വണ്ണം കുറയ്ക്കാനുള്ള 'അദ്ഭുത' മരുന്നിന് നികുതി യുദ്ധത്തിൽ അടിതെറ്റും

 
Health

വണ്ണം കുറയ്ക്കാനുള്ള 'അദ്ഭുത' മരുന്നിന് നികുതി യുദ്ധത്തിൽ അടിതെറ്റും

പ്രമേഹം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഇതേ മരുന്ന് ഇന്ത്യയിൽ ഉൾപ്പെടെ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചു വരുന്നു

കരൺ ജോഹറും വിദ്യ ബാലനും കപിൽ ശർമയുമൊക്കെ ഇത്ര വേഗം വണ്ണം കുറച്ചതെങ്ങനെയെന്ന ചർച്ചയിലാണ് ബോളിവുഡ്. പലരുടെയും നിഗമനങ്ങൾ എത്തിനിൽക്കുന്നത് മൗഞ്ജാരോയും ഒസെംപിക്കും പോലുള്ള 'അദ്ഭുത' മരുന്നുകളിലാണ്.

യഥാർഥത്തിൽ പ്രമേഹ ചികിത്സയ്ക്ക് ഇൻസുലിൻ പോലെ ഉപയോഗിക്കുന്ന അലോപ്പതി മരുന്നാണിത്. അഞ്ച് മില്ലീഗ്രാമിന്‍റെ ഒരു ഷോട്ടിന് വില ഏകദേശം പതിനാറായിരം രൂപ വരും. ടൈപ്പ് 2 ഡയബറ്റിസ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഇതേ മരുന്ന് യുകെയിലും മറ്റും ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചു വരുന്നു.

കരൺ ജോഹറിന്‍റെ സ്ലിം ലുക്കാണ് ഒസെംപിക്കിന് ഇപ്പോൾ ഇന്ത്യയിൽ ഇത്ര വാർത്താ പ്രാധാന്യം നേടിക്കൊടുത്തിരിക്കുന്നത്. താനീ മരുന്ന് കഴികുന്നതായി കരൺ ജോഹറോ വിദ്യ ബാലനോ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, മെലിച്ചിലിന്‍റെ കാരണം തേടിപ്പോയ പലരും ഒസെംപിക്കിനെക്കുറിച്ച് ഉപന്യാസങ്ങൾ തന്നെ എഴുതിക്കഴിഞ്ഞു.

ഏതായാലും, ഇതു വാങ്ങി പെട്ടെന്നങ്ങു വണ്ണം കുറച്ചേക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, ആ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തുകയാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ചിരിക്കുന്ന നികുതി യുദ്ധം.

മരുന്ന നിർമാണ മേഖലയ്ക്കു മേൽ ഉടൻ കടുത്ത നികുതി ചുമത്തുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം വന്നു കഴിഞ്ഞു. യുഎസിൽ മരുന്ന് നിർമാണം വർധിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന് ആവശ്യമുള്ള ആന്‍റിബയോട്ടിക്കുകൾ പോലും യുഎസിൽ ഇപ്പോൾ ഉണ്ടാക്കുന്നില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. ചൈനയിൽ നിർമിക്കുന്ന മരുന്നുകളാണ് യുഎസിലേക്ക് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. നികുതി വർധിപ്പിച്ചാൽ ഇറക്കുമതി കുറയുമെന്നും ആഭ്യന്തര ഉത്പാദനം വർധിക്കുമെന്നുമാണ് ട്രംപിന്‍റെ വാദം.

യുഎസ് അടക്കം മിക്ക രാജ്യങ്ങളും വർഷങ്ങളായി മരുന്നുകൾക്കു മേൽ ഇറക്കുമതിച്ചുങ്കം പരമാവധി കുറച്ച് മാത്രമാണ് ചുമത്താറുള്ളത്. 1995ൽ ലോക വ്യാപാര സംഘടന (World Trade Organisation - WTO) മുന്നോട്ടുവച്ച നയമാണിത്. എല്ലാവർക്കും താങ്ങാവുന്ന ചെലവിൽ ആരോഗ്യ പരിപാലനം എന്ന വിശാല ലക്ഷ്യം ഇതിനു പിന്നിലുണ്ടായിരുന്നു.

ഈ നയത്തിൽനിന്നുള്ള ട്രംപിന്‍റെ വ്യതിചലനം ഒസെംപിക്കിനെയും ബാധിക്കുമെന്ന് ഉറപ്പാണ്. മസ്കിന്‍റെ അടുത്ത ശിങ്കിടിയായ ഉപദേശകൻ ഇലോൺ മസ്ക് തന്നെ ഈ മരുന്ന് താൻ ഉപയോഗിക്കുന്നുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.

മരുന്നുകൾക്കു മേൽ നികുതി വർധിപ്പിക്കാനുള്ള ട്രംപിന്‍റെ പ്രഖ്യാപനം നടപ്പാകുന്നതോടെ ഒസെംപിക്കിന്‍റെയും മൗഞ്ജാരോയുടെയും ലഭ്യത കുറയുകയും വില ഇനിയും വർധിക്കുകയും ചെയ്യും. പല രാജ്യങ്ങളിലും മരുന്ന് കിട്ടാതെ വരുമെന്നും ബ്രിട്ടിഷ് ഫാർമസ്യൂട്ടിക്കൽ മേഖലയിലുള്ളവർ പറയുന്നു.

യുകെയിലും യുഎസിലുമായി ഇപ്പോൾ രണ്ട് കോടിയോളം ആളുകൾ ശരീരഭാരം കുറയ്ക്കുന്നതിന് ഈ മരുന്നുകൾ ഉപയോഗിച്ചു വരുന്നു. ചുരുങ്ങിയ സമയം കൊണ്ട് 20 ശതമാനം വരെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നവയാണ് ഈ മരുന്നുകൾ. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ പാർശ്വഫലങ്ങൾ ഇവയ്ക്കില്ലെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. മലബന്ധം, ക്ഷീണം, തലവേദന, തളർച്ച, മുടികൊഴിച്ചിൽ തുടങ്ങി താരതമ്യേന ഗുരുതരമല്ലാത്ത പാർശ്വഫലങ്ങൾ മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ബോഡി മാസ് ഇൻഡക്സ് (BMI) ഏറ്റവും കുറഞ്ഞത് 35 എങ്കിലും ഉള്ളവർക്കു മാത്രമേ ഈ മരുന്ന് നിർദേശിക്കാവൂ എന്നാണ് പൊതു നിർദേശം. പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഇത് വിൽക്കുന്നത് മിക്ക രാജ്യങ്ങളിലും കുറ്റകരവുമാണ്.

അയ്യപ്പസംഗമം: യുഡിഎഫിൽ അഭിപ്രായഭിന്നത

തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യൻ താരിഫ് യുഎസിനെ കൊല്ലുന്നു: ട്രംപ്

ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങും

അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്; ലോകത്ത് ഇതാദ്യം