കൊട്ടാരക്കരയിലും പരിസരത്തും മിക്ക വീടുകളിലും വിശേഷാവസരങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ഉണ്ണിയപ്പം. കൊട്ടാരക്കര ഗണപതിക്കു നേദിക്കുന്ന ഉണ്ണിയപ്പത്തിൽനിന്നുരുത്തിരിഞ്ഞ ഭക്ഷ്യ സംസ്കാരം. തിരുവല്ലയില്‍നിന്നു പ്രത്യേകം തയാറാക്കി കൊണ്ടുവരുന്ന പനിയന്‍ ശര്‍ക്കരയും വെളിച്ചെണ്ണയും നെയ്യും സമാസമം ചേര്‍ത്ത് ഉണ്ണിയപ്പമുണ്ടാക്കുമ്പോള്‍ പണ്ടൊക്കെ കിലോമീറ്ററുകളോളം സുഗന്ധം പരക്കുമായിരുന്നത്രെ. ഇന്നു സുഗന്ധം പരക്കുന്ന പ്രദേശങ്ങളുടെ വ്യാപ്തി കുറഞ്ഞെങ്കിലും ഉണ്ണിയപ്പത്തിന്‍റെ കീര്‍ത്തി പല പല മടങ്ങ് വ്യാപിച്ചിട്ടുണ്ട്.
തിരുപ്പതി ലഡ്ഡു, അമ്പലപ്പുഴ പാൽപ്പായസം, ശബരിമല അരവണ... അങ്ങനെ ഏറ്റവും പ്രസിദ്ധമായ പ്രസാദങ്ങളിൽപ്പെടും കൊട്ടാരക്കര ഗണപതിക്കു നേദിക്കുന്ന ഉണ്ണിയപ്പവും.
അരിപ്പൊടിയും ശര്‍ക്കരപ്പാനിയും ചുക്ക്‌പൊടിയും ഏലക്കാപ്പൊടിയും പാളയംതോടന്‍ പഴവും നാളികേരവും നെയ്യുമാണ് ഉണ്ണിയപ്പത്തിന്‍റെ ചേരുവകള്‍. ഇതിന്‍റെ അളവുകള്‍ പുറത്തുപറയാറില്ല. വെളിച്ചെണ്ണയിലാണ് അപ്പം ചുടുന്നത്, ചുട്ടെടുത്ത അപ്പത്തിനു മുകളില്‍ പഞ്ചസാര തൂവും. ഗണപതി നടയിലെ തിടപ്പള്ളിയില്‍ ദേവനു കാണാവുന്ന വിധത്തിലാണ് ഉണ്ണിയപ്പമുണ്ടാക്കുന്നത്. 36 കുഴിയുള്ള എട്ട് അപ്പക്കാരകളിലായി ഒരേ സമയം 288 ഉണ്ണിയപ്പം ചുടും. ഉദയാസ്തമയ പൂജയുള്ള ദിവസങ്ങളില്‍ ഉദയം മുതല്‍ അസ്തമയം വരെ ഉണ്ണിയപ്പം ചുട്ട് നേദിക്കും.
കുട്ടികളുണ്ടാകാന്‍ കൊട്ടാരക്കര തമ്പുരാന്‍ നേര്‍ന്ന ഒരു വഴിപാടുമായി ബന്ധപ്പെട്ട് തുടങ്ങിയ ആചാരമാണിത്. മകനുണ്ടായാല്‍ ഉണ്ണി ഗണപതിയെ ഉണ്ണിയപ്പം കൊണ്ടു മൂടാമെന്നായിരുന്നു പെരുന്തച്ചനെ സാക്ഷിയാക്കി തമ്പുരാന്‍ നേര്‍ന്ന വഴിപാട്. കുട്ടി ജനിച്ചപ്പോള്‍ തമ്പുരാന്‍ വഴിപാട് നടത്താനെത്തി. പക്ഷേ, ഉണ്ണിയപ്പം എത്ര ചുട്ടെടുത്തിട്ടും ഗണപതിയെ മൂടാന്‍ തികയുന്നില്ല. അങ്ങനെയാണ് ഉദയം മുതല്‍ അസ്തമയം വരെ അപ്പം ചുട്ട് നേദിക്കാമെന്നു പ്രാര്‍ഥിക്കുന്നത്. അതോടെ തുടങ്ങിയതത്രെ കൊട്ടാരക്കരയിലെ ഉദയാസ്തമയ പൂജ.
കൊട്ടാരക്കര ഗണപതിയുടെയും ഉണ്ണിയപ്പത്തിന്‍റെയും ഐതിഹ്യം
കിഴക്കോട്ട് ദര്‍ശനമായി ശിവനും പടിഞ്ഞാറോട്ട് ദര്‍ശനമായി പാര്‍വതിയുമുള്ള കൊട്ടാരക്കരയിലെ ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത് ഉപദേവതയായ മകന്‍റെ പേരിലാണ്. അതാണ് കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രം. പഴവങ്ങാടി, മധൂര്‍, മള്ളിയൂര്‍, പമ്പ എന്നിവയ്‌ക്കൊപ്പം കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഗണപതീക്ഷേത്രങ്ങളിലൊന്നാണിത്.
പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ക്ഷേത്രത്തിന്‍റെ ഐതിഹ്യം. സാക്ഷാല്‍ പെരുന്തച്ചനായിരുന്നു നിര്‍മാണച്ചുമതല. ഓരോ ദിവസവും പണി തുടങ്ങുമ്പോള്‍ മുറ്റത്തു കിടക്കുന്ന പ്ലാവിന്‍ തടിയില്‍ ഒരു ഗണപതിക്കൊത്ത് കൊത്തും തച്ചന്‍. ക്ഷേത്രം പൂര്‍ത്തിയായപ്പോഴേക്കും ഈ പ്ലാവിന്‍ തടി മനോഹരമായൊരു ഉണ്ണി ഗണപതി വിഗ്രഹവുമായി മാറി. ഗണപതിയെക്കൂടി അവിടെ പ്രതിഷ്ഠിക്കണമെന്ന് തച്ചന് മോഹം. പക്ഷേ, തച്ചന്‍ കൊത്തിയാല്‍ മതി, ഭാരിച്ച കാര്യങ്ങളൊന്നും അന്വേഷിക്കണ്ട, അതിനിവിടെ ജ്ഞാനമുള്ള മറ്റാളുകളുണ്ട് എന്ന ഭാവമായിരുന്നു അന്നത്തെ ബ്രാഹ്മണ മേധാവിത്വത്തിന്.
അങ്ങനെയാണ് ഉണ്ണി ഗണപതിയെയുമെടുത്ത് തച്ചന്‍ കിഴക്കേക്കര ക്ഷേത്രത്തിലേക്കു പോകുന്നത്. അവിടെ പ്രതിഷ്ഠിക്കാന്‍ അനുവാദവും കിട്ടി. ശ്രീകോവിനു പുറത്ത് തെക്കോട്ട് ദര്‍ശനമായി ഉപദേവതാ പ്രതിഷ്ഠ നടത്തിയത് പെരുന്തച്ചന്‍ തന്നെയാണെന്നാണ് വിശ്വാസം.
പ്രതിഷ്ഠ നടത്തിക്കഴിഞ്ഞ് തൃപ്തനായ തച്ചന്‍ പറഞ്ഞു, ''ഇവിടെ മകന്‍ അച്ഛനെക്കാള്‍ പ്രസിദ്ധനാകും''. അതേ കിഴക്കേക്കര, മണികണ്‌ഠേശ്വരം ശിവക്ഷേത്രമാണ് ഇന്നു കൊട്ടാരക്കര ഗണപതീ ക്ഷേത്രമെന്ന പേരില്‍ അറിയപ്പെടുന്നത്.
ക്ഷേത്രപ്രതിഷ്ഠയുമായി തന്നെ ചേര്‍ന്നു കിടക്കുന്നതാണ് പ്രധാന നിവേദ്യമായ ഉണ്ണിയപ്പവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യവും. കിഴക്കേക്കരയില്‍ ഗണപതി പ്രതിഷ്ഠിക്കാന്‍ തച്ചനെത്തുമ്പോള്‍ അവിടെ ശിവന് കൂട്ടപ്പമുണ്ടാക്കുകയായിരുന്നു. ഇതു തന്നെയാണ് ഉണ്ണി ഗണപതിക്കും ആദ്യം നിവേദിക്കുന്നത്. പില്‍ക്കാലത്ത് ഗണപതിക്കുള്ള പ്രധാന നിവേദ്യമായി ഇതു മാറുകയും ചെയ്തു.