങളുള്ള ഈ സസ്യം നമുക്കും വീട്ടിൽ വളർത്താവുന്നതേയുള്ളു.