ഇതു സ്ത്രീപ്രിയം..! യുഡിഎഫ് സർക്കാരിന്‍റെ പ്രഖ്യാപനത്തിന്‍റെ ഭാഗമായി സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന കെഎസ്ആർടിസി ഓര്‍ഡിനറി ബസുകളില്‍ 'പ്രിയദർശനി സ്ത്രീ സൗജന്യ യാത്ര' എന്ന് തിരുവനന്തപുരം പാപ്പനംകോട് സെൻട്രൽ വർക്സിൽ എഴുതുന്ന പെയിന്‍റർ കിളിമാനൂർ സ്വദേശി വിശാലി.
കെ.ബി. ജയചന്ദ്രൻ
തിരുവനന്തപുരം: യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഇന്ദിര ഗ്യാരന്‍റിയുടെ ഭാഗമായി പുതിയ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് തുടക്കമാകുന്നു. ഓര്‍ഡിനറി ബസുകളില്‍ ആദ്യം ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തമ്പാനൂര്‍ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിര്‍വഹിക്കുന്നത്.
ഉദ്ഘാടന സര്‍വീസിന്‍റെ ഡ്രൈവറും കണ്ടക്റ്ററും വനിതകളാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ആ ബസില്‍ സെക്രട്ടേറിയറ്റ് വരെ യാത്ര ചെയ്യും. പിന്നാലെ എല്ലാ ഓര്‍ഡിനറി ബസുകളിലും 'പ്രിയദര്‍ശിനി പദ്ധതി' പ്രകാരം സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമാകും.
3,125 ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചിരിക്കുന്നത്. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി, പോയിന്‍റ് ടു പോയിന്‍റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യം.
ഈ ബസുകളുടെ മുമ്പിലും സൈഡിലും 'പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര' എന്ന് എഴുതി. തിരുവനന്തപുരം നഗരത്തിലെ സിറ്റി ഫാസ്റ്റുകളില്‍ സൗജന്യ യാത്രയില്ല. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിനാല്‍ വിദ്യാര്‍ഥിനികള്‍ക്ക് ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി കണ്‍സഷന്‍ ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്രയ്ക്ക് സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായവും മാനദണ്ഡമല്ല. സ്ത്രീകള്‍ പഴയതുപോലെ തന്നെ ടിക്കറ്റ് എടുക്കണം, എന്നാല്‍ അതിനു പണം നല്‍കേണ്ടതില്ല. ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര കുറ്റകരമാണ്. ടിക്കറ്റ് എടുത്തില്ലെങ്കില്‍ 500 രൂപ പിഴ നല്‍കേണ്ടി വരും.